കോഴിക്കോട്: ബിഎംഎസ് നേതാവ് പയ്യോളി സി.ടി. മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ ഒരു സിപിഎമ്മുകാരനെ കൂടി സിബിഐ അറസ്റ്റുചെയ്തു. കേസിലെ 25-ാം പ്രതി ആവിത്തറ ഗിരീഷിനെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സിബിഐ തിരുവനന്തപുരം യൂണിറ്റ് അറസ്റ്റു ചെയ്തത്. ഒമാനില്‍ നിന്ന് ഇയാള്‍ വരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മനോജ് വധക്കേസിലെ 27-ാം പ്രതിയായ സിപി
എം പ്രവര്‍ത്തകന്‍ മുചുകുന്ന് വിപിന്‍ദാസിനെ കഴിഞ്ഞ ദിവസം സിബിഐ സംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍വച്ച് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വിപിന്‍ദാസിനെയും ഗിരീഷിനെയും എറണാകുളം സിജെഎം കോടതി റിമാന്‍ഡ് ചെയ്തു.
2012 ഫെബ്രുവരി 12നാണ് മനോജിനെ സിപിഎം അക്രമികള്‍ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2016ല്‍ സിബിഐക്ക് വിട്ടു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ലോക്കല്‍ സെക്രട്ടറിയുമുള്‍പ്പെടെ 27 പേരെ പ്രതികളാക്കിയാണ് സിബിഐ കേസെടുത്തത്. പ്രതികള്‍ക്കായി സിബിഐ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പിടിയിലായ ഇരുവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് കണ്ടെത്തല്‍. സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് ഇവര്‍ വിദേശത്തേക്ക് കടന്നത്.
















