മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തില്‍ പൊട്ടിത്തെറിയെ തുടര്‍ന്ന് നിര്‍ത്തിയ വൈദ്യുതി ഉത്പാദനം ഭാഗികമായി പുനരാരംഭിച്ചു. തകരാറിലായ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ രണ്ടാഴ്ചയെടുക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി നിലയത്തിന്റെ ഭാഗമായ ഇവിടെ പാറ തുരന്ന് നിര്‍മ്മിച്ചിട്ടുള്ള അഞ്ച് നില കെട്ടിടത്തിന്റെ ഉയരമുള്ള നിലയത്തിലാണ് തിങ്കളാഴ്ച രാത്രി 9.30 ഓടെ അപകടമുണ്ടായത്.
രണ്ടാം നമ്പര്‍ ജനറേറ്ററിനോട് ചേര്‍ന്നുള്ള എക്സൈറ്റര്‍ ട്രാന്‍സ്ഫോര്‍മറിലാണ് പൊട്ടിത്തെറിയുണ്ടായത്. ട്രാന്‍സ് ഫോര്‍മറിന്റെ കണ്ടക്ടര്‍ (ട്രാന്‍സ്ഫോര്‍മര്‍ കുഷ്യനിങ്) പൊട്ടി തീ പടരുകയായിരുന്നു. ഭൂഗര്‍ഭ നിലയമായതിനാല്‍ പുക വളരെ വേഗം ഉള്ളില്‍ നിറഞ്ഞു. പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ച് അകത്തുണ്ടായിരുന്ന മുഴുവന്‍ തൊഴിലാളികളെയും പുറത്തെത്തിച്ചു.
പുക ശ്വസിച്ച് ശ്വാസ തടസ്സം ഉണ്ടായതിനാല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ സമ്പത്ത്, കരാര്‍ തൊഴിലാളിയായ എബിന് രാമചന്ദ്രന് എന്നിവരെ രാത്രിയില്‍ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പൊട്ടിത്തെറിയെത്തുടര്‍ന്ന് വൈദ്യുതി ബന്ധം നിലയ്ക്കുകയും പുക പോകാതെ വരികയുമായിരുന്നു. ഇതിനായി ഇവിടെ പ്രത്യേകം സംവിധാനമുണ്ടെങ്കിലും വൈദ്യുതിയില്ലാതെ വന്നത് തിരിച്ചടിയായി. ശ്വസിക്കാനടക്കം ബുദ്ധിമുട്ടുള്ള ഇവിടെ ആറ് മണിക്കൂര്‍ വീതമുള്ള നാല് ഷിഫ്റ്റുകളായാണ് ഉദ്യോഗസ്ഥര്‍ ജോലിയെടുക്കുന്നത്.
ഇന്നലെ ഉച്ചയോടെ മറ്റ് നാല് ജനറേറ്ററുകളിലും ഉത്പാദനം പുനരാരംഭിച്ചു. പവര്‍ഹൗസിന്റെ പ്രവര്‍ത്തനം ഭാഗികമായി മുടങ്ങിയതോടെ സംസ്ഥാനത്ത് 300 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. 130 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തുള്ളത്. ഇതില്‍ നമ്പര്‍ വണ്‍ ജനറേറ്റര്‍ നവീകരണത്തിന്റെ ഭാഗമായി മാസങ്ങളായി നിര്‍ത്തിയിട്ടിരിക്കുകയാണ്.
പ്രവര്‍ത്തനം ആരംഭിച്ചത് അഞ്ച് ദിവസം മുമ്പ് നിലവില്‍ തകരാറിലായ ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപ്പണി തീര്‍ത്ത് അഞ്ച് ദിവസം മുമ്പാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇതിന് പിന്നാലെയാണ് അപകടമെത്തുന്നത്. അറ്റകുറ്റപ്പണി നടത്താത്ത ഭാഗത്താണ് അഗ്നിബാധ ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
ജനറേറ്ററില്‍ നിന്ന് ആറടിയോളം മാറിയാണ് എക്സൈറ്റര്‍ ട്രാന്‍സ്ഫോര്‍മര്‍ ഇരിക്കുന്നത്. വൈദ്യുതി കൊടുത്ത് ജനറേറ്ററിനുള്ളിലെ കറങ്ങുന്ന കാന്തം ഉണ്ടാക്കുന്നതിനായാണ് ഈ ട്രാന്‍സ്ഫോര്‍മര്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെ കണ്ടക്ടര്‍ പൊട്ടിത്തെറിക്കുകയും ട്രാന്‍സ്ഫോര്‍മറിന്റെ മറ്റ് ഭാഗങ്ങള്‍ അഗ്നിക്കിരയാകുകയുമായിരുന്നു. ഇവയെല്ലാം മാറ്റി 15 ദിവസത്തിനുള്ളില്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കും.
വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കും
ഇടുക്കി: മൂലമറ്റം വൈദ്യുതി നിലയത്തിലെ തകരാര്‍ സംസ്ഥാനത്തെ ബാധിക്കും. നിലവില്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായി ലോവര്‍ പെരിയാര്‍ (പാംബ്ല), കല്ലാര്‍കുട്ടി (നേര്യമംഗലം), പന്നിയാര്‍ പവര്‍ ഹൗസുകളിലെ ഉത്പാദനം നിര്‍ത്തി.
ഇതിന് പിന്നാലെയാണ് 130 മെഗാവാട്ട് ശേഷിയുള്ള മൂലമറ്റത്തെ ഒരു ജനറേറ്റര്‍ തകരാറിലായത്. ഉത്പാദന ശേഷിയില്‍ അഞ്ചാം സ്ഥാനത്തുള്ള പവര്‍ഹൗസാണ് ലോവര്‍ പെരിയാര്‍. ഇവിടെ ടണല്‍ മുഖത്തെ ട്രാഷ് റാക്കി (ഇരുമ്പ് അരിപ്പ)നുണ്ടായ തകരാര്‍ പരിഹരിക്കുന്ന പണികള്‍ക്കായാണ് ഡാമിലെ വെള്ളം വറ്റിച്ചത്. ഇതുമായി ബന്ധപ്പെട്ട് നില്ക്കുന്ന നേര്യമംഗലം, പന്നിയാര്‍ പവര്‍ ഹൗസുകളിലെയും ഉത്പാദനം ഇക്കാരണത്താല്‍ നിര്‍ത്തി. നേര്യമംഗലത്തെ ചെളി നീക്കുന്ന ജോലികളും പുരോഗമിക്കുന്നു. ഫെബ്രുവരി ഏഴോട് കൂടി മാത്രമേ ഇവയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാധിക്കുവെന്നാണ് കണക്കുകൂട്ടല്‍.
ഇത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാക്കും. ലോവര്‍ പെരിയാര്‍, നേര്യമംഗലം, പന്നിയാര്‍ പവര്‍ ഹൗസുകളിലെ അറ്റകുറ്റപ്പണി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ്. ഇതിനിടെ ഇടുക്കിയിലുണ്ടായ തകരാറാണ് പ്രശ്നമായത്. അതേസമയം, നിലവില്‍ 150 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്നും ആവശ്യമെങ്കില്‍ പുറമെ നിന്ന് വൈദ്യുതി കൂടുതല്‍ വാങ്ങി പ്രശ്നം പരിഹരിക്കുമെന്നുമാണ് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കുന്നത്. ചൂട് കൂടുന്നതിനാല്‍ വൈദ്യുതി ഉപഭോഗം വരും ദിവസങ്ങളില്‍ ഉയരും. ഇത് വൈദ്യുതി പ്രതിസന്ധിക്ക് ഇടവരുത്താം.
തിങ്കളാഴ്ച 73.2997 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്താകെ ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 15.6551 ദശലക്ഷം യൂണിറ്റും ആയിരുന്നു. സംഭരണികളിലാകെ 71 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. ഇടുക്കിയില്‍ 71 ശതമാനം വെള്ളമുണ്ടായിട്ടും ഇത് ഉപയോഗിക്കാനാകാത്തത് വലിയ തിരിച്ചടിയും സാമ്പത്തിക നഷ്ടവുമാണ് ബോര്‍ഡിന് വരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: