വിളപ്പില്‍ (തിരുവനന്തപുരം): പോളിയോ തുള്ളിമരുന്ന് നല്‍കാനെത്തുന്ന മന്ത്രിയെ കുരുന്നുകള്‍ കാത്തിരുന്നത് മണിക്കൂറുകള്‍. വായു കടക്കാത്ത ഹാളില്‍ ഉഷ്ണവും വിശപ്പും തളര്‍ത്തിയ പിഞ്ചുകുഞ്ഞുങ്ങള്‍ പൊട്ടിക്കരഞ്ഞു. ജനിച്ച് മാസങ്ങള്‍ മാത്രം പ്രായമുള്ള കുരുന്നുകളുടെ ഏങ്ങലടക്കാന്‍ പ്രയാസപ്പെട്ട് അമ്മമാരും വിഷമത്തിലായി.
സംസ്ഥാനത്ത് ഇരുപത്തിനാലായിരം കേന്ദ്രങ്ങളില്‍ രാവിലെ എട്ടുമണിക്ക് പോളിയോ തുള്ളിമരുന്ന് വിതരണം നടക്കുമെന്നായിരുന്നു അറിയിപ്പ്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശ്ചയിച്ച വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് മന്ത്രി കെ.കെ. ശൈലജ ഒരു മണിക്കൂര്‍ വൈകിയെത്തിയത്. കുട്ടികളുമായി അമ്മമാര്‍ രാവിലെ ഏഴരയ്‌ക്ക് തന്നെ ആശുപത്രി ഹാളിലെത്തിയിരുന്നു.
സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന വിളപ്പില്‍ശാല ആശുപത്രിയില്‍ ഒഴികെ മറ്റെല്ലായിടത്തും രാവിലെ എട്ടിന് തുള്ളിമരുന്ന് നല്‍കി. എന്നാല്‍, മന്ത്രി പങ്കെടുത്ത ഉദ്ഘാടന കേന്ദ്രത്തില്‍ പ്രസംഗങ്ങളൊക്കെ കഴിഞ്ഞ് തുള്ളിമരുന്ന് നല്‍കിയത് 9.30നു ശേഷം.
















