ക്ലാസ്സില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ ഇതൊരു നല്ല വിഷയം ആയിരിക്കുമെന്ന് തോന്നി. കുഴല്‍മന്ദം ഗുരുനാഥന് ഇടയ്ക്കിടെ ഇതു ചെയ്യിക്കുമായിരുന്നു, ഗ്രഹസ്ഥിതിയും ഭാവചിന്തനവും പഠിക്കാന്‍ ഏറെ ഉപകരിക്കും എന്ന ആമുഖത്തോടെ.
രുക്കു ചിത്തിയുടെ നിര്‍ദ്ദേശാര്‍ത്ഥം ഡിസംബര്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള തീയതികളില്‍ ഒരു നല്ല നക്ഷത്രം കണ്ടുപിടിക്കാന്‍ ആദ്യമാവശ്യപ്പെട്ടു.
”നക്ഷത്രങ്ങളില്‍ നല്ലത്, ചീത്ത എന്നിങ്ങനെ വേര്‍തിരിവുകളുണ്ടോ സാര്‍?”
ഗംഭീര ചോദ്യം ചോദിച്ച സതീശനെ രാമശേഷന് തോളില്‍ തട്ടി.
”മറ്റാര്‍ക്കും ഇതു തോന്നിയില്ലേ?”, രാമശേഷന് എല്ലാവരോടുമായി ചോദിച്ചു.
ചിലര്‍ തല പാതി ആട്ടി.
”ഇരുപത്തിയേഴ് നക്ഷത്രങ്ങളും നല്ല നക്ഷത്രങ്ങളാണ്”, രാമശേഷന് കുട്ടികളുടെ ഉള്‍ക്കണ്ണു തുറന്നു. ”പിന്നെ ചില നക്ഷത്രങ്ങള്‍ പൊതുവെ നല്ല നക്ഷത്രങ്ങളായി കരുതപ്പെടുന്നതിന് ചില കാരണങ്ങളുണ്ട്…”
കുട്ടികള്‍ ശ്രദ്ധാപൂര്‍വം കേട്ടിരുന്നു.
”എല്ലാ നല്ല കാര്യങ്ങള്‍ക്കും പരിഗണിക്കുന്ന ചില നക്ഷത്രങ്ങളുണ്ട്… രേവതി, രോഹിണി എന്നിങ്ങനെ… ചില നക്ഷത്രങ്ങള്‍ ദേവനാളുകളാണ്…ചില നക്ഷത്രങ്ങളില്‍ ജനിക്കുമ്പോള്‍ ബാല്യം ദുരിതമായിരിക്കുമെങ്കിലും യൗവ്വനത്തില്‍ ശുക്രദശയും വ്യാഴദശയുമൊക്ക കിട്ടും…. അത്തരം നക്ഷത്രങ്ങള്‍ പൊതുവെ നല്ല നക്ഷത്രങ്ങള്‍ എന്നാണ് വിശ്വാസം…”
കുട്ടിക്കാലത്ത് മുത്തശ്ശിമാര്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് ഓരോ നക്ഷത്രത്തിന്റെയും കഥ പറഞ്ഞുകൊടുക്കുമായിരുന്നു. ഓരോ വിശേഷണങ്ങളിലൂടെയാണ് കഥ പറയുക. അതു കേട്ടാണ് രാമശേഷനും വളര്‍ന്നത്.
”പൂരത്ത് പുരുഷന്,
മകം പിറന്ത മങ്കൈ,
അത്തത്തപ്പന് അരയോളം,
ചിത്തിരയപ്പന് തെരുവില്‍,
അവിട്ടം തവിട്ടിലയും,
ഭരണി ധരണിയാളും,
ആയില്യത്ത് മാമിയാര് അസന്തിയില്,
ആണ്മൂലം അരശാളും,
പെണ്മൂലം നിര്‍മൂലം,
രേവതി താനാല്‍ ഇരക്കും
തന്നാല്‍ ഇരക്കും…”
”നക്ഷത്രം വെച്ച് ഒരാളുടെ സ്വഭാവം പറയാന്‍ കഴിയുമോ സാര്‍?”
”ഒരു പരിധി വരെ… ലഗ്നവും ഗ്രഹസ്ഥിതിയുമാണ് പ്രധാനം… നക്ഷത്രംകൊണ്ട് പറയുന്ന സ്വഭാവ സവിശേഷതകളെ പാടെ നിരാകരിക്കുന്നതായിരിക്കും ചിലപ്പോള്‍ ജാതകന്റെ ലഗ്നം…”
അതൊരു പ്രധാന അറിവായി കുട്ടികള്‍ ഉള്‍ക്കൊണ്ടു.
