അലീഗഢ് : റിപ്പബ്ലിക് ദിനത്തില്‍ നിയമ വിരുദ്ധമായി റോഡുകള്‍ ഉപരോധിച്ച് തടസ്സം നിന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. 600ഓളം വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന സര്‍വ്വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥിയെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പ്രതിഷേധവുമായി റോഡ് തടയുകയായിരുന്നു.
അലീഗഢ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ തരീഖ് മന്‍സൂറിന്റെ റിപ്പബ്ലിക് ദിന പ്രസംഗം അഹമ്മദ് മുസ്തഫ ഫിറാസ് ഇടപെട്ട് തടസ്സപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പരാതി നല്‍കിയതിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വൈസ് ചാന്‍സിലര്‍ സംസാരിക്കവേ, വിസി ഗോ ബാക്ക് എന്ന് പറഞ്ഞ് ചിലര്‍ പ്രസംഗം തടസ്സപ്പെടുത്തുകയായിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യങ്ങളും ഉയര്‍ത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രസംഗം തടസപ്പെടുത്തിയ നാല് പേരില്‍ ഒരാള്‍ മുന്‍ വിദ്യാര്‍ത്ഥിയാണെന്ന് കണ്ടെത്തി.
അഹമ്മദിനൊപ്പം ഇതോടൊപ്പം മൂന്ന് വിദ്യാര്‍ത്ഥികളെ കൂടി അറസ്റ്റ് ചെയ്‌തെങ്കിലും അവരെ പിന്നീട് വിട്ടയച്ചു. വിദ്യാര്‍ത്ഥിയല്ലാത്ത ഒരാള്‍ ക്യാമ്പസ്സിനകത്ത് കയറി സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇയാളെ വിട്ടയയ്‌ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ റോഡ് ഉപരോധിക്കുകയും ആറ് മണിക്കൂറോളം പ്രദേശത്തെ ഗതാഗതം തടയുകയുമായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇവരെ നീക്കുകയായിരുന്നു.
















