Categories: Varadyam

പ്രണയ ഭാവങ്ങളുടെ രാഗ ഭേരി

മലയാളിയുടെ കാല്‍പനിക ഭാവങ്ങള്‍ സംഗീതരൂപത്തില്‍ ജനപ്രിയമാകുന്നത് ചലച്ചിത്ര ഗാനങ്ങളിലൂടെയാണ്. സാംസ്‌കാരിക ലോകത്ത് ശക്തമായ സംവേദന മാധ്യമമായി പാട്ടുകള്‍ മാറി. നാടകഗാനങ്ങള്‍ ജനപ്രിയ മേഖലയില്‍ സജീവമായെങ്കിലും സിനിമയുടെ സാധ്യതയിലും സാങ്കേതികതയിലും ഉണ്ടായ മുന്നേറ്റത്തില്‍ നാടക സംഗീതത്തിനു പിടിച്ചുനില്‍ക്കാനായില്ല. ആദ്യകാലത്ത് ഹിന്ദി പാട്ടുകളുടെ ഈണങ്ങള്‍ കടമെടുത്തായിരുന്നു ഒരുക്കിയിരുന്നത്. ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, കെ.രാഘവന്‍ എന്നീ സംഗീതജ്ഞരുടെ നേതൃത്വത്തില്‍ മലയാളസംഗീതത്തിന്റെ അസ്തിത്വം കണ്ടെത്താനുള്ള അന്വേഷണമാരംഭിച്ചു.  

1938 ല്‍ പുറത്തിറങ്ങിയ ബാലന്‍ എന്ന ചിത്രം മുതല്‍ എ.ആര്‍ റഹ്മാന്റെ കാലം വരെ പാട്ടുകളില്‍ രാഗങ്ങളുടെ ശക്തമായ സ്വാധീനമുണ്ടായിരുന്നു. അതുവരെ രാഗാധിഷ്ഠിതമായ ഗാനങ്ങളുടെ പാരമ്പര്യം തുടര്‍ന്നു. വികാര ആവിഷ്‌കാരങ്ങളില്‍, രാഗസ്വരങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ഭാവങ്ങളെ സംഗീതജ്ഞര്‍ വികസിപ്പിച്ചു. ജനപ്രിയ ഗാനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന രാഗങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നു ആഭേരി എന്ന സരളമാധുര്യം നിറഞ്ഞ രാഗം.

പ്രണയിനികളുടെ രാഗമാണ് ആഭേരി. പ്രണയം ആവിഷ്‌കരിക്കാന്‍ ഇത്രയും യോജ്യമായ മറ്റൊരു രാഗമില്ല. ഈ രാഗത്തിലെ മെലഡിയുടെ സൗന്ദര്യഭാവമാണ് ഇതിനു കാരണമാകുന്നത്. ഈ രാഗം കേട്ടുകൊണ്ട് അല്ലെങ്കില്‍ പാടിക്കൊണ്ടിരുന്നാല്‍ കടുത്ത വെയിലിലോ മഴയിലോ എത്ര സമയം വേണമെങ്കിലും ചെലവഴിക്കാം. കഠിനമായ ചൂടോ തണുപ്പോ നമ്മളെ ബാധിക്കുന്നില്ല. അത്രയ്‌ക്ക് മനസ്സിനെയും അതുവഴി ശരീരത്തെയും നിര്‍വൃതിയുടെ ആ ഉന്മാദാവസ്ഥ കീഴടക്കുന്നു. ആരോഹണാവരോഹണം നോട്ടുകള്‍ മാത്രം പാടിയാല്‍ തന്നെ വികാരനുഭൂതിയുടെ തരംഗങ്ങള്‍ ഉണര്‍ത്താനുള്ള ഈ രാഗത്തിന്റെ കഴിവ് അപാരമാണ്. പ്രണയം കഴിഞ്ഞാല്‍ കരുണ, വിരഹ, വിഷാദ ഭാവങ്ങളാണ് ഉപയോഗിക്കുന്നത്. പാട്ടുചരിത്ര വഴികളില്‍ ഓരോ കാലത്തും ആഭേരിയുടെ വൈവിധ്യങ്ങള്‍ ആഘോഷിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും പ്രണയത്തിന്റെ അനശ്വരത ഈ രാഗത്തിലൂടെ ആവിഷ്‌കരിച്ചിട്ടുണ്ട്. 

മലയാള ചലച്ചിത്ര സംഗീതത്തില്‍ ഏറ്റവുമധികം നിറഞ്ഞുനിന്നത് ഖരഹരപ്രിയയും അതിന്റെ ജന്യരാഗങ്ങളും വകഭേദങ്ങളുമാണ്. മൈനര്‍ നോട്ടുകളുടെ സൗന്ദര്യമാണ് ആകര്‍ഷിക്കുന്നതിന്റെ മുഖ്യഘടകം. സിനിമ റിലീസായിട്ടില്ലെങ്കിലും ഹിറ്റായിട്ടില്ലെങ്കിലും പാട്ടുകളുടെ പേരിലാണ് ഇന്ന് മിക്ക സിനിമകളും ഓര്‍മിക്കപ്പെടുന്നത്. സിനിമയില്‍ നിന്നു സ്വതന്ത്രമായി പാട്ടുകള്‍ ഇടം കണ്ടെത്തിയിരിക്കുന്നു.

എല്ലാ സംഗീത സംവിധായകരും വളരെ ഓമനിച്ചാണ് ഈ രാഗം പാട്ടുകളില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. വരികള്‍ ഏതായാലും രാഗം ആഭേരിയാണെങ്കില്‍ പാട്ട് ഹിറ്റാകും എന്നുറപ്പാണ്. ദേവരാജന്‍ മാസ്റ്ററും രവീന്ദ്രന്‍ മാഷുമാണ് ഈ രാഗത്തില്‍ ഏറ്റവും കൂടുതല്‍ ആകൃഷ്ടരായിട്ടുള്ളത്. 1962ല്‍ ഭാര്യ എന്ന ചിത്രത്തിലെ വയലാര്‍ രചനയില്‍ ഓമനക്കയ്യില്‍ ഒലിവിലക്കൊമ്പുമായ് ഓശാനപ്പെരുന്നാളു വന്നൂ… എന്ന ഗാനം ദേവരാജന്‍ ഒരു നാടോടി ഇണത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 1964ലെ ഗുരുവായൂരപ്പന്‍ എന്ന ചിത്രത്തിലെ അഭയദേവ്-ദക്ഷിണാമൂര്‍ത്തി ടീമിന്റെ രാധാമാധവ ഗോപാല രാഗമനോഹരശീല… എന്ന യേശുദാസ് പാടിയ ഗാനം ആഭേരിയുടെ ഭക്തിരസം കാണിച്ചുതരുന്നു. 1965ല്‍ വയലാര്‍-ദക്ഷിണാമൂര്‍ത്തിയുടെ കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി… രാഗച്ഛായ നിറഞ്ഞ മെലഡിയാണ്. 1960ല്‍ വീണേ പാടുക പ്രിയതരമായ്… എന്ന ഗാനം അഭയദേവ് രചിച്ച് ദക്ഷിണാമൂര്‍ത്തി ഈണം നല്‍കിയതാണ്. പി. സുശീല പാടിയ ഈ ഗാനം രാഗഭാവം നിറഞ്ഞുനില്‍ക്കുന്നതാണ്. 1967ല്‍ ഇന്ദുലേഖ എന്ന ചിത്രത്തില്‍ പാപ്പനംകോട് ലക്ഷ്മണ്‍ രചിച്ച് ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കിയ സല്‍ക്കലാ ദേവിതന്‍ ചിത്രഗോപുരങ്ങളേ സര്‍ഗ്ഗസംഗീതമുണര്‍ത്തൂ… എന്ന സംഘഗാനം കലാനിലയം നാടകങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്.  

ആഭേരിരാഗത്തിന്റെ പ്രണയഭാവം കൂടുതല്‍ തെളിയുന്നത് 1968ലെ പാടുന്ന പുഴ എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍തമ്പി-ദക്ഷിണാമൂര്‍ത്തി ടീമിന്റെ ഹൃദയസരസ്സിലെ പ്രണയപുഷ്പമേ… എന്ന ഗാനത്തിലാണ്. ഇതില്‍ രാഗചാരുത അനന്യമായിരിക്കുന്നു. പ്രണയാനുഭവത്തിന്റെ വൈകാരികത നിറഞ്ഞ, എക്കാലത്തെയും ജനസമ്മിതിയാര്‍ജ്ജിച്ച ഗാനമാണിത്. അതിനുശേഷം ഒരു ഹിറ്റ് വരുന്നത് സ്വര്‍ഗ്ഗ ഗായികേ ഇതിലേ ഇതിലേ… എന്ന ഗാനമാണ്. പി.ഭാസ്‌കരന്‍-ദേവരാജന്‍ ആണ് ഈ ഗാനത്തിന്റെ ശില്‍പികള്‍. ആഭേരിരാഗത്തിലെ~ഒരു മെഗാഹിറ്റ് ആയിരുന്നു ഇത്. മഹാനടന്‍ സത്യനെ ഈ ഗാനം കൂടാതെ ഓര്‍ക്കാന്‍ കഴിയില്ല. ഇന്ദ്ര വല്ലരി പൂചൂടി വരും…, വിലാസ ലതികേ… (രണ്ടു ലോകം) എന്നീ ആഭേരി ഗാനങ്ങളും ഈ ജോഡികളുടെ സൃഷ്ടികളില്‍ പ്രധാനപ്പെട്ടവയാണ്. 

ദക്ഷിണാമൂര്‍ത്തി ആഴത്തിലുള്ള രാഗഭാവങ്ങളുടെ ഗമഗങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു ശൈലിയാണ് അവലംബിക്കുന്നത്. വയലാര്‍-ദക്ഷിണാമൂര്‍ത്തി കൂട്ടുകെട്ടിലെ ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം… ഉദാഹരണം. എന്നാല്‍ ദേവരാജന്‍ മാസ്റ്ററാകട്ടെ രാഗത്തിന്റെ ഭാവങ്ങളെ നേരിട്ട് ഉപയോഗിക്കാതെ വരികളുടെ അര്‍ത്ഥങ്ങള്‍ക്കുവേണ്ടി ഗമഗങ്ങളെ തേച്ചുമിനുക്കിയെടുത്ത് പാട്ടില്‍ മധുരതരമായ ഇടങ്ങള്‍ സൃഷ്ടിക്കുന്നു. ചിലപ്പോള്‍ പ്ലെയിന്‍ നോട്ടുകള്‍ പ്രണയ സ്വരങ്ങളാക്കി അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലെ സുന്ദരീ… നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍മുടിയില്‍…. എന്ന ഗാനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് ആഭേരിയുടെ സൗന്ദര്യമാണ്.

1972ല്‍ ടാക്‌സി കാര്‍ എന്ന ചിത്രത്തില്‍ തമ്പി -ആര്‍.കെ ശേഖര്‍ ടീമിന്റെ താമരപ്പൂ നാണിച്ചു… എന്ന ഗാനത്തിലൂടെ ബ്രഹ്മാനന്ദന്‍ എന്ന ഗായകന്റെ പ്രണയാതുരമായ ശബ്ദം ആസ്വാദകര്‍ തിരിച്ചറിഞ്ഞു. ആഭേരി ഉപയോഗിച്ചുള്ള പുതുമയാര്‍ന്ന ഓര്‍ക്കസ്‌ട്രേഷന് ഒരു തുടക്കമായിരുന്നു ഇത്. അനുഭവം എന്ന് ഐ.വി. ശശി ചിത്രത്തിലെ ബിച്ചു തിരുമല – എ.ടി. ഉമ്മര്‍ ടീമിന്റെ  വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലയ്‌ക്കുള്ളില്‍… എന്ന ഗാനം എക്കാലത്തെയും ഹിറ്റാണ്. എം.കെ അര്‍ജുനന്‍മാസ്റ്റര്‍ക്ക് കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്ത ഒരു ഗാനമാണ് കുയുലിന്റെ മണിനാദം കേട്ടു കാട്ടില്‍…(1973) ആഭേരിയുടെ വികസിതമായ പ്രണയ ഭാവങ്ങള്‍ മലയാള ചലച്ചിത്രസംഗീതത്തില്‍ ഈ ഗാനത്തിലുടെ മുദ്രപതിപ്പിച്ചു. ഇതാ ഇവിടെ വരെ എന്ന പത്മരാജന്‍ ചിത്രത്തില്‍ രാസലീല.. എന്ന കോറല്‍ അകമ്പടിയുള്ള ഗാനം ആഭേരിയിലൂടെ രതിഭാവങ്ങളെ ആവിഷ്‌കരിച്ചിരിക്കുന്നു. കാറ്റുവന്നൂ നിന്റെ കാമുകന്‍ വന്നൂ… (ദേവരാജന്‍-ജികെ. പള്ളത്ത്) പി. ജയചന്ദ്രന്റെ ഭാവപൂര്‍ണ്ണമായ ആലാപനം ഈ ഗാനത്തെ വേറിട്ടുനിര്‍ത്തുന്നു. 

