മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വെച്ച പ്രതി ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് വന്‍ സയനൈഡ് ശേഖരം കണ്ടെത്തി. കര്‍ണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിലെ ലോക്കറില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സയനൈഡ് ശേഖരം കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ ഇത് സയനൈഡ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്.
ആദിത്യ റാവുവിനെ മാനസിക രോഗിയാക്കി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സയനൈഡ് കൂടി കണ്ടെത്തിയതോടെ ഇയാളുടെ ലക്ഷ്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ഊർജ്ജിതമാക്കി. ആദിത്യ റാവുവിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
വിമാനത്താവളത്തില്‍ ബോംബ് വയ്ക്കാന്‍ കാരണം ജോലി കിട്ടാത്തതിന്റെ പ്രതികാരമാണെന്നാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് നേരത്തേ പറഞ്ഞിരുന്നത്. മംഗളൂരു വിമാനത്താവളത്തില്‍ ജോലിക്ക് അപേക്ഷിച്ചിട്ട് അവിടെ ജോലി ലഭിക്കാത്തതിന്റെ ദേഷ്യത്തിലാണ് ബോംബ് വെച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ജനുവരി 20നാണ് വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയത്. പ്രതി ആദിത്യ റാവു പോലീസില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ ഇയാള്‍ യൂട്യൂബ് നോക്കിയാണ് ബോംബ് ഉണ്ടാക്കിയത് എന്നാണ് പോലീസിനോട് പറഞ്ഞത്. കേസില്‍ ആദിത്യ റാവുവിനെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മംഗളുരു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആദിത്യറാവുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
















