ശ്രീ ശങ്കരാചാര്യര്‍ വേദാന്തം എന്നത് ഉപനിഷത്തുകളിലും ബാദരായണന്റെ ബ്രഹ്മസൂത്രത്തിലും ഉള്ളടങ്ങിയിട്ടുള്ള തത്വചിന്തയുടെ വിശകലനവും വിശദീകരണവുമാണ്. വേദങ്ങളുടെ അന്ത്യഭാഗങ്ങളാണ് ഉപനിഷത്തുകള്‍. വേദങ്ങളുടെ ആദ്യഭാഗത്തുള്ള സംഹിതകളുടെയും ബ്രാഹ്മണങ്ങളുടെയും വിശകലനനിഗമനങ്ങള് ജൈമിനിമഹര്ഷി തന്റെ പൂര്വമീമാംസാസൂത്രങ്ങളിലൂടെ നടത്തിയിരിക്കുന്നു. അതില്‍ നിന്നു വേര്‍തിരിച്ചു കാട്ടാന്‍ വേദാന്തവിചാരത്തെ ഉത്തരമീമാംസ എന്നു പറഞ്ഞുവരുന്നു. ബ്രഹ്മസൂത്രത്തിനു പല ആചാര്യന്മാരും പല തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അവയില്‍ നമുക്കിന്നു ലഭ്യമായ ഏറ്റവും പഴക്കമുള്ള വ്യാഖ്യാനം ശങ്കരാചാര്യരുടേതാണ്. ഇതരവ്യാഖ്യാനങ്ങളേക്കാള് പ്രശസ്തിയും ഇതിനാണ്. തന്മൂലം വേദാന്തം എന്നാല്‍ ശാങ്കരവേദാന്തം ആണ് എന്ന പൊതുധാരണ പരക്കാന്‍ ഇടവന്നു.
കേരളത്തിലെ കാലടിയില്‍ ശിവഗുരുവിന്റെയും ആര്യാംബയുടെയും മകനായി പിറന്ന ഈ അത്ഭുതപ്രതിഭയെ (788 സി. ഇ 820 സി. ഇ) പ്രസിദ്ധ മാര്‍ക്സിസ്റ്റു ചിന്തകനായ ദേബീപ്രസാദ് ചട്ടോപാധ്യായ ഇപ്രകാരം പുകഴ്ത്തുന്നു ഇന്ത്യന്‍ തത്ത്വചിന്തയുടെ പില്ക്കാലചരിത്രത്തില് അദൈ്വതവേദാന്തത്തിനു ലഭിച്ച വലിയ സ്ഥാനം ഗൗഡപാദരുടെ ശിഷ്യനോ, ശിഷ്യന്റെ ശിഷ്യനോ, ആയ ശങ്കരന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ടുണ്ടായതാണ്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ പിറന്ന അദ്ദേഹം ഇന്ത്യയിലുടനീളം വിസ്തരിച്ചു യാത്ര ചെയ്യുകയും രാജ്യത്തിന്റെ നാലുമൂലകളിലും നാലു സന്യാസാശ്രമങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഈ മഠങ്ങളിലെ അധിപതികള്‍ ഇന്നും ശങ്കരാചാര്യര്‍ എന്ന പൊതു നാമധേയത്തിലാണ് അറിയപ്പെടുന്നത്.
പൂര്ണ്ണസമയമതപ്രചാരകന്മാര്ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയ പ്രസിദ്ധങ്ങളായ ബൗദ്ധവിഹാരങ്ങളുടെ സംഘടനാതത്വങ്ങളെ അവലംബിച്ചായിരുന്നു അദ്ദേഹം ഈ മഠങ്ങള്‍ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ കാലത്തെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ മഠങ്ങളുടെ സ്ഥാപനത്തിലൂടെ വെളിവാകുന്നത് ഇവയ്ക്കുവേണ്ടുന്ന വന്സാമ്പത്തികസഹായം ലഭ്യമാക്കാനുള്ള മാര്ഗമുള്പ്പടെയുള്ള സംഘടനാപാടവമാണ്. അത്തരം സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കു പുറമേ അദ്ദേഹത്തിന്റെ ഗ്രന്ഥരചനകളുടെ വൈപുല്യം, അവയില്‍ അദ്ദേഹം പ്രദര്‍ശിപ്പിക്കുന്ന ഉന്നതനിലവാരമാര്ന്ന സാഹിത്യമേന്മ എന്നിവയും പകരം വെക്കാനില്ലാത്തവകളാണ്. സംസ്കൃതഭാഷയില്‍ ഇത്രയും ആകര്‍ഷകമായ ഒഴുക്കോടെ ഗദ്യമെഴുതാന്‍ കഴിവുള്ള മറ്റൊരു ഇന്ത്യന്‍ തത്വചിന്തകനും കഴിഞ്ഞിട്ടില്ല. ഇതൊക്കെയാണെങ്കിലും ശങ്കരന് അധികകാലം ജീവിച്ചിരുന്നില്ല. എ. ഡി. 788ല്‍ ജനിച്ച അദ്ദേഹം കേവലം മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ മരിച്ചു. തന്മൂലം കേവലം വൈയ്യക്തികമായ കഴിവുകള്‍ കണക്കിലെടുത്താല്‍ തന്നെ ഈ യുവതത്വചിന്തകന്റെ വ്യക്തിത്വം രാജ്യത്തിന്റെ സാംസ്കാരികചരിത്രത്തില്‍ നിറഞ്ഞുനില്ക്കുന്ന ഒന്നാണ് (Debiprasad Chattopadhyaya, What is Living and What is Dead in Indian Philosophy, part 2 Idealism, p. 42).
ആചാര്യരുടെ ജീവചരിത്രത്തെ പ്രതിപാദിക്കുന്ന പല സംസ്കൃതഗ്രന്ഥങ്ങളുണ്ട്. ശങ്കരദിഗ്വിജയം, ശങ്കരവിജയവിലാസം, ശങ്കരജയം എന്നിവ അവയില്‍ ചിലതാണ്. ശിവന്റെ അവതാരമായി കരുതപ്പെടുന്ന ഈ ആചാര്യന്റെ അത്ഭുതസിദ്ധികളെക്കുറിച്ച് പല കഥകളും ഉണ്ട്. എട്ടാം വയസ്സില്‍ സന്യാസം സ്വീകരിച്ച അദ്ദേഹം നര്‍മ്മദാതീരത്തെ ഒരു ഗുഹയില്‍ കഴിഞ്ഞിരുന്ന ശ്രീ ഗോവിന്ദഭഗവല്പാദരുടെ ശിഷ്യനായി.
പിന്നീട് കാശിയിലേക്കും അവിടെ നിന്നും ബദരികാശ്രമത്തിലേക്കും പോയി. തന്റെ പന്ത്രണ്ടാം വയസ്സിലാണത്രെ പ്രസിദ്ധമായ ബ്രഹ്മസൂത്രഭാഷ്യം എഴുതുന്നത്. പിന്നീട് ദശോപനിഷത്തു (ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം, ഐതരേയം, തൈത്തിരീയം, ബൃഹദാരണ്യകം, ഛാന്ദോഗ്യം) കള്‍ക്കും അദ്ദേഹം ഭാഷ്യങ്ങള്‍ രചിച്ചു.കാശിയിലേക്കു തിരിച്ചുവന്ന ശേഷം തുറന്ന സംവാദത്തിലൂടെ ഇതരദാര്ശനികരെ പരാജയപ്പെടുത്തി സ്വമതം സ്ഥാപിക്കാനായി ഭാരതമാസകലം യാത്ര ചെയ്തു. പ്രസിദ്ധ മീമാംസാപണ്ഡിതനായിരുന്ന കുമാരിലഭട്ടന്റെ അടുത്തേക്കാണത്രേ ആദ്യം പോയത്. മരണാസന്നനായിരുന്ന കുമാരിലന് ആചാര്യരെ സ്വശിഷ്യനായ മണ്ഡനമിശ്രന്റെ അടുത്തേക്കയച്ചു. മണ്ഡനമിശ്രനെ ആചാര്യര്‍ വാദത്തില്‍ തോല്‍പ്പിച്ച് സുരേശ്വരാചാര്യര്‍ എന്ന നാമം നല്കി സ്വശിഷ്യനാക്കി. അതിനു ശേഷം നാടിന്റെ നാനാഭാഗത്തും സഞ്ചരിച്ച് വിവിധസമ്പ്രദായങ്ങളുടെ ആചാര്യന്മാരെ വാദത്തില്‍ പരാജയപ്പെടുത്തി അദൈ്വതവേദാന്തമതസ്ഥാപനം നടത്തി.അന്നു മുതല്‍ വേദാന്തദര്‍ശനത്തിന് ഭാരതീയആധ്യാത്മികമേഖലയില് പ്രമുഖമായ സ്വാധീനം ഉണ്ടായി.
(തുടരും…)
പ്രതികരിക്കാൻ ഇവിടെ എഴുതുക: