കൊച്ചി: അതിസാധാരണക്കാരനും ഒരിക്കല്‍ അവഗണിക്കപ്പെട്ട വിഭാഗത്തില്‍നിന്നുള്ള ആളുമായ എം.കെ. കുഞ്ഞോലിന് പത്മശ്രീ ബഹുമതി ലഭിച്ചത് നല്‍കുന്നത് മഹത്തായ സന്ദേശം. എം.കെ. കുഞ്ഞോല്‍ പെരുമ്പാവൂരിന് സമീപം കോട്ടപ്പടിയില്‍ കുറുമ്പന്റെയും വള്ളോത്തിയുടെയും മകനായി 1937 മെയ് എട്ടിനാണ് ജനിച്ചത്. മുടക്കിരായി സെന്റ് റീത്ത എല്‍പി സ്‌കൂളിലും, കുറുപ്പംപടിയിലെ മലയാളം സ്‌കൂളിലും, തുടര്‍ന്ന് പെരുമ്പാവൂര്‍ ആശ്രമം ഹൈസ്‌കൂളിലുമായിരുന്നു പഠനം. എസ്എസ്എല്‍സി പാസായി. അതിനിടെ, കാലടി ആശ്രമത്തില്‍ പോയി ആഗമാനന്ദ സ്വാമികളെ കണ്ടു.
ശ്രീശങ്കരാ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. ആശ്രമത്തിലെ ജീവിതം കുഞ്ഞോലിനെ മറ്റൊരാളാക്കി മാറ്റി. പില്‍ക്കാലത്ത് എംബിബിഎസിന് ചേര്‍ന്നെങ്കിലും ജാതി വിവേചനവും റാഗിങ്ങും അധ്യാപകരുടെ നിഃസഹകരണവും മറ്റും മൂലം പൂര്‍ത്തിയാക്കാനായില്ല.പിന്നാക്ക വിഭാഗത്തില്‍ ജനിച്ച്, സ്വതന്ത്രചിന്തയും പ്രവര്‍ത്തനവുമായി സാമൂഹ്യ നവോത്ഥാന മേഖലയില്‍ സജീവമായി കുഞ്ഞോല്‍. കമ്യൂണിസ്റ്റ് ചിന്താപദ്ധതിയിലെ പോരായ്‌മകള്‍ തുറന്നുകാട്ടി. സാംസ്‌കാരിക ജീവിത ധാരയുടെ ആവശ്യകതയും ആധ്യാത്മിക മാര്‍ഗവും പ്രചരിപ്പിച്ചു.
1982-ലെ വിശാലഹിന്ദു സമ്മേളനത്തോടെയാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായുള്ള കുഞ്ഞോലിന്റെ ബന്ധം സുദൃഢമാകുന്നതും, ഹൈന്ദവ നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളികളില്‍ ഒരാളായി മാറുന്നതും. തുടര്‍ന്ന് നിലയ്‌ക്കല്‍ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്ത്, സംസ്ഥാനത്തുടനീളം പ്രസംഗിക്കുകയും ചെയ്തു. ക്ഷേത്രവിമോചന സമരത്തോടനുബന്ധിച്ച് രണ്ട് യാത്രകള്‍ ഗുരുവായൂരിലേക്ക് സംഘടിപ്പിച്ചിരുന്നു. മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്ര സ്വാമി സത്യാനന്ദ സരസ്വതിയും, അരുവിപ്പുറത്തുനിന്ന് ആരംഭിച്ച യാത്ര എം.കെ. കുഞ്ഞോലുമാണ് നയിച്ചത്.
കേരള സര്‍ക്കാരിന്റെ അംബേദ്കര്‍ പുരസ്‌കാരം ആദ്യം ലഭിച്ചത് കുഞ്ഞോലിനാണ്. എണ്‍പത്തിനാലാം വയസിലും ഒരു കാവിമുണ്ടുമുടുത്ത് തികച്ചും സാധാരണക്കാരനായി ഹൈന്ദവ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി ഇന്നും വിശ്രമമില്ലാതെ ജീവിക്കുന്ന അദ്ദേഹത്തിന് ആറുമക്കളാണ്.
















