ദാസ്ഗുപ്ത ശാങ്കരവേദാന്തത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്. അതിനായി അദ്ദേഹം ദശോപനിഷത്തുകള്‍, ബ്രഹ്മസൂത്രം എന്നിവയ്‌ക്ക് ശങ്കരാചാര്യര്‍ എഴുതിയ ഭാഷ്യങ്ങളോടൊപ്പം, ശാങ്കരപരമ്പരയിലെ മറ്റു പണ്ഡിതന്മാരുടെ കൃതികളേയും അവലംബിക്കുന്നുണ്ട്. ശാങ്കരഭാഷ്യങ്ങള്‍ സംക്ഷിപ്തങ്ങളാണെന്നും തന്മൂലം അവ്യക്തതകള്‍ ധാരാളമുണ്ടെന്നും അവയെ അദ്ദേഹത്തിന്റെ അനുയായികള്‍ തങ്ങളുടെ രചനകളില്‍ പലതരത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നും ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. തന്മൂലം തന്റെ പഠനം കേവലം ശങ്കരാചാര്യരുടെ വീക്ഷണത്തെ അടിസ്ഥാനപ്പെടുത്തി മാത്രമല്ല ആചാര്യരുടെ സിദ്ധാന്തത്തോടു പ്രതിബദ്ധത പുലര്‍ത്തുന്നവയാണ് തങ്ങളുടെ നിലപാടുമെന്നു ഉറപ്പിച്ചു പറയുന്ന അനുയായികളുടെ വിശദീകരണങ്ങളും കണക്കിലെടുത്തുകൊണ്ടുള്ളതാണ് എന്നും അദ്ദേഹം പറയുന്നു. വൈദികങ്ങളായ മീമാംസാ, ന്യായം മുതലായ ദര്‍ശനങ്ങള്‍ക്ക് മൂലഗ്രന്ഥങ്ങളായി സൂത്ര (മീമാംസാസൂത്രം, ന്യായസൂത്രം) ങ്ങളാണുള്ളത്. മറ്റ് അടിസ്ഥാനകൃതികള്‍ ലഭ്യമല്ല. വേദാന്തത്തിനാകട്ടെ ഉപനിഷത്തുകള്‍ ആണ് അടിസ്ഥാനം. ബ്രഹ്മസൂത്രം സുഘടിതമായ ഒരു അതിസംക്ഷിപ്തം മാത്രമാണ്. ശങ്കരാചാര്യര്‍ താനാണ് ഈ അദൈ്വതപദ്ധതി കണ്ടെത്തിയതെന്നോ ആദ്യഅവതാരകനെന്നോ അവകാശപ്പെടുന്നില്ല. മറിച്ച് ഉപനിഷത്തുകളില്‍ പരസ്പരഘടിതവും ചിട്ടയാര്‍ന്നതുമായ ഈ ചിന്താപദ്ധതി ഉണ്ടെന്നും അതു തന്നെയാണ് ബ്രഹ്മസൂത്രത്തിലും കാണപ്പെടുന്നതെന്നുമുള്ള തരത്തില്‍ ഉപനിഷത്തുകളേയും ബ്രഹ്മസൂത്രത്തേയും വ്യാഖ്യാനിക്കുകയാണു ചെയ്തത്. ഉപനിഷത്തുകള്‍ വേദഭാഗങ്ങളായതിനാല്‍ ഒരിക്കലും തെറ്റുപറ്റാത്തവയാണെന്നു വൈദികഹിന്ദുക്കള്‍ കരുതിപ്പോന്നിരുന്നു. തന്റെ വിശദീകരണമാണു ശരി എന്നു ബോധ്യപ്പെടുത്തിയാല്‍ ഏറ്റവും വലിയ പ്രമാണമായ വേദത്തിന്റെ അടിസ്ഥാനത്തിലുള്ളതെന്ന നിലക്ക് തന്റെ സിദ്ധാന്തം വൈദികഹിന്ദുക്കളെല്ലാവരും അംഗീകരിക്കുമെന്നു ശങ്കരാചാര്യര്‍ കണ്ടു.
ഇക്കാര്യത്തില്‍ തന്റെ മുഖ്യപ്രതിയോഗികള്‍ മീമാംസകരാണ് എന്നും അദ്ദേഹം മനസ്സിലാക്കി. വേദങ്ങള്‍ സിദ്ധാന്തങ്ങളൊന്നും മുന്നോട്ടു വെക്കുന്നില്ല എന്നും ഒരോ കര്‍മ്മം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിധിനിഷേധങ്ങള്‍ അനുശാസിക്കുക മാത്രമാണു ചെയ്യുന്നതെന്നുമായിരുന്നു അവരുടെ നിലപാട്.
ബ്രഹ്മോപാസന എന്ന വൈദികകര്‍മ്മം ചെയ്യുവാനുള്ള അനുശാസനത്തെ ആകര്‍ഷകമായി അവതരിപ്പിക്കാനുള്ള പെരുപ്പിച്ചുകാണിക്കലാണ് ഉപനിഷത്തുകളിലെബ്രഹ്മപരാമര്‍ശവും അതിന്റെ സത്തയെക്കുറിച്ചുള്ള വിശദീകരണങ്ങളും (അര്‍ത്ഥവാദം) എല്ലാം എന്നുമവര്‍ വാദിച്ചു. ബ്രാഹ്മണങ്ങള്‍ എന്ന വേദഭാഗം പ്രകടമായും അനുശാസനസ്വഭാവമുള്ളവയാണെന്ന മീമാംസകരുടെ വാദത്തെ നിഷേധിക്കാന്‍ ശങ്കരനു കഴിഞ്ഞില്ലെങ്കിലും ഉപനിഷത്ഭാഗം അത്തരത്തിലുള്ളതല്ലെന്നും വിവേകികള്‍ക്ക് മുക്തി നേടാന്‍ സഹായകമായ പാരമാര്‍ത്ഥികസത്തയുടെ ഉന്നതവും യഥാര്‍ത്ഥവുമായ ജ്ഞാനത്തെ വെളിവാക്കുന്നതാണെന്നും സമര്‍ത്ഥിക്കാന്‍ അദ്ദേഹം ശ്രമിച്ചു. അനുശാസനപ്രധാനമായ ബ്രാഹ്മണങ്ങളെന്ന വൈദികകര്‍മ്മകാണ്ഡഭാഗം (യാഗവിധികള്‍) പാരമാര്‍ത്ഥികസത്യത്തെ അറിയാന്‍ ഒട്ടും ആഗ്രഹമില്ലാത്തവരും ലൗകികസുഖങ്ങള്‍ കാംക്ഷിക്കുന്നവരും ആയ സാധാരണജനങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്നും എന്നാല്‍ ഉപനിഷത്തുകളാകട്ടെ ഇന്ദ്രിയങ്ങളെ അടക്കിയവരും ലൗകികസുഖങ്ങളില്‍ താല്‍പര്യം നശിച്ചവരുമായ വിവേകികള്‍ക്കായി പ്രപഞ്ചത്തിന്റെ ആത്യന്തികസത്യം പരമവും സ്ഥിരവും ആയ ഒരേ ഒരു ബ്രഹ്മംമാത്രമാണ് എന്നു വിശദീകരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളവയാണ് എന്നും ആചാര്യര്‍ ചൂണ്ടിക്കാട്ടി. അതായത് വേദത്തിന്റെ രണ്ടു ഭാഗങ്ങള്‍ (കര്‍മ്മകാണ്ഡവും ജ്ഞാനകാണ്ഡവും) രണ്ടു തരം ആളുകള്‍ക്കുള്ളവയാണ് എന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: