ന്യൂദല്‍ഹി: മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശന വിലക്കില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് പൂനെ സ്വദേശികള്‍ നല്കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് നല്കിയ സത്യവാങ്മൂലത്തിലാണ് ബോര്‍ഡിന്റെ നിലപാട് മാറ്റം.
എന്നാല്‍, പുരുഷന്മാര്ക്കൊപ്പം നിസ്ക്കരിക്കാന്‍ സ്ത്രീകള്‍ക്ക് അവസരമുണ്ടോയെന്ന കാര്യത്തില്‍ ബോര്‍ഡ് മൗനം പാലിക്കുന്നു. സ്ത്രീകള്‍ക്ക് പള്ളികളില്‍ കയറുന്നതിന് ഇസ്ലാം മതത്തില്‍ വിലക്കില്ല. വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ നടക്കുന്ന പ്രത്യേക നമസ്ക്കാരം സ്ത്രീകള്‍ക്ക് നിഷ്ക്കര്‍ഷിച്ചിട്ടില്ല. അക്കാര്യം സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാമെന്ന് മാത്രമാണ് എട്ട് പേജുള്ള സത്യവാങ്മൂലത്തില്‍ ബോര്‍ഡ് പറഞ്ഞൊഴിയുന്നത്. കോണ്‍ഗ്രസ് നേതാവായ കപില്‍ സിബലാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ശബരിമല യുവതീപ്രവേശന കേസ് ഒന്‍പതംഗ ബെഞ്ച് പരിഗണിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് സത്യവാങ്മൂലമെന്നതും ശ്രദ്ധേയം.
















