കാഷ്ഠേ പ്രവര്ത്തിതേ വഹ്നിഃ കാഷ്ഠേന സഹ ശാമ്യതി
നാദേ പ്രവര്ത്തിതം ചിത്തം നാദേന സഹ ലീയതേ 98
വിറകു കൊണ്ട് കത്തുന്ന തീ വിറകു തീര്‍ന്നാല്‍ കെട്ടുപോകും. അതുപോലെ നാദത്തില്‍ പ്രവര്‍ത്തിക്കുന്ന മനസ്സ് നാദത്തോടൊപ്പം ലയിക്കുന്നു.കാഷ്ഠമെന്നാല് മരത്തിന്റെ വിറക്. വിറകിലാണ് തീ പ്രവര്‍ത്തിക്കുന്നത്. വിറകുണ്ടെങ്കിലേ പ്രവര്‍ത്തിക്കൂ. വിറകു തീര്‍ന്നാല്‍ അത് അണഞ്ഞുപോകും. അതായത് അതിന്റെ ജ്വാലാരൂപം ഉപേക്ഷിച്ച് സൂക്ഷ്മരൂപത്തിലേക്ക് മടങ്ങും.
നാദത്തില്‍ പ്രവര്‍ത്തിച്ച ചിത്തം നാദലയത്തോടെ അതിന്റെ താമസ രാജസ വൃത്തികള്‍ നശിച്ച് സത്വം മാത്രം ശേഷിക്കും. സത്വരൂപത്തില്, സൂക്ഷ്മരൂപത്തില്‍, സംസ്കാര രൂപത്തില്‍ ശേഷിക്കും.മൈത്രായണീയ മന്ത്രം ( 6 11) പറയുന്നു: നിരിന്ധനോ വഹ്നിഃ (വിറകു തീര്‍ന്ന അഗ്നി ) യഥാ സ്വയോനൗ ഉപശാമ്യതി ( തന്നില്‍ തന്നെ അടങ്ങുന്നതു പോലെ ) തഥാ വൃത്തി ക്ഷയാത് ചിത്തം (വൃത്തികള്‍ നശിച്ച ചിത്തം) സ്വയോനൗ ഉപശാമ്യതി (തന്നില്‍ തന്നെ അടങ്ങുന്നു.)
ശ്രീനിവാസയോഗിയുടെ ഹഠരത്നാവലിയില് സമാധിയുടെ ലക്ഷണം ഇങ്ങിനെ പറയുന്നു.സലിലേ(വെള്ളത്തില്‍) സൈന്ധവം (ഉപ്പ്) സാമ്യം ഭവതി (ലയിച്ചു ചേരുന്നു). തഥാ ആത്മമനസോഃ ഐക്യം (അതുപോലെ ആത്മാവും മനസ്സും ഒന്നാവുമ്പോള്‍) സഃ (അതിനെ) സമാധിഃ അഭിധീയതേ (സമാധി എന്നു പറയുന്നു).
ഘണ്ടാദിനാദസക്ത സ്ത- ബ്ധാന്തക്കരണ ഹരിണസ്യ
പ്രഹരണമപി സുകരം സ്യാ ച്ഛരസന്ധാന പ്രവീണശ്ചേത് 4 99
ഘണ്ടാദികളായ നാദത്തില്‍ ആകൃഷ്ടരായി സ്തംഭിച്ചു പോയ മനസ്സെന്ന മാനിനെ കൊല്ലാന്‍ സമര്‍ഥനായ വില്ലാളിക്കെളുപ്പമാണ്.ഘണ്ടാ നാദം എന്നാല്‍ മണി നാദം. ഘണ്ടാദികളെന്നാല് ശംഖ്, മദ്ദളം, ദുന്ദുഭി, മേഘം, മുതലായതൊക്കെ പെട്ടു. അന്തഃകരണമെന്നാല്‍, മനസ്സ് ബുദ്ധി അഹങ്കാര ചിത്തങ്ങള്‍.സ്തബ്ധമെന്നാല് സ്തംഭം പോലാവുക, നിശ്ചലമാവുക. നാദാനുസന്ധാനത്താല്‍ മനസ്സ് നിശ്ചലമാവും. നാദം കേട്ട മാന്‍ സ്തംഭിച്ചു നില്ക്കുന്നതുപോലെ. പ്രഹരണമെന്നാല് മാനിനെ കൊല്ലല്‍. സ്തബ്ധനായ മാനിനെ ശരസന്ധാനപടുവായ വേടന് അമ്പെയ്തു കൊന്നുകളയും. മാന്‍ അതൊന്നും ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ലയിച്ചിരുന്നു പോവും. അപ്പോള്‍ അത് സുകരമാവും, എളുപ്പമാവും.
അന്തഃകരണ പക്ഷത്തില്‍ അത് നാദത്തില്‍ ലയിക്കുമ്പോള്‍ എല്ലാ വൃത്തികളും അടങ്ങും. അപ്പോള്‍ ശരം പോലെ അതിവേഗത്തില്‍ സഞ്ചരിക്കുന്ന പ്രാണവായു സുഷുമ്നാ മാര്‍ഗത്തില്‍ ബ്രഹ്മരന്ധ്രത്തില്‍ നിരോധിക്കപ്പെടും.
അനാഹതസ്യ ശബ്ദസ്യ ധ്വനിര് യ ഉപലഭ്യതേ
ധ്വനേരന്തര്ഗതം ജ്ഞേയം ജ്ഞേയസ്യാന്തര്ഗതം മനഃ
മതസ്തത്ര ലയം യാതി തദ്വിഷ്ണോഃ പരമം പദം 4 100
അനാഹത ശബ്ദത്തിന്റെ ധ്വനി കിട്ടും. ധ്വനിയുടെ ഉള്ളില്‍ ജ്ഞേയം. ജ്ഞേയത്തി നുള്ളില്‍ മനസ്സ്. അവിടെ മനസ്സ് ലയിക്കുന്നു. അതു തന്നെ വിഷ്ണുവിന്റെ പരമപദം.അനാഹത ശബ്ദമെന്നാല്‍ ഘര്‍ഷണം കൊണ്ടല്ലാത്ത ശബ്ദം. തനിയെ മുഴങ്ങുന്ന ശബ്ദം. അതിന്റെ, ധ്വനിയുടെ ഉള്ളില്‍ ജ്ഞേയം അഥവാ സ്വപ്രകാശ ചൈതന്യം, ജ്യോതിസ്സ്. അതിലാണ് മനസ്സ്, അന്തഃകരണം ലയിക്കുന്നത്. പരവൈരാഗ്യ ത്താല്‍ സകല വൃത്തികളും നശിച്ച് സംസ്കാരം മാത്രം ശേഷിക്കുന്ന അവസ്ഥ കൈവരുന്നു. അതാണ് വിഷ്ണുവിന്റെ പരമപദം. അന്തകരണ വൃത്തികളുടെ ഉപാധിയില്ലാത്ത നിരുപാധികമായ പദം, അഥവാ സ്വരൂപം പ്രാപിക്കുന്നു.
‘ തദാ ദ്രഷ്ടുഃ സ്വരൂപേ അവസ്ഥാനം” എന്ന് പതഞ്ജലി മുനി ചൂണ്ടിക്കാട്ടുന്നു. ചിത്തവൃത്തി നിരോധനമുണ്ടായാല്‍ ദ്രഷ്ടാവിന് സ്വരൂപത്തില്‍ അവസ്ഥാനം, ഉറച്ചിരിപ്പുണ്ടാകുന്നു എന്ന്. അതാണ് യോഗികളുടെ സ്ഥാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: