തിരുവനന്തപുരം: വാക്‌സിനേഷന്‍ ഉള്‍പ്പെടെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പുകളും തുള്ളിമരുന്നുകളും നല്‍കുന്നതിനെതിരേ ഒരു വിഭാഗം മുസ്ലിം മതമൗലിക വാദികള്‍ നടത്തുന്ന കുപ്രചാരണങ്ങളില്‍ വീണ് മലപ്പുറം നിവാസികള്‍. ഈ ഞായറാഴ്ച ആരോഗ്യവകുപ്പിന്റെ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ദിനമായിരുന്നു. ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നതോടെയാണു വാക്‌സിനേഷന്‍ സംബന്ധിച്ച കുപ്രചാരണങ്ങള്‍ മലപ്പുറം ജില്ലയെ എത്രമാത്രം കാര്യമായി ബാധിച്ചു എന്നു വ്യക്തമാക്കുന്നത്. കണക്കുകള്‍ പ്രകാരം മലപ്പുറം ജില്ലയില്‍ 54 ശതമാനം കുട്ടികള്‍ മാത്രമാണ് പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്. അതായത് ഇവിടത്തെ 46 ശതമാനം കുട്ടികള്‍ക്കും പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടി നടന്ന ജനുവരി 19-ന് പോളിയോ തുള്ളിമരുന്ന് നല്‍കിയിട്ടില്ല. ഇതു വളരെ ഗുരുതരമായ സാമൂഹിക അവസ്ഥ ആയാണ് ആരോഗ്യരംഗത്തുള്ളവര്‍ വിലയിരുത്തുന്നത്. സംസ്ഥാനത്തെ 24,50,477 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 19,59,832 കുട്ടികള്‍ക്ക് 19-ന് തുള്ളിമരുന്ന് നല്‍കി. സംസ്ഥാനത്തെ 4,90,645 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനായില്ല. ആകെ കുട്ടികളുടെ 80 ശതമാനം പ്രതിരോധ മരുന്ന് സ്വീകരിച്ചിട്ടുണ്ട്. 20 ശതമാനം കുട്ടികള്‍ ഇപ്പോഴും തുള്ളിമരുന്ന് സ്വീകരിച്ചിട്ടില്ല.
മലപ്പുറത്തിനു പിന്നാലെ കാസര്‍ഗോഡും പാലക്കാടും വാക്‌സിനേഷന്‍ യജ്ഞത്തോട് കാര്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഇടുക്കി, തിരുവനന്തപുരം, എറണാകുളം, കൊല്ലം ജില്ലകള്‍ളില്‍ 90 ശതമാനത്തിനപ്പുറം കുട്ടികള്‍ മരുന്ന് സ്വീകരിച്ചു.
കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, തുടങ്ങിയ സ്ഥലങ്ങളിലടക്കം 23,466 ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. ചൊവ്വാഴ്ചവരെ വീടുകളില്‍ നേരിട്ടെത്തി ആരോഗ്യവകുപ്പ് അധികൃതര്‍ തുള്ളിമരുന്ന് നല്‍കും. എന്നാല്‍, ഇതിനോടും സഹകരിക്കാത്ത രക്ഷിതാക്കളെ ബോധവത്കരിക്കാനുള്ള ശ്രമം നടത്തും. അതിനു ശേഷം മാത്രമേ അന്തിമ കണക്ക് പുറത്തുവരൂ. 19ലെ രേഖകള്‍ പ്രകാരം കണക്കുകള്‍ ഇപ്രകാരമാണ്. തിരുവനന്തപുരം-96, കൊല്ലം-90, പത്തനംതിട്ട-87, ആലപ്പുഴ-89, കോട്ടയം-88, ഇടുക്കി-98, എറണാകുളം-92, തൃശ്ശൂര്‍-88, പാലക്കാട്-77, മലപ്പുറം-54, കോഴിക്കോട്-80, വയനാട്-79, കണ്ണൂര്‍-82, കാസര്‍കോട്-71
