1982ല്‍ പ്രേമാഭിഷേകം എന്ന ചിത്രത്തില്‍ പൂവച്ചല്‍ഖാദര്‍ രചിച്ച് ഗംഗൈ അമരന്റെ ഈണത്തില്‍ പിറന്ന നീലവാനച്ചോലയില്‍… ആഭേരിയുടെ വഴിയിലെ മറ്റൊരു നാഴികക്കല്ലാണ്. ഈ കാലത്ത് ഓര്‍ക്കസ്‌ട്രേഷന്‍ വൈവിധ്യവും വികാസവും കൈവരിച്ചിരുന്നു. എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ഈ ഗാനം തരംഗം സൃഷ്ടിച്ചു.

ആഭേരി രാഗത്തിന്റെ ഒരു വിസിറ്റിംഗ് കാര്‍ഡ് ആണ് ത്യാഗരാജ സ്വാമിയുടെ ‘നഗുമോമു ഗനലേ നീ’ എന്ന കീര്‍ത്തനം. ദ്രുത താളത്തിലും ഈ കീര്‍ത്തനം ശോഭിക്കും. ഇതിനു മുന്‍പ് സിനിമാ പാട്ടുകള്‍ അനേകം ഈ രാഗത്തില്‍ വന്നിട്ടുണ്ടെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നത് ചിത്രം എന്ന സിനിമയില്‍ നെയ്യാറ്റിന്‍കര വാസുദേവനും എം.ജി. ശ്രീകുമാറും പാടി, നെടുമുടി വേണുവും മോഹന്‍ലാലും അഭിനയിക്കുന്ന നഗുമോ… പാട്ടുരംഗത്തിലൂടെയാണ്. മൈസൂര്‍ വാസുദേവാചാര്യരുടെ ‘ഭജരേ രേ മാനസ… എന്ന കൃതി വളരെ വിളംബത്തില്‍ പാടുമ്പോഴാണ് ആഭേരിയുടെ സുഖം നമ്മെ കൂടുതല്‍ അനുഭവിപ്പിക്കുന്നത്. ദീക്ഷിതരുടെ ‘വീണാഭേരി’, ശ്യാമശാസ്ത്രിയുടെ ‘നിന്നു വിനാ മരിഗലദാ’, പാപനാശം ശിവന്റെ ‘കാന്താ വന്തരുള്‍’, ‘ എന്നിവ പ്രധാന കൃതികളാണ്.  പ്രശസ്ത സംഗീതജ്ഞന്‍ എല്‍.ശങ്കറിന്റെ വയലിന്‍ വാദനം ആഭേരിയിലൂടെ ഒരു സുഖമുള്ള ദീര്‍ഘയാത്രയാണ്. 

ആഭേരിയുടെ ചടുലമായ പുതിയ മുഖം രവീന്ദ്രന്‍ മാസ്റ്ററാണ് അനാവരണം ചെയ്യുന്നത്. 90കളുടെ തുടക്കം ഈ രാഗ ഉപയോഗത്തിന്റെ സുവര്‍ണ്ണകാലമായിരുന്നു എന്നു പറയാം. മലയാള ചലച്ചിത്ര സംഗീതത്തില്‍ ആഭേരിയുടെ മെലഡിഭാവം പൂത്തുലയാന്‍ തുടങ്ങിയത് ഈ കാലത്താണ്. തമ്മില്‍ തമ്മില്‍ എന്ന ചിത്രത്തില്‍ നിശയുടെ ചിറകില്‍ നീ വന്നു… എന്ന ഗാനം  ആധുനികത നിറഞ്ഞതായിരുന്നു. അന്നത്തെ കാമ്പസുകളില്‍ യുവാക്കള്‍ക്ക് ഹരമായിരുന്നു ഈ ഗാനം. ഒരു ആര്‍.ഡി. ബര്‍മന്‍ സ്റ്റൈലിലുള്ള ചടുലമായ ഓര്‍ക്കസ്‌ട്രേഷനില്‍ ഡ്രം ബീറ്റ് നിറഞ്ഞ ഡിസ്‌കോ ഐറ്റമാണ്. ഗാനമേളകള്‍ സജീവമായ അക്കാലത്ത് ഈ ഗാനം ഒഴിവാക്കാനാവാത്തതായിരുന്നു. ഈ പാട്ടുകള്‍ യേശുദാസും രവീന്ദ്രനും തമ്മിലുള്ള മാജിക്കല്‍ കോമ്പിനേഷനുകള്‍ക്ക് തുടക്കം കുറിച്ചു. സിന്ധു,, പ്രിയ സ്വപന മഞ്ജരി ചൂടി എന്നില്‍… (താളം തെറ്റിയ താരാട്ട്), രാജീവം വിടരും നിന്‍ ചൊടിയില്‍… എന്നിവ ബിച്ചുതിരുമല-രവീന്ദ്രന്‍ കൂട്ടുകെട്ടിന്റെ ഹിറ്റുകള്‍ക്കു തുടക്കം കുറിച്ചു. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ മാനേ, മലരമ്പന്‍ വളര്‍ത്തുന്ന… ഈ ശ്രേണിയില്‍ പെടുന്നതാണ്. ഗമപനിസഗ… രിഗരിരിഗരി എന്നീ സ്വരപ്രയോഗങ്ങള്‍ ആ പാട്ടിനെ ജീവസ്സുറ്റതക്കി. കൈതപ്രം രവീന്ദ്രന്‍ ടച്ചും മോഹന്‍ലാലിന്റെ അസാദ്ധ്യ പ്രകടനവും, യേശുദാസിന്റെ ചടുലമായ ആലാപനവും ആഭേരി ഗാനങ്ങളില്‍ മുന്തി നില്‍ക്കുന്നവയാണ്. മാനസങ്ങള്‍ക്കു പിറകെ…, ആരോമല്‍ ഹംസമേ… എന്നിവ രവീന്ദ്രന്‍ ശൈലി നിറഞ്ഞു നില്‍ക്കുന്നതാണ്. 1991ല്‍ ഭൂമിക എന്ന ചിത്രത്തിലെ പി.കെ. ഗോപിയുടെ രചനയില്‍ മനസിലൊരായിരും കിളിവാതില്‍…എന്ന ഗാനത്തിലെ ഈണം ചമ്പക്കുളം തച്ചനിലെ മകളെ പാതി മലരേ… എന്ന ഗാനത്തിലും പിന്നീട് പ്രത്യക്ഷപ്പെട്ടു. വിഷ്ണുലോകത്തിലെ മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ….എന്നഗാനം എം.ജി. ശ്രീകുമാറിന്റെ വലിയ ഹിറ്റായിരുന്നു. വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് മുറ്റത്ത് നില്‍ക്കണ… പി.ഭാസ്‌കരന്‍-രവീന്ദ്രന്‍ ജോഡിയുടെ ഗാനത്തെ നഗുമോ കീര്‍ത്തനത്തിന്റെ ഹമ്മിംഗ് അകമ്പടി വല്ലാതെ പോപ്പുലറാക്കി. എസ്. രമേശന്‍ നായരുടെ രചനയിലുള്ള ദേവസന്ധ്യാ… എന്ന രവീന്ദ്രന്‍ മാഷുടെ അവസാന ഗാനവും ആഭേരിയിലുള്ളതാണ്. അത്രയ്‌ക്ക് ഈ രാഗം അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ( അടുത്ത ലക്കത്തില്‍ അവസാനിക്കും)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക