ആചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യം പഠിക്കുമ്പോള്‍, സാംഖ്യന്റെ പ്രകൃതി എന്ന സത്തയില്‍ അധിഷ്ഠിതമായ പ്രപഞ്ചശാസ്ത്ര (രീാെീഹീഴ്യ) ത്തെ ഭാഗികമായി ഉപനിഷത്തുകള്‍ അംഗീകരിക്കുന്നു എന്ന തരത്തിലുള്ള ഏതോ ദ്വൈതവാദികളുടെ വ്യാഖ്യാനങ്ങളെ മുന്നില്‍ കണ്ടുകൊണ്ടാണ് തന്റെ വാദങ്ങള്‍ നിരത്തുന്നത് എന്ന തോന്നലുളവാകും എന്നും അതിനു മതിയായ തെളിവുകളുണ്ടെന്നും ദാസ്ഗുപ്ത പറയുന്നു. ആചാര്യര്‍ ചില സ്ഥലങ്ങളില്‍ ചില സൂത്രങ്ങളുടെ ഘടന ശരിയല്ല എന്നു കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതായത് ഈ സൂത്രങ്ങള്‍ ദ്വൈതപരമായ വ്യാഖ്യാനങ്ങളെയാണ് യഥാതഥമായി സാധൂകരിക്കുന്നത് എന്നര്‍ത്ഥം. ഒരിടത്ത് നമ്മില്‍ ചിലരും (ബ്രഹ്മസൂത്രത്തേയും ഉപനിഷത്തുകളേയും വേദാന്തപരമായി വ്യഖ്യാനിച്ചവര്‍) മറ്റു ചിലരും (മീമാംസകര്‍ എന്നു വാചസ്പതിമിശ്രന്‍) ആത്മാവിനെ നിത്യമായി കാണുന്നു. ആത്മൈകത്വസിദ്ധാന്തത്തെ നിരാകരിക്കുന്നവരെ നിഷേധിക്കുവാനാണ് തന്റെ ശാരീരകഭാഷ്യത്തിലൂടെ പരിശ്രമിക്കുന്നത് (ബ്രഹ്മസൂത്രം, 1. 3.. 19) എന്നും ആചാര്യര്‍ വ്യക്തമാക്കുന്നു.
രാമാനുജാചാര്യര്‍ തന്റെ ബ്രഹ്മസൂത്രഭാഷ്യാരംഭത്തില് ബ്രഹ്മസൂത്രത്തിനു വിസ്തൃതഭാഷ്യം ചമച്ച ബോധായനന്റെ വീക്ഷണങ്ങളെ പില്ക്കാലത്തെ ആചാര്യന്മാര് സംഗ്രഹിച്ചു എന്നും ആ ബോധായനഭാഷ്യത്തെയാണ് താന്‍ പിന്തുടരുന്നത് എന്നും പറയുന്നു. സ്വന്തം കൃതിയായ വേദാര്ത്ഥസംഗ്രഹത്തില് രാമാനുജാചാര്യര്‍ ബോധായനന്‍, ടങ്കന്‍, ഗുഹദേവന്, കപര്‍ദിന്‍, ഭാരുചി എന്നിവരെ വേദാന്തത്തിന്റെ
ആധികാരികപണ്ഡിതന്മാരായി പറയുന്നു. ഒരു ദ്രാവിഡാചാര്യനെ ഭാഷ്യകാരഭനെന്ന നിലക്കും പരാമര്‍ശിക്കുന്നു. ഛാന്ദോഗ്യത്തില്‍ (3. 10. 4) ഔപനിഷദികമായ പ്രപഞ്ചശാസ്ത്രത്തെ വിഷ്ണുപുരാണത്തിലെ പ്രപഞ്ചശാസ്ത്രത്തില്‍ നിന്നും വ്യത്യസ്തമായി അവതരിപ്പിക്കുന്നുണ്ട്. അതിനു ഒരു ആചാര്യന് നല്‍കിയിട്ടുള്ള വിശദീകരണത്തെ ശങ്കരാചാര്യര്‍ (അത്രോക്തഃപരിഹാരഃ ആചാരൈ്യ:) പരാമര്‍ശിക്കുന്നുണ്ട്. ആനന്ദഗിരി ഈ ആചാര്യന് ദ്രാവിഡാചാര്യനാണെന്നു വ്യക്തമാക്കുന്നു. രാമാനുജാചാര്യരുടെ വാക്കുകളനുസരിച്ച് ഈ ദ്രവിഡാചാര്യന് ദ്വൈതപക്ഷത്തിന്റെ വ്യഖ്യാതാവാണ്. ഛാന്ദോഗ്യോപനിഷത്തിനും ഈ ദ്രവിഡാചാര്യര് ഭാഷ്യമെഴുതി എന്ന് ഇതുകൊണ്ടു
തെളിയുന്നതായി ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. ഇന്നു ലഭ്യമായ ബ്രഹ്മസൂത്രഭാഷ്യങ്ങളെല്ലാം വ്യക്തമാക്കുന്നത് ബ്രഹ്മസൂത്രം ഉപനിഷത്തുകളുടെ സാരമായി ഏവരും കരുതിവന്നിരുന്നു എന്നതാണ്. ഈ വ്യാഖ്യാതക്കള്‍ തമ്മിലുള്ള മതഭേദം സൂത്രങ്ങള്‍, ഓരോ സന്ദര്‍ഭത്തിലും ഒരോരുത്തരും ഉദ്ധരിക്കുന്ന ഉപനിഷദ്വാക്യങ്ങള്‍ എന്നിവകളുടെ അര്‍ത്ഥം വിശദീകരിക്കുന്നതില്‍ മാത്രമാണ്. ബ്രഹ്മസൂത്രം നാലു പാദങ്ങള്‍ വീതമുള്ള നാല് അധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു. ഈ ഓരോ പാദങ്ങളിലും അധികരണങ്ങള്‍ എന്ന പേരില്‍ നിരവധി ചര്ച്ചാവിഷയങ്ങളെ സൂത്രരൂപത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വിഷയം, അതുമായി ബന്ധപ്പെട്ട സംശയവും അവ്യക്തതയും, ഒരു പ്രത്യേകനിഗമനത്തിലെത്താന് സ്വീകരിക്കേണ്ട പരിഗണനകള്‍ എന്നിവയാണ് അധികരണങ്ങളിലെ സൂത്രങ്ങളിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: