കോഴിക്കോട്: മതനിന്ദ കുറ്റം ചുമത്തി ജയിലിലടച്ചത് ജോസഫ് ആയതുകൊണ്ടാണെന്നും ബഷീര്‍ എന്നായിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും പ്രൊഫ.ടി.ജെ. ജോസഫ്. ഇസ്ലാമിക ഭീകരരുടെ ആക്രമണത്തിന് വിധേയനായി മൃതാവസ്ഥയില്‍ കഴിയുമ്പോള്‍ ഇടത് അധ്യാപകസംഘടനയായ എകെപിസിടിഎ സഹായിക്കാതിരുന്നത് വോട്ട് രാഷ്‌ട്രീയം മൂലമായിരുന്നു. ഇസ്ലാമിക ഭീകരരുടെ ആക്രമണത്തിന് ശേഷം കഴിഞ്ഞ പത്ത് വര്‍ഷമായി അനുഭവിച്ച തീവ്രവേദനകളും ഒറ്റപ്പെടുത്തലുകളും എല്ലാം ഉള്‍ക്കൊള്ളുന്ന ‘അറ്റുപോവാത്ത ഓര്‍മ്മകള്‍’ എന്ന ആത്മകഥയുടെ പ്രകാശന ചടങ്ങിലാണ് പ്രൊഫ. ജോസഫ് അനുഭവങ്ങള്‍ പങ്കുവച്ചത്.
ഭരണഘടനയനുസരിച്ചുള്ള മതേതരത്വമല്ല നമുക്ക് ലഭിക്കുന്നത്. ഒരു പ്രൊഫസറായിരുന്നിട്ടും ആക്രമണത്തിന് വിധേയനായിട്ട് നീതി ലഭിച്ചില്ല. അപ്പോള്‍ സാധാരണക്കാരുടെ അനുഭവം എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളു. അരക്ഷിതാവസ്ഥയെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഒരു മതത്തിനും പ്രാധാന്യം കൊടുക്കാത്തതാണ് മതേതരത്വം. രാഷ്‌ട്രീയക്കാര്‍ മതത്തെ പിന്താങ്ങുന്ന കാവലാളന്മാരാണ്. ഇതാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥ.
ശാരീരികമായ വേദന പ്രശ്‌നമായിരുന്നില്ല. എന്നാല്‍, ഒറ്റപ്പെടുത്തി തള്ളിപ്പറഞ്ഞതാണ് മാനസികമായി മുറിപ്പെടുത്തിയത്. 25 വര്‍ഷക്കാലം ജോലി ചെയ്‌തെങ്കിലും പിരിച്ചുവിട്ടതോടെ ഉപജീവനമാര്‍ഗ്ഗം അടഞ്ഞുപോയി. ഭാര്യ നഷ്ടമായി. മകനെ പോലീസ് പീഡിപ്പിച്ചു. എല്ലാം സഹിച്ച് പിടിച്ചുനിന്നു. ഇക്കാര്യങ്ങളെല്ലാം പുസ്തകത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
















