കൊച്ചി: സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച റിസോഴ്‌സ് അധ്യാപകരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാന്‍ നീക്കം. ഹയര്‍ സെക്കന്‍ഡറി പ്രൈമറി തലങ്ങള്‍ ഏകീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഇത് അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സ്‌കൂളുകളെയും ഒരേ പോലെ ആശങ്കയിലാഴ്‌ത്തുന്നു. മാസം 28,815 രൂപ വാങ്ങിയിരുന്ന ഹയര്‍ സെക്കന്‍ഡറി റിസോഴ്‌സ് അധ്യാപകരുടെ ശമ്പളം കഴിഞ്ഞ വര്‍ഷം 25,000 രൂപയായി വെട്ടിക്കുറച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ പ്രൈമറിയും ഹയര്‍ സെക്കന്‍ഡറിയും വേര്‍തിരിവില്ലാതെ ഏകീകരിക്കാന്‍ പോകുന്നത്.
വേര്‍തിരിവ് എടുത്തുമാറ്റിയാല്‍ ഇവരുടെ ശമ്പളം പ്രൈമറി അധ്യാപകരുടേതിന് തുല്യമാകും. 18,000 രൂപയാണ് ഇപ്പോള്‍ പ്രൈമറി അധ്യാപകര്‍ക്ക് ലഭിക്കുന്നത്. ഭിന്നശേഷി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി പ്രൈമറി വേര്‍തിരിവ് ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര ഫണ്ട് ലഭിക്കാത്തതുകൊണ്ടാണ് ശമ്പളം വെട്ടിക്കുറയ്‌ക്കുന്നതെന്നാണ് അവകാശവാദം. 60:40 അനുപാതത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത്. 60 ശതമാനം ഫണ്ട് കേന്ദ്ര സര്‍ക്കാരിന്റെതാണ്. എന്നാല്‍, സംസ്ഥാന വിഹിതം എടുക്കാതെ കേന്ദ്ര ഫണ്ട് മാത്രമാണ് സംസ്ഥാനം ചെലവാക്കുന്നത്. സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ രണ്ടായിരത്തിഅഞ്ഞൂറോളം റിസോഴ്‌സ് അധ്യാപകരാണുള്ളത്. ഇവരില്‍ ഭൂരിഭാഗവും കരാര്‍ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി പഠിപ്പിക്കുന്നവരുമാണ്.
















