തൃശൂര്‍: എന്‍ഫോഴ്സ്മെന്റ് പിടിയിലായ റോബര്‍ട്ട് വാദ്രയുടെ ബിനാമി സി.സി. തമ്പിയുടെ കൈവശം കോടികള്‍ വിലമതിക്കുന്ന പുരാവസ്തു ശേഖരവും. ഇന്ത്യയില്‍ നിന്നുള്ള വിഗ്രഹങ്ങളാണ് ഇവയിലേറെയും. അജ്മാനിലെ ഗോഡൗണിലാണ് ശില്‍പ്പങ്ങളും വിഗ്രഹങ്ങളും കണ്ടെത്തിയത്.
അന്താരാഷ്ട്രവിപണിയില്‍ കോടികള്‍ ലഭിക്കുന്ന വിഗ്രഹങ്ങള്‍ ഇന്ത്യയില്‍ നിന്ന് കടത്തിയതാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. വന്‍ വിലയ്ക്ക് ശില്‍പ്പങ്ങളും വിഗ്രഹങ്ങളും കച്ചവടം നടത്തിയതായും വ്യക്തമായിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ്- ആയുധ ഇടപാടുകള്‍ക്ക് പുറമേ വിഗ്രഹക്കടത്തും നടത്തിയിരുന്നതായാണ് സൂചന. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഭരണസ്വാധീനമുപയോഗിച്ചാണ് തമ്പി വ്യവസായ സാമ്രാജ്യത്തിന് അടിത്തറയിട്ടത്. രണ്ടായിരത്തോളം ജീവനക്കാരാണ് ഇന്ന് തമ്പിയുടെ വിവിധ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്നത്.
റോബര്‍ട്ട് വാദ്രയുടെ ബിനാമി ആയി ഇന്ത്യയിലും വിദേശത്തും നിരവധി റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മരടില്‍ ഇപ്പോള്‍ നിയമനടപടി നേരിടുന്ന (പൊളിച്ചവയല്ല) ഫ്ളാറ്റ് സമുച്ചയം തമ്പിയുടെ ഗ്രൂപ്പിന്റെ പേരിലുള്ളതാണ്.
റോബര്‍ട്ട് വാദ്ര ബ്രിട്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണം നടക്കുന്നുണ്ട്. അദ്ദേഹത്തില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമ്പിയെയും ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും മൊഴികളില്‍ വൈരുധ്യം കണ്ടതിനെത്തുടര്‍ന്ന് കള്ളപ്പണം തടയല്‍ നിയമപ്രകാരം (പി.എം.എല്‍.എ) തമ്പിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
വാദ്രയെ പരിചയപ്പെടുത്തിയത് സോണിയായുടെ പിഎ ആണെന്നാണ് വ്യവസായിയുടെ മൊഴി. സോണിയയുടെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന വിന്‍സെന്റ് ജോര്‍ജ്, പി.പി. മാധവന് എന്നിവരാണ് തമ്പിക്ക് സോണിയയും വാദ്രയുമായി അടുപ്പമുണ്ടാക്കുന്നതിന് സഹായിച്ചത്.
ഒരു വിമാനയാത്രയ്ക്കിടയിലാണ് താന്‍ സി.സി തമ്പിയെ പരിചയപ്പെട്ടതെന്നാണ് റോബര്‍ട്ട് വാദ്ര അന്വേഷണോദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്. സോണിയാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി മുഖേനയാണ് താന്‍ വാദ്രയെ പരിചയപ്പെട്ടതെന്ന തമ്പിയുടെ മൊഴിയുമായി ഇത് പൊരുത്തപ്പെടുന്നില്ല. ലണ്ടനിലെ തന്റെ ഫ്ളാറ്റില്‍ വാദ്ര തങ്ങിയതായും തമ്പി മൊഴി നല്‍കിയിട്ടുണ്ട്.
റോബര്‍ട്ട് വാദ്രയുമായി ബന്ധപ്പെട്ട കേസിനു പുറമെ, തമ്പി സ്വന്തം നിലയ്ക്കു സ്വത്തുക്കള്‍ വാങ്ങിയതും ഇ.ഡി. അന്വേഷിച്ചുവരികയാണ്. തൃശൂര്‍ പെരുമ്പിലാവിനടുത്ത് കോട്ടോല്‍ സ്വദേശിയായ തമ്പി മൂന്നു പതിറ്റാണ്ടോളമായി ഗള്‍ഫില്‍ വ്യവസായിയാണ്. യു.എ.ഇ.യിലെ അജ്മാന് കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവര്‍ത്തനം.
തമ്പിയുടെ ഉടമസ്ഥതയിലുള്ള ഹോളിഡേ സിറ്റി സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ്, ഹോളിഡേ പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, ഹോളിഡേ ബേക്കല്‍ റിസോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയെക്കുറിച്ചും ഇ.ഡി. അന്വേഷിക്കുന്നുണ്ട്. കേരളത്തില്‍ സ്വത്തുക്കള്‍ വാങ്ങിയത് വിദേശ വിനിമയച്ചട്ടം ലംഘിച്ചുകൊണ്ടാണെന്നും കണ്ടെത്തി. കൊച്ചിയില്‍ ഇത് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകള്‍ കഴിഞ്ഞ ദിവസം ഇഡിയുടെ ഹെഡ്ക്വാര്‍ട്ടര്‍ വിങ്ങിന് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: