തിരുവനന്തപുരം: സ്ത്രീകളോട് അപരമര്യാദയായും ലൈംഗികച്ചുവയോടും സംസാരിച്ച പാസ്റ്റര്‍ ഷമീര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ ഇന്നു രാവിലെയാണ് കൊല്ലം ഈസ്റ്റ് പോലീസ് ഷമീറിനെ കസ്റ്റഡിയിലെടുത്തത്. വലിയ അമളിയാണ് പാസ്റ്ററെ കുടുക്കിയത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ- തിരുവനന്തപുരത്ത് സുവിശേഷ പ്രസംഗം കഴിഞ്ഞ കാറില്‍ മടങ്ങവേ കൊല്ലം സെന്റ് ജോസഫ് സ്‌കൂളിനു മുന്നില്‍ അര്‍ധരാത്രിയില്‍ രണ്ടു യുവതികള്‍ വഴിയരുകില്‍ നില്‍ക്കുന്നത് കണ്ടു. കാര്‍ പതുക്കെ നിര്‍ത്തിയ ശേഷം യുവതികളോട് കുശലാന്വേഷണം തുടങ്ങി. അല്‍പനേരം സംസാരിച്ച ശേഷം രാത്രിയില്‍ ഇവിടെ നില്‍ക്കേണ്ടെന്നും ഹോട്ടലില്‍ റൂം എടുക്കാമെന്നും വരുന്നോ എന്നും ചോദിച്ചു. എന്നാല്‍, തന്റെ ചോദ്യം രാത്രിയില്‍ പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പോലീസിനോട് ആണെന്ന് പാസ്റ്റര്‍ ഷമീര്‍ അറിഞ്ഞില്ല. വയര്‍ലെസ് വഴി വനിത പോലീസ് ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് സന്ദേശം കൊടുത്തതോടെ കാറുമായി പാസ്റ്റര്‍ മുങ്ങി. എന്നാല്‍, കാര്‍ നമ്പര്‍ കുറിച്ചെടുത്തിരുന്ന പോലീസ് രാവിലെ തന്നെ ഷമീറിനെ പൊക്കി. പൊതുയിടത്ത് രാത്രിയിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായ സഞ്ചരിക്കാനുള്ള അവകാശം ഒരുക്കുന്നതിന്റെ ഭാഗമായി വനിത ഷാഡോ പോലീസിന്റെ പട്രോളിങ് ശക്തമാക്കിയത് ഷമീര്‍ അറിഞ്ഞിരുന്നില്ല.
കൊല്ലം മുഖത്തല സ്വദേശിയാണ് ഷമീര്‍. മുസ്ലിം മതത്തില്‍ നിന്ന് പെന്തക്കോസ്തിലേക്ക് മാറിയ വ്യക്തി ആണ് ഷമീര്‍. കേരളമെമ്പാടും സുവിശേഷം പറയലാണ് പ്രധാന ജോലി. ഷമീര്‍ അറസ്റ്റിലായതോടെ പാസ്റ്റര്‍മാരുടെ വന്‍ പട തന്നെ സ്റ്റേഷനിലെത്തി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍, പോലീസ് സ്‌റ്റേഷനിലേക്ക് വിദേശത്ത് നിന്നുള്‍പ്പെടെ ഫോണ്‍ കോളുകളുടെ പ്രവാഹമായിരുന്നു. ഒടുവില്‍ യുവതികളെ ശാരീരികമായി ഉപദ്രവിക്കാത്തതിനാല്‍ പൂവാല ശല്യം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ പാസ്റ്ററെ ഉച്ച തിരിഞ്ഞു വിട്ടയച്ചു.
















