ഇവിടെപലതില്ല. വ്യത്യസ്തങ്ങളോ വ്യത്യസ്തങ്ങളല്ലാത്തതോ ആയ യാതൊന്നും ഇവിടില്ല (ന നാനേദം….ന പൃഥക് നാപൃഥക്). ഈ വരികളും മാധ്യമികകാരികയിലെ അനേകാര്ത്ഥം അനാനാര്ത്ഥം മുതലായ വരികളും ശ്രദ്ധിക്കുക. മമത, ഭയം, കോപം എന്നിവയെ മറികടന്നവരും വേദത്തിന്റെ ആഴങ്ങള്ക്കപ്പുറം പോയവരും, ഭാവനാരഹിതവും പ്രതീതികള്‍ എല്ലാം ഒടുങ്ങിയതും ആയി, ആ ഒന്നിനെ കണ്ടു (നിര്വികല്പഃ പ്രപഞ്ചോപശമഃ). അദ്വയസംസാരപരിനിര്വാണവത് സര്വധര്മാഃ തസ്മാത് തര്‍ഹി മഹാമതേ ശൂന്യതാനുത്പാദാദ്വയനിഃ സ്വഭാവലക്ഷണേ യോഗഃ കരണീയഃ ; യദുതാ സ്വചിത്തവിഷയവികല്പദൃഷ്ട്യാനവബോധനാല് വിജ്ഞാനാനാം സ്വചിത്തദൃശ്യമാത്രാനവതാരേണ മഹാമതേ വാലപൃഥക്ജനാഃ ഭാവാഭാവസ്വഭാവപരമാര്ത്ഥദൃഷ്ടിദ്വയവാദിനോ ഭവന്തി എന്നീ ലങ്കാവതാരസൂത്രഭാഗങ്ങളുമായി താരതമ്യം ചെയ്തുനോക്കുക. മൂന്നാമത്തെ പ്രകരണത്തില്‍ ഗൗഡപാദര്‍ സത്യം ആകാശം (Void) പോലെ ആണെന്നു പറയുന്നു. ജനനമരണങ്ങളില്‍ വരികയും പോവുകയും എല്ലാ ജീവശരീരങ്ങളിലും കുടികൊള്ളുകയും ചെയ്യുന്നതായി ഇതിനെ തെറ്റിദ്ധരിച്ചിരിക്കുന്നു. എങ്ങിനെയെല്ലാം സങ്കല്പിച്ചാലും ഇത് ആകാശത്തിന് നിന്നും അഭിന്നമല്ല. സംകലിത (Compound) മായി കാണപ്പെടുന്നതെല്ലാം സ്വപ്നവും മായയും മാത്രമാണ്. ദ്വൈതമെന്നത് അദ്വൈതത്തില്‍ മായ ആരോപിച്ചതാണ്. സത്യം അനശ്വരമാണ്; അതിന് അതിന്റെ സ്വഭാവം കൊണ്ടുതന്നെ മാറ്റത്തിനു വിധേയമാകാന്‍ സാധ്യമല്ല. അതിനു ജനനമില്ല. ജനനമരണങ്ങളും വൈവിധ്യങ്ങളുമെല്ലാം മായ അതിനു മേല്‍ ആരോപിക്കുന്നതു കൊണ്ടാണ് തോന്നുന്നത്. അസതോ മായയാ ജന്മ തത്വതോ നൈവ ജായതേ. വന്ധ്യാപുത്രോ ന തത്വേന മായയാ വാപി ജായതേ എന്ന ഗൗഡപാദകാരികയിലെ ഈ ആശയം നാഗാര്ജുനന് മാധ്യമികകാരികയില് വ്യക്തമാക്കുന്നു ആകാശം ശശശൃംഗഞ്ച വന്ധ്യായാഃ പുത്ര ഏവ ച. അസന്തശ്ചാഭിവ്യജ്യന്തേ തഥാഭാവേന കല്പനാ.ഒരേ മനസ്സ് സ്വപ്നത്തില്‍ പലതായി തോന്നുന്നതു
പോലെ ജാഗ്രദവസ്ഥയിലും ഒന്ന് പലതായി തോന്നുന്നു. യോഗികളില്‍ എപ്പോഴാണോ ചിത്തവൃത്തികളടങ്ങുന്നത് അപ്പോള്‍ ഭയവിനിര്മുക്തവും സര്‍വദു:ഖനിവൃത്തവും ആയ ആത്യന്തികമുക്തി ഉദിക്കുന്നു. എല്ലാം ദുഃഖമാണ് എന്നു സ്മരിച്ചു കൊണ്ട് (ദുഃഖം സര്‍വം അനുസ്മൃത്യ) എല്ലാ ആശകളേയും ഭോഗങ്ങളേയും ഉപേക്ഷിക്കണം. ഇവിടെ ഒന്നിനും ജനനമില്ല എന്നുള്ളിലുറപ്പിച്ച് ഒന്നിന്റെയും ഉല്‍പ്പത്തിയേ കാണരുത്. ചിത്തത്തെ അതിന്റെ അന്തിമലയത്തിലേക്ക് ഉണര്‍ത്തണം. അതിന്റെ വ്യതിചലനത്തെ ശമിപ്പിക്കണം. ശമം വന്നാല്‍ അതിനെ പല വസ്തുക്കളിലേക്കു നയിക്കരുത്. ഒരു സുഖവും രുചിക്കരുത്. വിവേകത്താല്‍ നിര്‍മമത്വം പുലര്‍ത്തണം. തീവ്രയത്നത്താല്‍ മനസ്സിനെ നിശ്ചലവും സ്ഥിരവുമാക്കണം.
പൂര്ണലയത്തിലേക്കോ വ്യതിചലനത്തിലേക്കോ വഴുതിവീഴാതിരിക്കേ പ്രതീതികളൊന്നും അനുഭൂതമാകാതിരിക്കേ അയാളുടെ ആ അവസ്ഥയാണ് യഥാര്‍ത്ഥബ്രഹ്മം. ജ്ഞാനത്തിനു വിഷയമായി വസ്തുക്കളൊന്നും ഭവിക്കാതിരിക്കുമ്പോള് ഉള്ള ഭാവമാണ് സര്‍വജ്ഞത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: