പത്തനംതിട്ട: ഗവര്‍ണറെ ഇരുട്ടില്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ തന്നെ കോടതിയില്‍ പോകുമ്പോള്‍ ഭരണത്തലവനായ ഗവര്‍ണറെ അറിയിക്കാതിരുന്നത് ശരിയല്ല. രാഷ്‌ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ്.
നിയമസഭ പാസാക്കിയ നിയമത്തിനെതിരെ ഏതെങ്കിലും ജില്ലാ പഞ്ചായത്ത് കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന് തുല്യമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ വിമര്‍ശിച്ചത്. എന്നാല്‍ ഗവര്‍ണറെ എതിര്‍ക്കുന്നതല്ലാതെ ഏത് വകുപ്പുകളാണ് ലംഘിച്ചതെന്ന് മുഖ്യമന്ത്രിക്ക് ഇതുവരെ പറയാന്‍ സാധിച്ചിട്ടില്ല.
ഭരണഘടനയ്‌ക്കെതിരായി ഇതുവരെ കേരള ഗവര്‍ണര്‍ പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ ഗവര്‍ണറോട് തുറന്ന സംഘട്ടനത്തിനാണ് സര്‍ക്കാരിന് താത്പര്യം. ഗവര്‍ണറെ എതിര്‍ക്കുക വഴി സിപിഎമ്മിന് രാഷ്‌ട്രീയ താത്പര്യമാണുള്ളത്. സര്‍ക്കാര്‍ അതേ നിലപാട് സ്വീകരിക്കാന്‍ പാടില്ല.
ഗവര്‍ണര്‍ ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ ഭരണഘടന ലംഘിക്കുന്നു. ഒരേസമയം ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും, അതോടൊപ്പം അത് ലംഘിക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയാണ് സര്‍ക്കാരും പ്രതിപക്ഷവും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
















