ഇസ്താംബുള്‍: കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കത്തില്‍ കാണാതായ മുപ്പതോളം പേര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു. കിഴക്കന്‍ തുര്‍ക്കിയുടെ പ്രധാന നഗരങ്ങളിലെല്ലാം വന്‍ നാശനഷ്ടമുണ്ടായെന്നാണ് സൂചന.
എലാസിഗ് നഗരത്തില്‍ മാത്രം പതിമൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ആരോഗ്യ മന്ത്രി ഫെഹ്രത്തീന്‍ കോസെയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. എലാസിഗിലെയും പരിസര പ്രദേശങ്ങളിലെയും ഭൂരിഭാഗം കെട്ടിടങ്ങളും നിലംപൊത്തി. കിഴക്കന്‍ തുര്‍ക്കിയിലുണ്ടായത് ലെവല്‍-3 ഭൂചലനമാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്‌ലു പറഞ്ഞു. രാജ്യം ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും നിലവില്‍ അന്താരാഷ്‌ട്ര സഹായങ്ങള്‍ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂമികുലുക്കം ബാധിച്ച പ്രദേശങ്ങളിലെ ആളുകള്‍ വീടുകളിലേക്ക് ഉടനെ മടങ്ങരുതെന്ന് തുര്‍ക്കിയിലെ ദുരന്ത നിവാരണ സേനയായ എഎഫ്എഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ മൈനസ് എട്ടാണ് തുര്‍ക്കിയിലെ പല നഗരങ്ങളിലെയും താപനില. ക്യാമ്പില്‍ താമസിക്കുന്നവര്‍ക്കായി കിടക്കയും പുതപ്പും ആഹാര സാധനങ്ങളും സമാഹരിക്കുന്നുണ്ടെന്നും എഎഫ്എഡി പറഞ്ഞു.
കനത്ത ഭൂമികുലുക്കം പല തവണ ഉണ്ടായിട്ടുള്ള പ്രദേശമാണ് തുര്‍ക്കി. 1999ല്‍ തുര്‍ക്കിയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കത്തില്‍ 17,000ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് 2011ല്‍ വീണ്ടും ഉണ്ടായപ്പോള്‍ 523 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. തുര്‍ക്കിക്ക് പുറമെ സിറിയയിലും ഇറാനിലും ഭൂമികുലുക്കമുണ്ടായി.
















