എംടിയുടെ നോവലുകളുടെ പ്രത്യേകതകള്‍ എല്ലാം ഒത്തുചേരുന്ന നോവലാണ് കാലം. അമ്പത് വര്‍ഷം പിന്നിട്ട ഈ നോവല്‍ ഇന്ന് അതിന്റെ ഈസ്തെറ്റിക്സിന്റെ മാസ്മരികത കൊണ്ട് വായനക്കാരെ വശീകരിക്കുന്നുണ്ടോ? ഫ്യൂഡല്‍ പ്രതാപം കരിന്തിരി കത്തി തുടങ്ങിയ നായര്‍ തറവാടുകളിലെ നടുക്കവും, തറവാടുകളിലെ മനുഷ്യരുടെ രാകിയൊതുക്കിയ വാശിയും രോഷവും ഏതാണ്ട് എംടിയുടെ എല്ലാ നോവലുകളിലും കഥകളിലും കാണാം. ഉള്ളില്‍ തകര്‍ന്നടിയുന്ന വിശുദ്ധിയുടെ ഏതൊക്കെയോ സങ്കല്‍പ്പങ്ങള്‍ക്കായി കാതോര്‍ക്കുന്ന സേതുവെന്ന കഥാനായകന് എംടി തന്നെയാണ്.
ഈ കഥാപാത്രത്തിന്റെ ഓരോ ചുവട്വയ്പ്പും ചെങ്കുത്തായ ഇറക്കത്തിലേക്കാണ്. നിഴലും വെളിച്ചവും തമ്മില്‍ കൊമ്പ് കോര്‍ത്ത് പിന്‍വാങ്ങുന്ന ബോധത്തിന്റെ പടുകുഴികള്‍ എംടി കാവ്യാത്മകമായി വരച്ചിടുന്ന നോവലാണിത്. കാലത്തിന്റെ ആദ്യവും ഒടുക്കവും പുഴ ഒരു കഥാപാത്രമായി വരുന്നു. കാലത്തിന്റെ പ്രതീകം ഈ പുഴ തന്നെയാണ്. എംടിയുടെ പ്രകൃതി വര്‍ണന കവിതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതും ഈ നോവലിലാണ്.
കാലം എന്ന നോവലിന്റെ തുടക്കം ഇങ്ങനെയാണ്:”വയല്‍ വരമ്പില്‍ അങ്ങിങ്ങായി തെന്നിച്ചാടിയ പച്ചക്കുതിരകള്‍ പുറപ്പെടുവിച്ച വളരെ നേര്‍ത്ത ശബ്ദങ്ങളെപ്പറ്റി അപ്പോള്‍ പൊടുന്നനെ ഓര്മ വന്നു. നീല പൂക്കളുള്ള ജാക്കറ്റിലെ പ്രസ് ബട്ടണുകള്‍ പൊട്ടുന്നതുപോലെ.”
പ്രകൃതിയെ വിവസ്ത്രയാക്കി, സ്ത്രീത്വത്തിന്റെ വിശാലമായ രാജവീഥികള്‍ അനാവരണം ചെയ്യുന്ന നോവലാണിത്. വയല്‍ വരമ്പിലെ പുല്‍ച്ചെടികള്‍ കോരിത്തരിക്കുന്നതുപോലെ, നീല പൂക്കളുള്ള പ്രസ് ബട്ടണുകള്‍ പൊട്ടുമ്പോള്‍ സുമിത്രയും സേതുവും കാല്പനിക സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കുന്നു.
നാഗരികതയുടെ കടന്നുകയറ്റം മനുഷ്യ സംസ്കാരത്തിന്റെ നടുമുറ്റത്ത് വരുത്തുന്ന മാറ്റങ്ങള്‍ വിശ്വ സാഹിത്യത്തില്‍ കസാന്ദ് സാക്കീസും കുന്ദേരയും ഓര്ഹാന് പാമുക്കും ബോര്‍ഹസ്സും കൈകാര്യം ചെയ്ത തീമാണ്. മലയാളത്തില്‍ എസ്.കെ. പൊറ്റക്കാടും ചെറുകാടും മലയാറ്റൂരും ഒ.വി. വിജയനും സേതുവും ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. നാഗരികതയുടെ വര്‍ണപ്പൊലിമയില്‍ വിപണിയും മാധ്യമങ്ങളും വിവര സാങ്കേതിക വിദ്യയുമെല്ലാം മിന്നിമറയുന്നു.
‘കാല’ത്തിലെ നായകന് സേതു നഗരത്തിന്റെ നഗ്നമായ വശ്യതയില്‍ സുകൃഷ്ടനായി. തന്റെ ആത്മാവിന്റെ ഭാഗമായ സുമിത്രയെയും തങ്കമണിയെയും മറന്ന്, നഗരത്തിലെ പരിഷ്കാരി പെണ്ണുങ്ങളുടെ ഉടയാടകള്‍ അഴിച്ചുമാറ്റി-ഒടുവില്‍ സേതു ഗ്രാമത്തിന്റെ ചാരുതയിലേക്ക് മടങ്ങി വരുന്നു. സ്ത്രീ സുഖവും പണത്തിന്റെ സുമചാരുതയും ആവശ്യത്തിലേറെ ആസ്വദിച്ചെങ്കിലും മനസ്സിന്റെ ഊടുവഴികളില്‍ വിഷാദം തളംകെട്ടി നില്ക്കുന്നു. നഗര സംസ്കാരത്തിന്റെ അറബിക്കടലില്‍ നീന്തി ഒടുവില്‍ ഗ്രാമത്തിന്റെ ചെറുപുഴയില്‍ എത്തിച്ചേരുമ്പോള്‍ സേതുവില്‍ കാലം വരുത്തിയ മാറ്റം എംടി മികച്ച രീതിയില്‍ അവതരിപ്പിക്കുന്നു. എംടി പ്രകൃതിയെ സെന്‍ട്രല്‍ പോയിന്റില്‍ നിര്‍ത്തി രചിച്ച കാലം എന്ന നോവലിന്റെ ആദ്യ അദ്ധ്യായത്തില്‍ തന്നെ ‘വെയില്’ ‘ഉഷ്ണം’ ‘നനഞ്ഞ മണല്‍’, ‘കുളം’ ‘റെയില്‍പ്പാളം’ തുടങ്ങിയ ഇമേജറികള്‍ വാരി വിതറിയിരിക്കുന്നു.
ഗ്രാമത്തെ കുറിച്ചെഴുതുമ്പോള്‍ പൂക്കാലത്തെ കുറിച്ചും ആമ്പല്‍കുളത്തെക്കുറിച്ചും, നഗരത്തെക്കുറിച്ചെഴുതുമ്പോള്‍ നുര കുത്തുന്ന മാലിന്യത്തെക്കുറിച്ചും എംടി എഴുതുന്നു. ”അല്ലാഹുവിന്റെ ഖജനാവില്‍ സമയം അനന്തമാണ്, സമയം ഏത് സമയത്തും നമ്മെ വിസ്മൃതിയിലേക്ക് തട്ടിയിടാം” എന്ന് ബഷീര്‍ എഴുതി. കാലത്തിന്റെ അവസാനത്തെ താളുകള്‍ മറിച്ചുനോക്കുമ്പോള്‍ ”വരണ്ട പുഴപോലെ മനസ്സ് ഒഴിഞ്ഞ് കിടക്കുന്നു.” (പുരം 304) ”അവസാനിക്കാത്ത മണല്‍ത്തട്ടിലൂടെ, ചുഴ്ന്നു പോവുന്ന കാലടികള്‍ വലിച്ചു വലിച്ചു നടക്കുമ്പോള്‍ കാലം പുഴപോലെ ഒഴുകുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: