പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ തെരുവ് നായയുടെ ആക്രമണത്തിൽ ഇരുപത് പേർക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11.30 ഓടെയാണ് അബാന്‍ ജംഗ്ഷന്, പ്രൈവറ്റ് ബസ് സ്റ്റാന്റ്, സെന്റ് പീറ്റേഴ്സ് ജംഗ്ഷന് എന്നിവിടങ്ങളില്‍ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കൈയ്ക്കും കാലിനും കടിയേറ്റ ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരിൽ വിദ്യാർത്ഥികളും വയോധികരും ഉൾപ്പെടുന്നു. മുഖത്തും നെഞ്ചിനും കൈ കാലുകള്‍ക്കും പരിക്കേറ്റവരുണ്ട്. എല്ലാവരേയും കടിച്ചത് ഒരു നായ തന്നെയാണെന്നാണ് കടിയേറ്റവര്‍ പറയുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി ആര്‍എംഒ അറിയിച്ചു. പേ വിഷബാധയുണ്ടെന്ന സംശയത്തേ തുടര്‍ന്ന് നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് ജനങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയും ആളുകള്‍ക്ക് നേരെ തെരുവനായയുടെ ആക്രമണം ഉണ്ടായി. നഗരത്തില്‍ വിവധ ഭാഗങ്ങളിൽ മാലിന്യം നീക്കം ചെയ്യാത്തതാണ് തെരുവനായകള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നായയുടെ അക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് പേ വിഷബാധയുടെ പ്രതിരോധ മരുന്നുകള്‍ നല്‍കിയതായി ഡിഎംഒ അറിയിച്ചു.
















