വുഹാന്‍: ലോകാരോഗ്യ സംഘടനയുടേയും ചൈനീസ് അധികൃതരുടേയും കണക്കു കൂട്ടലുകള്‍ തെറ്റിച്ച്, അതിവേഗമാണ് ചൈനയില്‍ കോറോണാ വൈറസ് പടരുന്നു. ചൈനയില്‍ ഇതുവരെ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചത് 80 പേരാണ്. രാജ്യത്ത് വൈറസ് ബാധ ഏറ്റവരുടെ എണ്ണം 2744 ആയി. ഹുബൈയില്‍ മാത്രം 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി.
വൈറസ് വ്യാപനം തടയാന്‍ കര്‍ശന നടപടികളിലേക്ക് അധികൃതര്‍ കടക്കുകയാണ്. രാജ്യത്ത് വ്യാപകമായി യാത്രാ വിലക്ക് പ്രഖ്യാപിക്കുകയാണ്. നിലവില്‍ 12 നഗരങ്ങളിലാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതുന്ന വുഹാന്‍ നഗരം എതാണ്ട് പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. 50 ലക്ഷത്തിലധികം ആളുകളാണ് ഇവിടെനിന്ന് പലായനം ചെയ്തത്.
വുഹാനിലുള്ള ഇന്ത്യക്കാര്‍ നിലവില്‍ സുരക്ഷിതരാണെന്നും ആര്‍ക്കും അണുബാധ ഏറ്റിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. വുഹാനിലെ യുഎസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ അമേരിക്ക നാളെ പ്രത്യേക വിമാനത്തില്‍ തിരിച്ചുകൊണ്ടുപോകും. എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് പൗരന്‍മാര്‍ക്ക് അമേരിക്ക നിര്‍ദ്ദേശം നല്‍കി.
ഇതിനിടെ ചൈനയില്‍ നിന്ന് വന്ന അഞ്ചാമത് ഒരാള്‍ക്ക് കൂടി അമേരിക്കയില്‍ അണുബാധ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്ന് കാനഡയിലെത്തിയ ഒരാളിലും വൈറസ് കണ്ടെത്തി. കൊറോണാ ബാധിതര്‍ക്കായി പ്രത്യേക ആശുപത്രികളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുയാണ്. രണ്ടാമത്തെ ആശുപത്രിയുടെ നിര്‍മ്മാണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കും എന്നാണ് പ്രതീക്ഷ.
ഇതുവരെ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്ഥമായി ഇപ്പോഴത്തെ വൈറസ് ശരീരത്തില്‍ കയറി, രോഗലക്ഷണങ്ങള്‍ പ്രകടമാകും മുമ്പേ വൈറസ് ബാധിതന്‍ രോഗാണു വാഹകനാവുന്നു എന്നതാണ് വെല്ലുവിളി.
















