ഡമാസ്‌കസ്: ഒന്‍പതു വര്‍ഷമായി യുദ്ധത്തിന്റെ കെടുതികള്‍ അലട്ടുന്ന സിറിയയില്‍ നിന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കുഞ്ഞുങ്ങളെ ബലാത്സംഗത്തിന് ഇരയാക്കുന്നു, പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുന്നു തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് ഐക്യരാഷ്‌ട്ര സംഘടനയുടെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ഫോര്‍ സിറിയ പുറത്തു വിട്ടത്.
വ്യോമാക്രമണത്തില്‍ സിറിയയിലെ പ്രധാന നഗരങ്ങളെല്ലാം തകര്‍ന്ന അവസ്ഥയിലാണ്. 2011ല്‍ യുദ്ധം ആരംഭിച്ചതു മുതല്‍ ഇതുവരെ സിറിയയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെല്ലാം കമ്മീഷന്‍ ഓഫ് എന്‍ക്വയറി ഫോര്‍ സിറിയയുടെ അന്വേഷണ പരിധിയില്‍ വന്നിരുന്നു. പെണ്‍കുട്ടികള്‍ ക്രൂരമായ ലൈംഗിക അതിക്രമത്തിനാണ് ഇരയാവുന്നത്. ആണ്‍കുട്ടികളെ നിര്‍ബന്ധിച്ച് സൈന്യത്തില്‍ ചേര്‍ക്കുന്നു.
ഒന്‍പതു വര്‍ഷത്തെ യുദ്ധത്തില്‍ സിറിയയിലെ കുട്ടികള്‍ക്കു നേരെയുണ്ടായ അവകാശലംഘനങ്ങള്‍ യുഎന്നിന്റെ റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നു. അംഗവൈകല്യം വന്ന കുട്ടികള്‍ ദുരിതമനുഭവിക്കുന്നതിന്റെ നിരവധി ചിത്രങ്ങള്‍ അടക്കമാണ് റിപ്പോര്‍ട്ട് യുഎന്നിനു സമര്‍പ്പിച്ചത്. സിറിയയില്‍ യുഎന്നിനു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ യുദ്ധരംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പിന്നീട് യുഎന്‍ സംഘം അന്വേഷണങ്ങള്‍ നടത്തിയത്.
അമ്പതു ലക്ഷം കുഞ്ഞുങ്ങളെങ്കിലും യുദ്ധത്തിന്റെ കെടുതികള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് കമ്മീഷന്‍ ഓഫ് എന്‍ക്വയറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലക്ഷക്കണക്കിനു കുഞ്ഞുങ്ങള്‍ക്ക് സ്വന്തം വീടുകള്‍ നഷ്ടപ്പെട്ടു. യുദ്ധം കുഞ്ഞുങ്ങളുടെ ബാല്യം കവര്‍ന്നു എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ടില്‍ സിറിയയിലെ അവസ്ഥ വിശദീകരിക്കുന്നത്.
പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന സൈന്യം തന്നെയാണ് കുട്ടികള്‍ക്കു നേരെ ആക്രമണം നടത്തുന്നത്. സ്‌കൂളുകളും ആശുപത്രികളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്.
















