കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ശനിയാഴ്ച കോഴിക്കോട് കടപ്പുറത്ത് യുഡിഎഫ് സംഘടിപ്പിച്ച റാലി മുസ്ലിം മതസമ്മേളനമായെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ബിജെപി ജില്ലാ പ്രസിഡന്റ് പ്രഖ്യാപന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യജനാധിപത്യ മുന്നണി എന്നത് മുസ്ലിം കോണ്‍ഫെഡറേഷനല്ലെന്ന് ചിന്തിക്കണം. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കോഴിക്കോടിനെ മാറ്റുകയാണെന്നും രമേശ് പറഞ്ഞു.
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്കറിയാം. ആര്‍എസ്എസ് പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിച്ച കോഴിക്കോട് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുള്ള കരുത്ത് എതിരാളികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ അവസാനത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനും രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയെകുറിച്ചുള്ള സത്യം ജനങ്ങള്‍ തിരിച്ചറിയുന്നതിനെ സിപിഎം ഭയക്കുന്നത് കൊണ്ടാണ് ബിജെപിക്കു ബദലായി പ്രചാരണം നടത്താനുള്ള തീരുമാനമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഗൃഹ സമ്പര്‍ക്കം വിജയിച്ചതിന്റെ തെളിവാണ് സിപിഎം നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