”ആട്ടെ, നമുക്ക് രുക്കു ചിത്തിയുടെ കാര്യത്തിലേക്ക് വരാം…”, രാമശേഷന് എഴുന്നേറ്റു. ”ഒരു നക്ഷത്രം പറയൂ…”
”ഡിസംബര്‍ ഒന്നിന് കാര്‍ത്തികയാണ് സാര്‍,” അശ്വതി നോക്കട്ടെ…”, രാമശേഷന് പ്രോത്സാഹിപ്പിച്ചു.
ആരും മറുപടി പറയാതെ സങ്കോചിച്ചിരുന്നു.
”കാര്ത്തികയാവുമ്പോള് സൂര്യദശയിലായിരിക്കും ജനനം,” അവസാനം രാമശേഷന് തന്നെ പറഞ്ഞു തുടങ്ങി: ”സൂര്യന് കഴിഞ്ഞാല്‍ ചന്ദ്രന്, ചൊവ്വ, രാഹു… ജീവിതത്തിലെ പ്രധാന പ്രായത്തില്‍ അതായത് പഠിപ്പ്, ജോലി, വിവാഹം ഒക്കെ വരുന്ന സമയത്ത് രാഹുദശയിലൂടെ കടന്നുപോവും… രാഹു പൊതുവെ നല്ല ദശയല്ലല്ലോ… കാര്‍ത്തിക വേണ്ട…”
കാര്‍ത്തിക ഉപേക്ഷിച്ചപ്പോള്‍ ഓരോ കുട്ടികളായി ഓരോ നക്ഷത്രങ്ങള്‍ പറയാന്‍ തുടങ്ങി. അതിനനുസരിച്ച് രാമശേഷന് ദശാകാലം കൂട്ടി നോക്കി. അങ്ങനെ ചില നക്ഷത്രങ്ങള്‍ ഉപേക്ഷിച്ചു. ചെറു പ്രായത്തില്‍ ശുക്രദശ കിട്ടുമെന്നതിനാലും, ചന്ദ്രന് സ്വക്ഷേത്ര പക്ഷബല ഗുണങ്ങളുള്ളതിനാലും പൂയം നക്ഷത്രം ഉറപ്പിച്ചു.
”പൂയം നല്ല നക്ഷത്രം തന്നെ… ദേവനാള്…”
കുട്ടികളുടെ മുഖത്ത് ഒരു പ്രസരിപ്പ്.
”ഇനി ലഗ്നവും ഓരോ ദിവസങ്ങളും ഉറപ്പിക്കണം…”
രാമശേഷന് ബോര്‍ഡില്‍ രാശിചക്രം വരഞ്ഞു. ഗ്രഹസ്ഥിതികള്‍ അടയാളപ്പെടുത്തി.
”ഡിസംബര്‍ ആദ്യം വൃശ്ചികമാസമാണല്ലോ… നമുക്ക് വൃശ്ചികത്തില് നിന്നുതന്നെ തുടങ്ങാം… വൃശ്ചികം ലഗ്നമായാലോ?”
വൃശ്ചികം ലഗ്നമായാല്‍ ലഗ്നത്തില്‍ 5 പതി ഗുരു, 10 പതി രവി, 11 പതി ബുധന്‍…ലഗ്നാധിപനായ കുജന് 4 ല്‍ കേന്ദ്രത്തില്‍…തരക്കേടില്ല. പക്ഷേ-
പക്ഷേ ഭാഗ്യസ്ഥാനത്ത്, സുകൃതസ്ഥാനത്ത് രാഹു.
”അയ്യോ വേണ്ട…”, പഞ്ചനാഥന്‍ രണ്ടാമതൊന്നാലോചിക്കാതെ പറഞ്ഞു.
”ജാതകന് ഭാഗ്യഹീനനും കുരുത്തം കെട്ടവനുമായിരിക്കും… വേണ്ട…”
”ശരി ധനുവായാലോ?”, രാമശേഷന് അടുത്ത ലഗ്നത്തിലേക്ക് കടന്നു.
”അപ്പോള്‍ ലഗ്നത്തില്‍ പാപഗ്രഹമായ ശനി വന്നു…ലഗ്നാധിപനായ വ്യാഴം പന്ത്രണ്ടിലും മറഞ്ഞു…”
”അതും കൊള്ളില്ല…”, പരിമളം പറഞ്ഞു.
”മകരത്തിലേക്ക് പോകാം…”
”മകരമായാലും പ്രശ്നമാണ് സാര്‍,” ഉണ്ണിയുടെ മുഖം മങ്ങി. ”ലഗ്നത്തില്‍ കേതു, രണ്ടില്‍ ചൊവ്വ, ലഗ്നാധിപന് 12 ല്‍ ദുരിതസ്ഥാനത്ത്…”
”കുംഭം?”
