തിരുവല്ല: പമ്പ, നിലക്കല്‍, ശബരിമല ക്ഷേത്രങ്ങളെ ചുമട്ടുതൊഴിലാളി യൂണിയന് പരിധിയില്‍ ഉള്‍പ്പെടുത്തി സിഐടിയു യൂണിയന് അംഗീകാരം നല്കാന് സര്‍ക്കാര്‍ തലത്തില്‍ നീക്കം തുടങ്ങി. ക്ഷേത്രങ്ങള്‍ ചുമട്ടു തൊഴിലാളി നിയമ പരിധിയില്‍ വരില്ല എന്ന ഹൈക്കോടതി വിധി മറികടന്നാണ് ശബരിമല പ്രത്യേക തൊഴിലാളി സോണ്‍ രൂപീകരിച്ച് യൂണിയന് പരിധിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപനത്തിന് നീക്കം നടത്തിയത്.
തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ ഹൈക്കോടതി നേരെത്തെ നടത്തിയ ചില പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി തൊഴിലാളി ക്ഷേമനിധി ബോര്‍ഡും തൊഴില്‍ വകുപ്പും മൂന്നുവട്ട സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി. 2016ല്‍ പമ്പയിലുണ്ടായ തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് പ്രശ്നം ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യൂണിയന്റെ പ്രവര്‍ത്തനം അനൗദ്യോഗികമായി പമ്പ കേന്ദ്രീകരിച്ച് ആരംഭിക്കുകയും ചെയ്തു. ഇതിനു ശേഷം ഔദ്യോഗികമായി യൂണിയന് രൂപീകരിക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും തൊഴില്‍ വകുപ്പിലെ ചിലരുടെ എതിര്‍പ്പുമൂലം നടന്നില്ല. തുടര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി സിഐടിയു നേതാക്കള്‍ നടത്തിയ നിരന്തര ഇടപെടലുകളെ തുടര്‍ന്നാണ് യൂണിയന് രൂപീകരിക്കാനുള്ള അന്തിമ നടപടി വകുപ്പുകള്‍ സ്വീകരിച്ചത്. മറ്റു യൂണിയനുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാക്കിയും ശബരിമലയില്‍ സര്‍ക്കാര്‍ അജണ്ട നടപ്പാക്കാനാണ് സിപിഎമ്മിന്റെ നീക്കം.
നിലക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങള്‍ യൂണിയന് പരിധിയില്‍ ആകുന്നതോടെ പുജാ സാധനങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ നീക്കത്തിന് യൂണിയനെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉണ്ടാവുക. ഈ മണ്ഡലകാലത്ത് സിഐടിയു യൂണിയന് ചുമട്ടുതൊഴിലാളികള്‍ എത്താതിരുന്നതോടെ പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള ശര്‍ക്കര നീക്കം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സ്വന്തം തൊഴിലാളികളെ ഉപയോഗിക്കാന്‍ അനുമതി ആവശ്യപ്പെട്ട് കരാറുകാരന് ദേവസ്വം ബോര്‍ഡിനേയും തൊഴില്‍ വകുപ്പിനേയും സമീപിച്ചെങ്കിലും ഇതിനായി കോടതിയെ സമീപിക്കാനാണ് ബോര്‍ഡ് കരാറുകാരന് നിര്‍ദേശം നല്‍കിയത്.
ശബരിമല തൊഴിലാളി യൂണിയന്റെ പരിധിയില്‍ വരുന്നതോടെ ഇനിവരുന്ന മണ്ഡലകാലത്ത് തൊഴില്‍ തര്‍ക്കങ്ങളും പൂജാ, വഴിപാട് സാധനങ്ങളുടെ നീക്കവും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍മാണ സാമഗ്രികളുടെ നീക്കവും അവതാളത്തിലാകുമെന്നാണ് ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: