ഇടുക്കി: 23,400 രൂപയുടെ കള്ള നോട്ടുകള്‍ മാറുന്നതിനിടെ രണ്ട് പേരെ കാളിയാര്‍ പോലീസ് പിടികൂടി. കോതമംഗലം മാലിച്ചാന സ്വദേശി ഇടയത്തുകുടിയില്‍ ഷോണ്‍ ലിയോ വര്‍ഗീസ് (അമല്‍-25), കോതമംഗലം തലക്കോട് കോട്ടേക്കുടി സ്റ്റിന് ജോസ് എന്നിവരാണ് പിടിയില്‍ ആയത്. 100 രൂപയുടെ 234 നോട്ടുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
വീട്ടില്‍ ക്രമീകരിച്ച യന്ത്രത്തില്‍ അച്ചടിച്ചതായിരുന്നു നോട്ടുകൾ. കള്ള നോട്ടുകള്‍ മാറി എടുക്കുന്നതിനായി കാറില്‍ എത്തിയ പ്രതികള്‍ ഇന്നലെ ഉച്ചയോടെ കോതമംഗലം-വണ്ണപ്പുറം റൂട്ടിലെ കടകളില്‍ കയറി ബിസ്കറ്റ് ഉള്‍പ്പെടെ ഉള്ള സാധനങ്ങള്‍ വാങ്ങി. ഇതിനിടെ സംശയം തോന്നിയ ഒടിയപാറയിലെ ഒരു വ്യാപാരി കാളിയാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തിയതോടെ കള്ള നോട്ടുകള്‍ വഴിയരികില്‍ വലിച്ചെറിഞ്ഞ് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ എത്തി എസ്ഐ വി.സി. വിഷ്കുമാര്, അഡീഷണല്‍ എസ്ഐ വി.പി. ബഷീര്‍ തുടങ്ങിയവരുടെ നേത്യത്വത്തില്‍ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇവര്‍ വന്ന വാഹനവും പോലീസ് പിടിച്ചെടുത്തു. പതിനായിരം രൂപ ഇവരുടെ പക്കൽ നിന്നും ബാക്കി വഴിയരികില്‍ വലിച്ചെറിഞ്ഞതും പോലീസ് കണ്ടെടുത്തു. പിന്നീട് കള്ളനോട്ട് അച്ചടിച്ച കോതമംഗലത്തെ വീട്ടില്‍ പോലീസ് പരിശോധന നടത്തി അച്ചടി യന്ത്രവും അച്ചടിക്കാനുള്ള സാമഗ്രികളും പിടിച്ചെടുത്തു.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അനേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
















