ബെംഗളൂരു: ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകനും ബിഎംഎസ് അഖിലേന്ത്യാ അധ്യക്ഷനുമായിരുന്ന രാ. വേണുഗോപാലിന്റെ അനുജന്‍ പാലക്കാട് കൊല്ലങ്കോട് രാവുണ്യാരത്ത് ആര്‍. ഗിരീഷ് മേനോന്‍ (91) അന്തരിച്ചു. ബെംഗളൂരു കുന്ദലഹള്ളി സിഎംആര്‍ഐടി കോളേജിനു സമീപം ഗോപാല സ്‌പ്ലെന്‍ഡര്‍ അപ്പാര്‍ട്ട്‌മെന്റില്‍ മകന്‍ ദിവാകറിനൊപ്പമായിരുന്നു താമസം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് പാണത്തൂര്‍ ശ്മശാനത്തില്‍. ഭാര്യ: വിലാസിനി. മക്കള്‍: മീര, ദിവാകര്‍ (മുരളി). മരുമക്കള്‍: ദിനു, രേണുക. മുംബൈ ഓഷ്യന്‍ കരീര്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി 30 വര്‍ഷത്തോളം കുടുംബസമേതം മുംബൈയിലായിരുന്നു താമസം. മുംബൈയില്‍ ആര്‍എസ്എസ് മലയാളി പ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചു.
മുംബൈ മഹാനഗരത്തിന്റെ നിരവധി ചുമതലകള്‍ വഹിച്ചിരുന്നു. ആര്‍എസ്എസ് സാന്താക്രൂസ് പൂര്‍വ വിഭാഗത്തിന്റെ സംഘചാലക് ആയിരുന്നു. 80, 90 കളില്‍ മറാത്തി ഡെയ്‌ലി തരുണ്‍ഭാരത്, വീക്ക്‌ലി വിവേക് എന്നിവ പ്രസിദ്ധീകരിച്ചിരുന്ന ശ്രീരംഗ് പ്രിന്റിങ് പ്രസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു.
മുംബൈ മലയാളി സമാജത്തിന്റെ സ്ഥാപക പ്രസിഡന്റും 25 വര്‍ഷത്തോളം പ്രസിഡന്റുമായിരുന്നു. മുംബൈ, താനെ, നവിമുംബൈ, റായ്ഗഡ് ജില്ലകളിലെ ആര്‍എസ്എസ് മലയാളി പ്രവര്‍ത്തകരുടെ പ്രമുഖ് ആയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്ന ഭാരത് ഭാരതിയുടെ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിരുന്നു.
ഓണാഘാഷത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും ആഗസ്റ്റ് 15ന് മുംബൈയില്‍ ഭാരത് ഭാരതി മലയാളി വിഭാഗം ഓണാഘോഷത്തിന് നേതൃത്വം നല്‍കി. ബെംഗളൂരുവില്‍ സമന്വയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.
















