ബെംഗളൂരു: മംഗലാപുരം വിമാനത്താവളത്തില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ വച്ച ഭീകരന്റെ അടുത്ത ലക്ഷ്യം ആന്ധ്രപ്രദേശിലെ കാദ്രി ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രമെന്ന് സംശയം. വിമാനത്താവളത്തില്‍ എത്തിച്ച ഓട്ടോ ഡ്രൈവറോട് ഇയാള്‍ കാദ്രി ക്ഷേത്രത്തിലെ വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞിരുന്നു. ഇതാണ് അന്വേഷണ ഉദ്യാഗസ്ഥരില്‍ സംശയം ജനിപ്പിച്ചത്.
കാദ്രി ക്ഷേത്രത്തില്‍ ഇപ്പോള്‍ ബ്രഹ്മോത്സവം നടക്കുകയാണ്. ഉത്സവം ഇന്ന് സമാപിക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ വലിയ തിരക്കാണ്. ഓട്ടോറിക്ഷ ഡ്രൈവറുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ സുരക്ഷ ശക്തമാക്കി.
അതിനിടെ, മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയ സംഭവത്തിന്റെ തുടരന്വേഷണത്തിന് മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു. ഇവര്‍ അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷ ഡ്രൈവറെ ചോദ്യം ചെയ്ത സംഘം ഇയാള്‍ വന്നിറങ്ങിയ ബസ്സിലെ ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു. പമ്പ് വെല്ലില്‍ ഇറങ്ങിയെന്നാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴി. ഈ പ്രദേശം കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.
വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തു വച്ചത് ഭയപ്പെടുത്താനായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. ടൈമര്‍ ഓഫായിരുന്നതും എല്‍ഇഡിയുടെ വയറുകള്‍ ടൈമറുമായി ഘടിപ്പിച്ചിരുന്നില്ലെന്നതുമാണ് ഇതിന് കാരണം. ഇതു ഘടിപ്പിച്ചിരുന്നെങ്കില്‍ വിമാനത്താവളത്തിന് പുറത്തുപോയ ശേഷം ഏതു സമയത്തും ഇയാള്‍ക്ക് സ്‌ഫോടനം നടത്താന്‍ കഴിയുമായിരുന്നു.
അതേസമയം, വയറുകള്‍ വേര്‍പെട്ടു പോകാനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ തള്ളുന്നില്ല. തിരക്കുള്ള സ്വകാര്യബസ്സിലാണ് ഇയാള്‍ മംഗളൂരുവിലെത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബസ്സിനുള്ളിലെ തിരക്കില്‍ വയറുകള്‍ വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.
ബോംബ് വച്ച ശേഷമാണ് സ്‌ഫോടനത്തിനുള്ള സമയം ടൈമറില്‍ സജ്ജീകരിക്കുന്നത്. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പുറത്തേക്ക് പോകാനുള്ള തിരക്കില്‍ ടൈമര്‍ ഓണാക്കാന്‍ മറന്നു പോയതാകാമെന്നും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
അത്യുഗ്ര സ്‌ഫോടന ശക്തിയുള്ളതായിരുന്നു എല്‍ഇഡികള്‍, ഇതു പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ മുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ സകലതും നാമാവശേഷമാകുമായിരുന്നെന്ന് ബോംബ് സ്‌ക്വാഡ് വിദഗ്ധര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: