ആലപ്പുഴ: ഇടതുപക്ഷ അദ്ധ്യാപക സംഘടനകളുടെ സംസ്ഥാന സമ്മേളനം അടുത്തടുത്ത ദിവസങ്ങളില്‍ ആലപ്പുഴയില്‍, പിരിവില്‍ വലഞ്ഞ് അദ്ധ്യാപകരും, അനദ്ധ്യാപകരും. സമ്മേളന നടത്തിപ്പിന്റെ പേരില്‍ ഇരു സംഘടനകളുമായുണ്ടായ തര്‍ക്കം സിപിഎമ്മിനും, സിപിഐക്കും തലവേദനയായി.
അടുത്ത മാസത്തെ സമ്മേളനങ്ങളുടെ പേരില്‍ സിപിഎം അദ്ധ്യാപക സംഘടന കെഎസ്ടിഎക്കാരില്നിന്നു ഭീഷണിയുണ്ടെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയുവിന്റെ സംസ്ഥാന നേതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഫെബ്രുവരി അഞ്ചു മുതല്‍ എട്ടു വരെ ടൗണ്‍ഹാളിലാണ് എകെഎസ്ടിയു സമ്മേളനം. കെഎസ്ടിഎ സമ്മേളനം ഏഴു മുതല്‍ 10 വരെ യെസ്കെ കണ്വന്ഷന് സെന്ററിലും. ഇരു സംഘടനകളും മത്സരിച്ചാണ് സമ്മേളനത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നത്.
ഓരോ സ്കൂളിനും പ്രത്യേക ടാര്‍ജറ്റ് നല്‍കിയിട്ടുണ്ട്. ഭരണകക്ഷി യൂണിയനുകളായതിനാല്‍ പണം നല്‍കാതെ മാര്‍ഗമില്ലെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. സംഘടന നിശ്ചയിച്ച് നല്കുന്ന പണം നല്‍കിയില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന ഭീഷണിയുമുണ്ട്. ഒരു അദ്ധ്യാപകന് തന്നെ ഇരു സംഘടനകള്‍ക്കും പണം നല്‍കേണ്ടി വരുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള പോരിന്റെ അതേ മാതൃകയിലാണ് അദ്ധ്യാപക സംഘടനകളും ഏറ്റുമുട്ടുന്നത്. സംഭാവന സ്വീകരിക്കുന്നതിലടക്കം മറുപക്ഷത്തുനിന്ന് ഭീഷണി നിലനില്‍ക്കുന്നതായാണ് എകെഎസ്ടിയുവിന്റെ പരാതി. സമ്മേളനത്തിന്റെ പ്രചാരണത്തിന് ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ കെഎസ്ടിഎയില്നിന്നു ഭീഷണിയുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ സമ്മേളനത്തില്‍ത്തന്നെ എകെഎസ്ടിയു ഇത്തവണത്തെ സമ്മേളന വേദിയായി ആലപ്പുഴ തെരഞ്ഞെടുത്തിരുന്നു. കെഎസ്ടിഎ കാസര്‍കോട് ജില്ലയിലാണ് സമ്മേളനം നടത്താനിരുന്നത്. അവിടെ ഈ വര്‍ഷം സംസ്ഥാന സ്കൂള്‍ കലോത്സവം നടത്തിയതോടെ വേദി ആലപ്പുഴയിലേക്ക് മാറ്റി. എന്നാല്‍ ആരുടെയും സമ്മേളന പ്രചാരണങ്ങള്‍ തടസപ്പെടുത്തിയിട്ടില്ലെന്നു കെഎസ്ടിഎ നേതാക്കള്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകേണ്ട അദ്ധ്യാപകരുടെ സംഘടനകളാണ് അസഹിഷ്ണുത കാരണം പരസ്പരം പോരടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: