ബീജിങ്: കടുത്ത ന്യുമോണിയയ്‌ക്ക് കാരണമായ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ നാലുപേര്‍ മരിച്ച സാഹചര്യത്തില്‍ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കി. വുഹാന്‍ നഗരത്തിലാണ് വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസാണെന്ന് ചൈന സ്ഥിരീകരിച്ചത് കൂടുതല്‍ രാജ്യങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ലോകത്തിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലെല്ലാം യാത്രക്കാരെ കടുത്ത നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്.
വുഹാന്‍ നഗരത്തില്‍ ഇരുനൂറിലേറെപ്പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാലു പേര്‍ മരിച്ചു. കൂടുതല്‍ പേര്‍ക്ക് ജീവഹാനി സംഭവിക്കാന്‍ പാകത്തിന് ഗുരുതരമാണ് അവസ്ഥ എന്നാണ് ചൈനയിലെ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. വൈറസ് ബാധ പടരാതിരിക്കാനുള്ള നടപടികള്‍ വുഹാനില്‍ ഊര്‍ജിതമായി തുടരുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന വുഹാനിലെ ലൂണാര്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ റദ്ദാക്കി. ഇപ്പോള്‍ വുഹാനിലുള്ള യാത്രാ സംഘങ്ങളെ നഗരത്തിനു പുറത്തേക്ക് കൊണ്ടു പോകരുതെന്ന് ടൂര്‍ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വൈറസ് ബാധ നിയന്ത്രിക്കാന്‍ അടിയന്തര നടപടിക്കു ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് നിര്‍ദേശിച്ചു. ലോകാരോഗ്യസംഘടന സ്ഥിതി ജാഗ്രതയോടെ വിലയിരുത്തുന്നുണ്ട്. വുഹാനു പുറമെ ഷാങ്ഹായ്‌യിലും തലസ്ഥാനമായ ബീജിങ്ങിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈനയുടെ ലൂണാര്‍ പുതുവത്സര അവധിക്കാലം ആഘോഷിക്കാന്‍ ലക്ഷക്കണക്കിന് ചൈനക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ ആഴ്ച യാത്ര ചെയ്യുന്നുണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. തായ്ലന്‍ഡിലും ദക്ഷിണ കൊറിയയിലും ജപ്പാനിലും ഓരോരുത്തര്‍ക്ക് വൈറസ് ബാധ കണ്ടെത്തി.
















