ന്യൂദൽഹി: പൗരത്വ ഭേദഗതിയും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് കേന്ദ്രസർക്കാർ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുടെ അധികാരങ്ങളെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന നീക്കങ്ങൾ യൂറോപ്യൻ യൂണിയൻ പാർലമെന്റ് നടത്തരുതെന്നും കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി.
സിഎഎയും കശ്മീരുമായി ബന്ധപ്പെട്ട അടിയന്തര നീക്കങ്ങൾ നടത്തുമ്പോൾ ഇന്ത്യയുമായി ബന്ധപ്പെടണമെന്നും കേന്ദ്രസർക്കാർ യൂറോപ്യൻ യൂണിയനെ ഉപദേശിച്ചു. നന്നായി ആലോചിച്ച് വസ്തുതകൾ മനസിലാക്കി തുടർ നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയം തയാറാക്കുന്നവരും അതിനെ പിന്തുണയ്‌ക്കുന്നവരും തയാറാകണം. സിഎഎ ഒരു മതത്തോടും വിവേചനം കാണിക്കുന്നില്ല. മുൻകാലങ്ങളിൽ യൂറോപ്യൻ സമൂഹങ്ങൾ പോലും ഇതേ സമീപനമാണ് പിന്തുടർന്നതെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. പാർലമെന്റിന്റെ ഇരു സഭകളിലും നടന്ന പൊതുചർച്ചയ്‌ക്ക് ശേഷം കൃത്യമായ ചട്ടങ്ങളിലൂടെയും ജനാധിപത്യ മാർഗങ്ങളിലൂടെയുമാണ് ഈ നിയമഭേദഗതി നടപ്പാക്കിയതെന്നും കേന്ദ്രം വ്യക്തമാക്കി.
ഗ്രൂപ്പ് ഓഫ് പ്രോഗ്രസീവ് അലയന്‍സ് ഒഫ് സോഷ്യലിസ്റ്റ്സ് ആന്റ് ഡെമോക്രാറ്റ്സ് ഇന്‍ യൂറോപ്യന്‍ പാര്‍ലമെന്റ്, ഗ്രൂപ്പ് ഒഫ് ദ യൂറോപ്യന്‍സ് പീപ്പിള്‍സ് പാര്‍ട്ടി, യൂറോപ്യന്‍ കണ്‍സര്‍വേറ്റീവ്സ് ആന്‍ഡ് റിഫോമിസ്റ്റ്സ് ഗ്രൂപ്പ് എന്നിങ്ങനെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഉള്‍പ്പെട്ട നിരവധി സംഘടനകളാണ് കാശ്‌മീര്‍ വിഷയത്തിലും പൗരത്വ ഭേദഗതി വിഷയത്തിലും പാര്‍ലമെന്റില്‍ ആറ് പ്രമേയങ്ങള്‍ പാസാക്കാനായി ഒരുങ്ങുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ‘രാജ്യമില്ലാ പ്രതിസന്ധി’യായും ‘മനുഷ്യയാതന’യായുമാണ് പ്രമേയങ്ങളില്‍ ഒന്ന് ഈ വിഷയങ്ങളെ കാണുന്നത്. ബ്രസൽസിൽ അടുത്തയാഴ്ച ആരംഭിക്കുന്ന യൂറോപ്യൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കാനാണ് നീക്കം.
