”കുംഭം നല്ല ലഗ്നമാണോ സാര്‍?”, ഗണേശന് സന്ദേഹിച്ചു. ”വെറും കുടം തോളില്‍ ധരിച്ച പുരുഷാകൃതി എന്നല്ലേ രാശിസ്വരൂപത്തില് പറയുന്നത്?”
”നടന് ശിവാജി ഗണേശന്റെ ലഗ്നമാണ്… വെറും കുടം മാത്രായിരുന്നോ അദ്ദേഹത്തിന്റെ കൈമുതല്‍?”
ഗണേശന് നാവടങ്ങി.
”കുംഭം കുഴപ്പമില്ല എന്നു തോന്നുന്നു,” രാമശേഷന് ഗ്രഹസ്ഥിതിയിലൂടെ കണ്ണോടിച്ചു. ”ഭാഗ്യാധിപനായ ശുക്രന് ഭാഗ്യസ്ഥാനത്ത്…കര്‍മ്മത്തിങ്കല്‍ രവി, ബുധന്‍, ഗുരു…ലഗ്നാധിപനായ ശനി 11 ല്‍… ഒമ്പത്, പത്ത്, പതിനൊന്ന്…ഭാഗ്യം, കര്‍മ്മം, ലാഭം… ഇവ മൂന്നും നന്ന്…പുരുഷജാതകത്തില്‍ ഈ ഭാവങ്ങള്‍ വളരെ പ്രധാനമാണ്…”
”പെണ്‍കുട്ടിയാണെങ്കിലോ സാര്‍?”, ദീപയാണ് ചോദിച്ചത്.
രാമശേഷന് പെട്ടെന്ന് നിന്നു. താനെന്തേ അതാലോചിക്കാത്തത്? ഒരു വേള തനിക്ക് ആണ്കുട്ടിയായതുകൊണ്ടാവുമോ?
”യു ആര് റൈറ്റ്…”, രാമശേഷന് ദീപയെ അഭിനന്ദിച്ചു. ”നമുക്ക് കുംഭലഗ്നം ഉറപ്പിച്ചാലോ?”
”വേണ്ട സാര്‍…”, ലക്ഷ്മണന് ഇടപെട്ടു.
”ലഗ്നത്തില്‍ ചൊവ്വ, ആറില്‍ ചന്ദ്രനും രാഹുവും, പന്ത്രണ്ടില്‍ കേതുവും…”
”നല്ല കഥ,” രാമശേഷന് എഴുന്നേറ്റു. ”എല്ലാ ഭാവങ്ങളും തികഞ്ഞ് ഒരു ലഗ്നം കിട്ടുമോ?”
കുട്ടികള്‍ പരസ്പരം മുഖം നോക്കി.
”പറയൂ, പന്ത്രണ്ടു ഭാവങ്ങളും തികഞ്ഞ് ഒരു ജീവിതമുണ്ടോ?”
ഇല്ല എന്നര്‍ത്ഥത്തില്‍ അവര്‍ തലയാട്ടി.
”ഈ സത്യം, മഹാസത്യം നിങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഞാനീ കണക്കു ചെയ്യിച്ചത്…”
രാമശേഷന് രണ്ടു ചാല് നടന്നു.
”എല്ലാം തീരുമാനിക്കുന്ന പ്രപഞ്ച ശക്തി? നമ്മള് ഒരു സമയം കുറിച്ചു കൊടുത്തു എന്നു തന്നെ ഇരിക്കട്ടെ… ആ സമയത്ത് കൃത്യമായി പ്രസവം നടന്നുകൊള്ളണമെന്നുണ്ടോ? ആശുപത്രിയിലേക്ക് വരുന്ന വഴി ഡോക്ടര്ക്കെന്തെങ്കിലും പറ്റിയാല്‍…”
കുട്ടികള്‍ ശ്വാസം നിന്ന പോലെയായി.
”കഴിവതും ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കാതിരിക്കുക… ഒരു ജീവന് ഭൂമിയിലേക്ക് വരാനും ഭൂമി വിട്ടു പോകാനും ഒരു സമയമുണ്ട്…”, രാമശേഷന് ജനല്‍വിടവിലൂടെ ആകാശം നോക്കി. ”അതില്‍ ഇടപെടാന്‍ നിസ്സാരന്മാരായ നമ്മളാര്?”
പ്രതികരിക്കാൻ ഇവിടെ എഴുതുക: