ആലപ്പുഴ: പിഎസ്സിയുടെ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷാത്തട്ടിപ്പ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നല്കിയ ശുപാര്‍ശകള്‍ നടപ്പാകുന്നില്ല. പരീക്ഷകള്‍ വീണ്ടും നടത്തുന്നത് ക്രമക്കേട് നടക്കാനിടയുള്ള കേന്ദ്രങ്ങളിലെന്ന് ആക്ഷേപം.
പിഎസ്സിയുടെ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ പരീക്ഷ നടത്തിപ്പാണ് ഇപ്പോള്‍ വിവാദത്തില്‍. ഫെബ്രുവരി ഒന്നിന് നടത്തുന്ന പരീക്ഷയുടെ ആലപ്പുഴയിലെ കേന്ദ്രത്തെച്ചൊല്ലിയാണ് തര്‍ക്കം. സിപിഎം ആലപ്പുഴ നഗരസഭാ കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളാണ് പരീക്ഷാ കേന്ദ്രം. സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപക പ്രചാരണമുണ്ട്. ആലപ്പുഴ നഗരത്തില്‍ നിരവധി സര്‍ക്കാര്‍ സ്കൂളുകളും എയ്ഡഡ് സ്കൂളുകളുമുണ്ടായിട്ടും, കൗണ്‍സിലറുടെ സ്കൂള്‍ പരീക്ഷാ കേന്ദ്രമാക്കിയതിലാണ് ദുരൂഹത. മതിയായ വാഹന സൗകര്യം പോലുമില്ലാത്ത സ്കൂളില്‍ പരീക്ഷ നടത്തുന്നതിനെതിരെയും ആക്ഷേപമുയരുന്നു. പരീക്ഷയില്‍ ക്രമക്കേട് നടത്തുന്നതിനാണോ ഈ നീക്കമെന്നാണ് സമൂഹ മാധ്യമങ്ങളിലുയരുന്ന വിമര്‍ശനം.
നേരത്തെ ഇന്വിജിലേറ്റര്മാരടക്കം മുഴുവന്‍ ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് മൊബൈലും സ്മാര്ട്വാച്ചുമെല്ലാം പരീക്ഷാഹാളില്‍ യഥേഷ്ടം ഉപയോഗിച്ചാണ് എസ്എഫ്ഐ നേതാക്കളായിരുന്ന യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ പിഎസ്സി പരീക്ഷയില്‍ ക്രമക്കേട് കാട്ടിയത്. തട്ടിപ്പ് നടത്തിയ എസ്എഫ്ഐക്കാര്‍ സിവില്‍ പോലീസ് ഓഫീസറുടെ റാങ്ക് പട്ടികയിലെ ആദ്യ സ്ഥാനങ്ങളിലുമെത്തി.
നിലവിലെ പരീക്ഷാരീതി ഇത്തരം തട്ടിപ്പുകള്‍ക്ക് കളമൊരുക്കുന്നതാണെന്ന് ക്രൈംബ്രാഞ്ച് പിഎസ്സിക്ക് റിപ്പോര്‍ട്ടും നല്കി. നിലവിലെ രീതി തുടര്‍ന്നാല്‍ തട്ടിപ്പുകള്‍ ആവര്‍ത്തിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരീക്ഷാഹാളില്‍നിന്ന് ചോദ്യപേപ്പര്‍ ചോര്‍ത്തിയത് ടീം വ്യൂവര്‍ എന്ന ആപ്ലിക്കേഷനിലൂടെയായിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷാഹാളില്‍ മൊബൈല്‍, സ്റ്റേഷനറി വസ്തുക്കള്‍, വാച്ച്, പഴ്സ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവ നിരോധിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.എന്നാല്‍, പരീക്ഷാ കേന്ദ്രം തന്നെ സംശയനിഴലിലാകുന്ന സാഹചര്യമാണിപ്പോള്‍. ഈ സ്കൂളില്‍ പരീക്ഷ നടത്തുന്നതില്‍ നിയമപരമായി തെറ്റില്ലെന്നാണ് പിഎസ്സി അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: