തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിന് റെയ്ഡ് ആരംഭിച്ചു. 12 കടകളില്‍ റെയ്ഡ് നടത്തിയ നഗരസഭാ ആരോഗ്യ വിഭാഗം എട്ട് കടകളില്‍ നിന്നായി 15 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. ഇവരില്‍ നിന്ന് 10,000 രൂപ വീതം പിഴ ഈടാക്കുമെന്ന് റെയിഡിന് നേതൃത്വം നല്‍കുന്ന തളിപ്പറമ്പ് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി. ബൈജു പറഞ്ഞു.
തളിപ്പറമ്പ് റവന്യൂ ഡിവിഷന് കീഴില്‍ പ്ലാസ്റ്റിക്കിനെതിരെ നടപടികള്‍ കര്‍ശനമാക്കാന്‍ സബ് കളക്ടര്‍ എസ്. ഇലക്യയുടെ അധ്യക്ഷതയില്‍ ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നിരുന്നുവെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ജനുവരി 15 വരെ ബോധവല്‍ക്കരണ പരിപാടികളും അതിന് ശേഷം നടപടി എന്നുമാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.
എന്നാല്‍ 15ന് ശേഷവും വ്യാപാരി വ്യവസായി സംഘടനകളുടെ എതിര്‍പ്പ് മൂലം നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കാനോ പിഴ ഈടാക്കാനോ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. വെള്ളിയാഴ്‌ച്ച മുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്നാണ് സബ് കളക്ടര്‍ അടിയന്തിരമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്ത് നടപടികള്‍ ആരംഭിച്ചത്. 2019 ഡിസംബര്‍ 17ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതുക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരം നിര്‍ദ്ദേശിച്ച എല്ലാ വിധത്തിലുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പിടിച്ചെടുക്കുകയും പിഴയീടാക്കുകയും ചെയ്യാനാണ് തീരുമാനം.
റെയിഡിന് സബ് കളക്ടര്‍ എസ്. ഇലക്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തളിപ്പറമ്പില്‍ പരിശോധന നടന്നത്. പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കുന്നത് വരെ റെയിഡ് തുടരാനാണ് അധികൃതരുടെ തീരുമാനം. പരിശോധനക്ക് ബിജോയ്. പി.ജോസഫ്, എന്‍. രാഖി, എസ്. അബ്ദുറഹ്മാന്‍ എന്നിവരും നേതൃത്വം നല്‍കി.
















