കറുത്ത തുണി കൊണ്ട് കണ്ണുമൂടി കെട്ടിയിട്ട്, കൈയിലിരുപ്പ് കാരണം കാലും കൈയ്യും ഒടിഞ്ഞവന്റെ തോളില്‍ കയറി ഇരുട്ടില്‍ യാത്രയ്ക്ക് പോകുന്നവന്റെ ഗതികെട്ട അവസ്ഥയിലാണ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഭാരതത്തിലെ ആഭ്യന്തര വിഷയങ്ങളെ സംബന്ധിച്ച രാഹുലിന്റെ നെറികെട്ട വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ലോകത്തെ കബളിപ്പിക്കാനിറങ്ങിയ ഇമ്രാന് ഖാന് തോറ്റുപുറത്തേക്ക് പോകേണ്ടിവരുന്ന കാഴ്ചയ്ക്കാണ് ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്രസമൂഹവും നിരന്തരം സാക്ഷ്യം വഹിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കുവാന്‍ ചൈന മുഖാന്തരം പാക്കിസ്ഥാന് വീണ്ടും നടത്തിയ ശ്രമമാണ് അമേരിക്കയും ഫ്രാന്‍സും ഇംഗ്ലണ്ടും റഷ്യയും അടങ്ങുന്ന മറ്റു സ്ഥിരാംഗങ്ങള്‍ ചേര്‍ന്ന് ചെറുത്തു തോല്‍പ്പിച്ചത്. 2019 സെപതംബറില്‍ ഇതേ വിഷയം അവതരിപ്പിച്ചപ്പോള്‍ തന്നെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിനു നല്‍കിയിരുന്ന പ്രത്യേക പദവി ഇല്ലാതാക്കിയതും ജമ്മു കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളായി പുന:സംഘടിപ്പിച്ചതുമൊക്കെ ഭാരതത്തിന്റെ ആഭ്യന്തര വിഷയങ്ങളാണെന്ന യുക്തിക്കും വസ്തുതകള്‍ക്കും നിരക്കുന്ന തീരുമാനത്തിലാണ് ചൈനയെ ഒറ്റപ്പെടുത്തിക്കൊണ്ട് സുരക്ഷാ സമിതി എത്തിച്ചേര്‍ന്നത്. ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള ഒരു ദ്വിരാഷ്ട്ര വിഷയം ചര്‍ച്ച ചെയ്യുവാനുള്ള വേദിയല്ലാ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയെന്ന കൃത്യമായ തീരുമാനമാണ് അവിടെ ഉണ്ടായത്. ‘ഐക്യരാഷ്ട്ര സഭയുടെ ഒരു അംഗരാജ്യം വീണ്ടും നടത്തിയ ശ്രമം മറ്റു രാജ്യങ്ങളുടെ ശരിയായ വിലയിരുത്തലുകള്‍ക്കു മുമ്പില്‍ പരാജയപ്പെടുന്നത് നാം വീണ്ടും കണ്ടു. പാക്കിസ്ഥാന് പ്രതിനിധികള്‍ വരച്ചു കാട്ടാന്‍ ശ്രമിച്ച ഭയാനകമായ സാഹചര്യവും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും ഒന്നും ഐക്യരാഷ്ട്ര സഭയുടെ വേദിയില്‍ വിശ്വസനീയമായി സ്വീകരിക്കപ്പെട്ടില്ലായെന്നതില് ഞങ്ങള്‍ സന്തുഷ്ടരാണ്’ എന്നാണ് ഇക്കാര്യത്തില്‍ ഐക്യരാഷ്ട്ര സഭയിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി സെയ്യദ് അക്ബറുദ്ദീന്‍ നടത്തിയ ശ്രദ്ധേയമായ പരാമര്‍ശം.
ഇവിടെ ഭാരതം മറക്കാന്‍ പാടില്ലാത്ത വസ്തുത ജമ്മുവും കശ്മീരും ലഡാക്കും അടങ്ങുന്ന ഭാരതത്തിന്റെ തനത് പ്രദേശത്ത് ഈ രാജ്യത്തിന്റെ ഭരണഘടനയുടെ പൂര്‍ണ്ണപ്രഭാവം ഉറപ്പുവരുത്തുവാനും വിഘടനവാദികളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കുവാനും രാജ്യം നിശ്ചയിച്ചപ്പോള്‍ കുതികാല് വെട്ടുവാനും ഭാരതത്തെ പരാജയപ്പെടുത്തി പാക് സ്ഥാപിത താത്പര്യം സ്ഥാപിക്കുവാന്‍ വേണ്ട വസ്തുതാവിരുദ്ധങ്ങളായ കുപ്രചരണങ്ങള്‍ വേണ്ടുവോളം വിളിച്ചു പറഞ്ഞതും രാഹുല്‍ ഗാന്ധിയായിരുന്നു എന്നാണ്. രാഹുല്‍ നുണകള്‍ കവര്‍ പേജില്‍ തന്നെ എഴുതി കാണിച്ചു കൊണ്ടാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷനില്‍ പാക്കിസ്ഥാന് സ്വന്തം വാദം നിരത്താന്‍ രേഖ ചമച്ചത്. പക്ഷേ മനുഷ്യാവകാശ കമ്മീഷന്റെ വേദിയിലും ഇമ്രാന് ഖാന്-രാഹുല്‍ ഗാന്ധി കൂട്ടുകെട്ടിന്റെ കൂട്ടനിലവിളി പരിഗണിക്കപ്പെട്ടില്ല.
