ന്യൂദല്‍ഹി: രാജ്യം ഭരിക്കാന്‍ കഴിവുള്ള നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്ന് വ്യക്തമാക്കി പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎസ്ഒഎസിന്റെ ഫസ്റ്റ് പോസ്റ്റ് ദി നാഷണല്‍ ട്രസ്റ്റിന്റെ സര്‍വ്വെ. ആന്ധ്രപ്രദേശ്, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ചതെന്നതും ശ്രദ്ധേയമായി. ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലുള്ള 320 പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ് സര്‍വ്വേ നടത്തിയത്. 35,000ത്തോളം ആളുകള്‍ സര്‍വ്വേയുടെ ഭാഗമായിരുന്നു.
നാണ്യപ്പെരുപ്പം, പെട്രോള്‍ വില, അടിസ്ഥാന സൗകര്യ വികസനം, തൊഴിലില്ലായ്‌മ എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ലെന്നും ബിജെപിക്ക് മാത്രമേ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുകയുള്ളൂ എന്നും സര്‍വ്വേയില്‍ കണ്ടെത്തി.
പരമോന്നത നീതിപീഠമായ സുപ്രീം കോടതിയേക്കാളും പാര്‍ലമെന്റിനേക്കാളും ജനങ്ങള്‍ വിശ്വാസ്യത അര്‍പ്പിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലാണെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ 72.6 ശതമാനം ആളുകള്‍ വിശ്വസിക്കുമ്പോള്‍ പാര്‍ലമെന്റില്‍ 71.7 ശതമാനം ആളുകളാണ് വിശ്വാസ്യത അര്‍പ്പിക്കുന്നത്. എന്നാല്‍ 74.4 ശതമാനം ജനങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിശ്വസിക്കുന്നു എന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്.
പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് വ്യാജ പ്രചാരണങ്ങള്‍ നടക്കുമ്പോഴും ഭൂരിപക്ഷം ജനങ്ങളും പ്രധാനമന്ത്രിയോടൊപ്പെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളെ തള്ളിക്കളഞ്ഞു കഴിഞ്ഞെന്നാണ് ഫലം വ്യക്തമാക്കുന്നത്.
















