ന്യൂദല്‍ഹി: രാമസേതുവിന് ദേശീയ പൈതൃക സ്മാരക പദവി നല്‍കണമെന്ന ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമിയുടെ അപേക്ഷ മൂന്ന് മാസത്തിനു ശേഷം പരിഗണിക്കുമെന്ന് സുപ്രീം കോടതി. ഇന്ത്യയേയും ശ്രീലങ്കയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലംപോലുള്ള ചുണ്ണാമ്പുകല്ലുകളുടെ ശൃംഖലയാണ് രാം സേതു. രാവണന്‍ തട്ടിക്കൊണ്ടുപോയ സീതയെ രക്ഷപ്പെടുത്താന്‍ വാനര സൈന്യമാണ് രാമ സേതു നിര്‍മ്മിച്ചതെന്നാണ് ഇതിഹാസ കാവ്യമായ രാമായണം പറയുന്നത്. ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സുബ്രമണ്യന്‍ സ്വാമിയുടെ വാദം കേട്ടത്.
രാമ സേതു സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 13 നാണ് സുപ്രീംകോടതി കേന്ദ്രത്തിന് ആറ് ആഴ്ച അനുമതി നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിഞ്ഞശേഷം കേസ് പരിഗണിക്കാം എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. മൂന്നു മാസത്തിനുശേഷം ഇക്കാര്യം പരിശോധിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
















