കാസര്‍കോട്: ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. തലപ്പാടി കെസി റോഡ് സ്വദേശിയും പാവൂര്‍ കിദമ്ബാടിയിലെ താമസക്കാരനുമായ ഇസ്മയിലി(50)ന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇസ്മയിലിന്റെ ഭാര്യ ആയിഷ (30), അയല്‍വാസിയും കാമുകനുമായ മുഹമ്മദ് ഹനീഫ (35) എന്നിവരെ മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തു.
ഇക്കഴിഞ്ഞ 20നാണ് ഇസ്മയിലിനെ സ്വന്തം വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കാണാനെത്തിയ ബന്ധുക്കള്‍ക്ക് ഇസ്മയിലിന്റെ കഴുത്തില്‍ കയര്‍ മുറുകിയതു പോലുള്ള പാടുകള്‍ കണ്ടതോടെ സംശയം തോന്നി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഭാര്യയെ ചോദ്യം ചെയ്തതോടെ തൂങ്ങിയ നിലയില്‍ കണ്ടപ്പോള്‍ കെട്ടഴിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്. അയല്‍വാസി മുഹമ്മദ് ഹനീഫയുടെ സഹായത്തോടെയാണ് മൃതദേഹം താഴയിറക്കിയതെന്നും ഇവര്‍ സൂചിപ്പിച്ചിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. കഴുത്തില്‍ കയര്‍ കുരുങ്ങി ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇസ്മയിലിന്റെ മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും രക്തം ഒലിച്ചിറങ്ങിയിരുന്നു. ഇതെല്ലാം സംശയം വര്‍ധിപ്പിച്ചിരുന്നു. ഭാര്യയെ ചോദ്യം ചെയ്തതില്‍ നിന്നും ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കുന്നതായും ഇതിനാല്‍ 10,000 രൂപ ഹനീഫയ്‌ക്ക് നല്‍കി കൊല നടത്തുകയുമായിരുന്നുവെന്നാണ് മൊഴി നല്‍കിയത്.
ഹനീഫയുടെ കൂട്ടാളികളായ മറ്റു രണ്ടുപേര്‍ കൂടി ചേര്‍ന്നാണ് കൊല ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കൂട്ടുപ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആയിഷയും മുഹമ്മദ് ഹനീഫയും അടുപ്പത്തിലായിരുന്നുവെന്നും സൂചനകള്‍ പുറത്തു വന്നിട്ടുണ്ട്. ഇസ്മയിലിന് ഒരു മകളും രണ്ട് ആണ്‍മക്കളുമുണ്ട്. കല്യാണം കഴിഞ്ഞ മകള്‍ ഭര്‍തൃവീട്ടിലും ആണ്‍മക്കള്‍ ഗള്‍ഫിലുമാണ്.
