2019 ഡിസംബറില്‍ ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടി മലേഷ്യയില്‍ വിളിച്ചു ചേര്‍ക്കുവാനും അവിടെ ഭാരതവിരുദ്ധ നിലപാടെടുപ്പിക്കുവാനും ഇമ്രാന് ഖാന് മോഹിച്ചു മുന്നിട്ടിറങ്ങി. എന്നാല്‍ അതില്‍ പങ്കെടുക്കുന്നതില്‍ നിന്നുതന്നെ സ്വയം പിന്മാറേണ്ട അവസ്ഥയില്‍ ഇമ്രാന് ഖാനെ കൊണ്ടെത്തിച്ചത് സൗദി അറേബ്യ ഉള്‍പ്പടെയുള്ള ഇസ്ലാമിക രാജ്യങ്ങള്‍ തന്നെയായിരുന്നു. അന്തര്‍ദേശീയ തലത്തില്‍ പാക്കിസ്ഥാന് നാള്‍ക്കു നാള് ഒറ്റപ്പെട്ടു കഴിഞ്ഞു എന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇംഗ്ലണ്ടിലെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബൈന്റെ കൂട്ടുപിടിച്ച് കശ്മീര്‍ വിഷയത്തില്‍ ഭാരതവിരുദ്ധ ഇടപെടലുകള്‍ക്ക് രാഹുല്‍ പക്ഷം നടത്തിയ ശ്രമങ്ങളും എട്ട് നിലയില്‍ പൊട്ടി. ഈ വിഷയവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
ഭാരതത്തിന്റെ ആഭ്യന്തര കാര്യമായ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തു കൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം രംഗത്തെത്തിയതും രാഹുലിനുവേണ്ടിയുള്ള ഇടപെടലായിരുന്നുയെന്ന് സ്വാഭാവികമായും സംശയം ഉയര്‍ത്തുന്നവരെ കുറ്റപ്പെടുത്താനാവില്ല. ലോകത്തെല്ലായിടത്തും മതപരമായ വിവേചനത്തെ പ്രതിരോധിക്കുവാനാണെന്ന് അവകാശപ്പെടുമ്പോഴും അമേരിക്കന്‍ സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ആ സ്ഥാപനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ആഗോളതലത്തില്‍ സുവിശേഷവത്കരണത്തിന് വഴിയൊരുക്കുകയും തടസ്സങ്ങള്‍ നീക്കുകയുമാണെന്നതാണ് നാളിതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ ലോകസമൂഹം വിലയിരുത്തുന്നത്. അങ്ങനെ വരുമ്പോള്‍ ആ വക ശക്തികളുമായി പൊക്കിള്‍കൊടി ബന്ധമുള്ള രാഹുലിനു വേണ്ടിയായിരുന്നു ആ ഇടപെടലുകള്‍ എന്ന വാദത്തിനു ശക്തി ലഭിക്കുന്നു. അമേരിക്കന്‍ പൊതുസമൂഹത്തില്‍ അപ്രസക്തരായി കരുതപ്പെടുന്ന മറ്റു ചിലരെയും അത്തരത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ക്ക് വേണ്ടി വിലയ്ക്കെടുക്കുവാന്‍ ഇമ്രാന് ഖാനും പ്രേരിപ്പിക്കുവാന്‍ രാഹുല്‍ ഗാന്ധിക്കും കഴിഞ്ഞിട്ടുണ്ടാകാം. ഭാരതം യഥാര്‍ത്ഥ വസ്തുതകള്‍ വ്യക്തമാക്കുകയും ശക്തമായ പ്രതികരണങ്ങള്‍ക്ക് തയ്യാറാവുകയും ചെയ്തപ്പോള്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യമായ അമേരിക്കയുടെ പൊതു സമൂഹവും ഭരണകൂടവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ലോകം കണ്ടത്.
പാക്കിസ്ഥാന്റെയും ചൈനയുടെയും പടിഞ്ഞാറന്‍ സാമ്രാജ്യത്വ ശക്തികളുടെയും അജണ്ട അനുസരിച്ച് ആഭ്യന്തര കലാപവും ഭരണ അട്ടിമറിയും ഭാരതത്തില്‍ സാദ്ധ്യമാക്കുവാന്‍ വഴി തേടുന്ന കമ്യൂണിസ്റ്റ് അരാജക വാദികളും ഇസ്ലാമിക തീവ്രവാദികളും ക്രിസ്ത്യന്‍ മതപരിവര്‍ത്തന ലോബിയും അടങ്ങുന്ന ബ്രേക്ക് ഇന്ത്യാ ഗ്യാങിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലൊളിച്ചാണ് രാഹുല്‍ രാഷ്ട്രീയം കളിക്കുന്നത്. സീതാറാം യച്ചൂരിയുടെയും ഒവൈസിയുടെയും മറ്റും പിന്തുണയോടെ രാഹുല്‍ നടത്തുന്ന ഇടപെടലുകള്‍ ഒന്നൊന്നായി പൊളിയുന്നു. അധികാരത്തോടുള്ള അതിമോഹം കാരണം അതിരുകള്‍ക്കു പുറത്തുള്ള വൈദേശിക ശക്തികളെ ആഭ്യന്തര കാര്യങ്ങളിലേക്കു വലിച്ചിടുന്ന രീതി ദൂരവ്യാപക ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നുളള്ള തിരിച്ചറിവുള്ളവരും കോണ്ഗ്രസിലുണ്ടാകും.
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങളുടെയിടയില്‍ ഭിന്നതയും സ്പര്‍ദ്ധയും വളര്‍ത്തി വളഞ്ഞ വഴിയിലൂടെ അധികാരം പിടിക്കുവാന്‍ വേണ്ടി കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സഹായം തേടി. ധോക്ക്ലാമില്‍ ഭാരതത്തോടു മാറ്റുരയ്ക്കാന്‍ ചൈന സാഹസം കാട്ടിയ സാഹചര്യത്തില്‍ ചൈനീസ് അംബാസിഡറുമായി രഹസ്യ ചര്‍ച്ചയ്ക്കു പോയി. നരേന്ദ്ര മോദിയെന്ന വ്യക്തിയെ ഒഴിവാക്കാന്‍ വേണ്ടി മണിശങ്കര്‍ അയ്യര്‍ മുഖേന പാക് സഹായം തേടി.
ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുമ്പ് പാക്കിസ്ഥാന് ഹൈക്കമ്മീഷണറുമായുള്ള രഹസ്യ ചര്‍ച്ചയ്ക്ക് ഡോ.മന്മോഹന് സിങിനെ മണിശങ്കര്‍ അയ്യരുടെ വീട്ടിലേക്ക് പറഞ്ഞയച്ചു. രാഹുലിന്റെ വിദേശ യാത്രയുടെ ഉദ്ദേശ്യവും ദുരൂഹമാണ്. അമേരിക്കന്‍ പ്രസിഡണ്ട്ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്മെന്റ് നേരിടുന്നതിനുണ്ടായ കാരണത്തിന്റെ പശ്ചാത്തലത്തില്‍ വേണം ഇന്ത്യയിലെ പ്രതിപക്ഷ കക്ഷിയുടെ പ്രമുഖ നേതാവിന്റെ ഈ വഴിവിട്ട പോക്കുകളെ വിലയിരുത്തേണ്ടത്.
അതിനിടെ പാക്കിസ്ഥാനിലേ ഭാരതവിരുദ്ധശക്തികളോടൊപ്പം അവിടെ രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥിരം പ്രതിനിധിയായി പ്രവര്‍ത്തിക്കുവാന്‍ നിയോഗിച്ചിട്ടുള്ള മണിശങ്കര്‍ അയ്യരെ ലാഹോറില്‍ നിന്നും വിളിച്ചു വരുത്തിയിരിക്കുന്നു! ഹിന്ദു വിരുദ്ധ വര്ഗീയതതുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും കൂട്ടുകെട്ടിന് ഏത് വഴിവിട്ട പണിയും വിശ്വസിച്ചേല്‍പ്പിക്കാവുന്ന വിശ്വസ്തന്! (1962 ലെ ചൈനീസ് ആക്രമണകാലത്ത് കേംബ്രിഡ്ജില്‍ വിദ്യാര്‍ത്ഥിയായി അവിടത്തെ കമ്യൂണിസ്റ്റ് ഫ്രാക്ഷന്റെ നേതാവുമായിരുന്ന അയ്യര്‍ കഷ്ടപ്പെട്ടു പണം പിരിച്ച് ചൈനയ്ക്ക് യുദ്ധസഹായ ഫണ്ട് അയച്ചതോര്‍ക്കുമ്പോള്‍ രാജ്യദ്രോഹത്തിന്റെ അപകടകരമായ വികൃതമുഖം ദേശസ്നേഹികളുടെ മുന്നിലെത്തുന്നു!) പാക്കിസ്ഥാനില്‍ നിന്നും ബ്രേക്ക് ഇന്ത്യാ ഗ്യാങ് പ്രത്യേകം വിളിച്ചു കൊണ്ടു വന്നപ്പോള്‍ അയ്യരുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ വിഷം ചീറ്റുകയായിരുന്നു. അയ്യരോടൊപ്പം നില്‍ക്കുന്നവര്‍ക്കാണോ മറുപക്ഷത്തെ ‘കൊലപാതകികള്ക്കാണോ’ കൂടുതല്‍ കരബലം എന്ന് പരിശോധിക്കപ്പെടാന്‍ പോകുന്നുവെന്നാണ് ലാഹോറില്‍ നിന്ന് ഭാരതത്തിലെത്തിയ ഉടന്‍ പ്രഖ്യാപിച്ചത്. അയ്യര്‍ പാക്കിസ്ഥാന് പക്ഷത്തായതുകൊണ്ട് ആ രാജ്യവിരുദ്ധ ശക്തികളുടെ വക്താവ് ‘കൊലപാതകികള്‍’എന്നുദ്ദേശിച്ചത് ഭാരതത്തിലെ 135 കോടി ജനങ്ങളെയാണെന്നത് ഉള്‍ക്കൊണ്ടുകൊണ്ട് മറുപടി കൊടുക്കുവാന്‍ ദേശീയതയുടെ പക്ഷം തീരുമാനിച്ചു കഴിഞ്ഞാല്‍, ഭാരതവിരുദ്ധ അജണ്ടയുമായി അതിര്‍ത്തിക്കപ്പുറം നില്ക്കുന്ന ഇമ്രാന് ഖാന്റെയും രാജ്യത്തിനുള്ളില്‍ ആ ദൗത്യം നിര്‍വഹിക്കുന്ന രാഹുല്‍ ഗാന്ധിയുടെയും ഒപ്പം അവരുടെ പൊതു കാര്യസ്ഥന് മണിശങ്കര്‍ അയ്യരുടെയും അന്തിമ പരാജയത്തിന്റെ സമയമടുത്തു എന്നുറപ്പാണ്.
എന്തായാലും ഒരു കാര്യത്തില്‍ രാഹുല്‍, ഇന്ദിരാ ഗാന്ധിയില്‍ നിന്ന് വ്യത്യസ്തനാണ്. ‘കാടിയാണെങ്കിലും മൂടിക്കുടിക്കുന്നതിന്’ ഇന്ദിര ശ്രദ്ധിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിര കുപ്രസിദ്ധ അധോലോകനായകന്‍ കരീം ലാലായെ പലപ്പോഴും പോയി കാണാറുണ്ടായിരുന്നുവെന്ന് മൂന്നര ദശാബ്ദങ്ങള്‍ക്കു ശേഷം മഹാരാഷ്ട്ര സര്‍ക്കാരില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേനാ നേതാവ് സഞ്ജയ് റാവത്തെന്ന മുന്‍ ക്രൈം ജേര്‍ണലിസ്റ്റ് വെളിപ്പെടുത്തുമ്പോളാണ് പൊതുസമൂഹം തിരിച്ചറിയുന്നത്. അമ്മൂമ്മയുടെ ‘കഴിവ്’ കൊച്ചുമോനില്ലാതെ പോയത് ഇന്നത്തെ ഭാരതത്തിന്റെ ഭാഗ്യം!
ഭാരതത്തിനുള്ളില്‍ ജനാധിപത്യ വിരുദ്ധമായ കലാപത്തിന് വഴിതുറന്ന് അധികാരത്തിന്റെ വഴിതേടിയ രാഹുലും പാക്കിസ്ഥാനിലിരുന്നു കൊണ്ട് രാഹുലിനെ നിയന്ത്രിക്കുകയും ആഗോള സമൂഹത്തെ ദുഷ്പ്രചരണങ്ങള്കൊണ്ടു ഭാരതവിരുദ്ധമാക്കാന് ശ്രമിക്കുകയും ചെയ്യുന്ന ഇമ്രാന് ഖാനും അനിവാര്യമായ തോല്‍വിയെ നേരില്‍ കാണുകയാണ്. ആത്യന്തിക വിജയത്തിന് ഭാരതം തയ്യാറെടുക്കുകയും ചെയ്യുന്നു! (ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: