ചരിത്രം പറയുന്ന മറ്റൊരു ചിത്രം കൂടി ബോളിവുഡില്‍ തരംഗമാകുന്നു. ഹിന്ദു സാമ്രാജ്യ സ്ഥാപകന്‍ ശിവാജി മഹാരാജാവിന്റെ ഹവില്‍ദാര്‍ താനാജിയുടെ പോരാട്ടമാണ് സിനിമയായിരിക്കുന്നത്. ഓം റാവത്ത് സംവിധാനം ചെയ്ത ‘താനാജി ദ അണ്‍സങ് വാരിയര്‍’ എന്ന ത്രീഡി സിനിമ ഇതിനോടകം ബോക്സോഫീസ് റെക്കോഡിലേക്ക്.
1647 ല്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. സിനഗഡില്‍ മുഗള്‍ സൈന്യം നടത്തുന്ന ആക്രമണത്തെ ചെറുക്കുന്നതിനിടെ താനാജിയുടെ പിതാവിന് ദാരുണാന്ത്യം സംഭവിക്കുന്നു. പിന്നിട് സിനഗഡിന്റെ സംരക്ഷണം താനാജിയില് അര്‍പ്പിതമാകുന്നു. സിനഗഡിനെ ലക്ഷ്യംവച്ചുള്ള പല ആക്രമണങ്ങളും യുദ്ധകൗശലംകൊണ്ട് താനാജി പരാജയപ്പെടുത്തുന്നു.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ഭാരതത്തെ മുഴുവന്‍ കീഴടക്കുന്നതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. ദക്ഷിണേന്ത്യയിലേക്ക് പട നയിക്കാന്‍ ഹിന്ദുപോരാളിയായ ഉദയബാന്‍ സിങ് റാത്തോഡിനെ ചുമതലപ്പെടുത്തുന്നു. അതിന് ഔറംഗസേബിന് കാരണങ്ങളുമുണ്ട്. ദക്ഷിണേന്ത്യ അന്ന് ഹിന്ദു രാജാക്കന്മാരുടെ കീഴിലായിരുന്നു. ഹിന്ദുവിനെ നേരിടാന്‍ മറ്റൊരു ഹിന്ദുവെന്ന കുതന്ത്രം.
ക്രൂരതയുടെ പര്യായമാണ് രജപുത്ര വംശജനായ ഉദയബാന്‍ റാത്തോഡ്. പ്രണയ തിരസ്കരണത്തെത്തുടര്ന്ന് ഇയാള്‍ മുഗള്‍പക്ഷം ചേര്‍ന്ന് സ്വന്തം രാജ്യത്തെ പരാജയപ്പെടുത്തി രാജകുമാരിയെയും അപഹരിച്ചുള്ള യാത്രയിലാണ്. റാത്തോഡിന്റെ ദക്ഷിണേന്ത്യന്‍ ദൗത്യത്തിന്റെ ആദ്യ ലക്ഷ്യം സിനഗഡിലെ കൊന്താന കോട്ടയും റായ്ഗഡുമാണ്.
മുഗള്‍ ചക്രവര്‍ത്തിയുടെ പടപ്പുറപ്പാട് മനസ്സിലാക്കുന്ന ശിവാജി മഹാരാജ് കൊന്താന കോട്ടയുടെ സംരക്ഷണം താനാജിയെ എല്പ്പിക്കുന്നു. റാത്തോഡിന്റെ സൈന്യത്തെ നേരിടാന്‍ ഒരുങ്ങി താനാജിയും സിനഗഡിലെ ജനങ്ങളും. ഒറ്റുകാരനാല്‍ താനാജിയുടെ നീക്കങ്ങള്‍ ചെങ്കോട്ടയിലെത്തി. മുഗള്‍ സൈന്യത്തെയും കാത്തുനില്ക്കുന്ന താനാജിക്കു മുന്നിലേക്കെത്തുന്നത് തടവുകാരായി പിടിക്കപ്പെട്ട സൈനികരാണ്. താനാജിയുടെ പോരാട്ടവീര്യംകൊണ്ട് അവരെ കീഴ്പ്പെടുത്തുമ്പോള് സത്യം തിരിച്ചറിയുന്നു. അപ്പോഴേക്കും മറ്റൊരു മാര്‍ഗത്തിലൂടെ മുഗളര്‍ കൊന്താന കോട്ടയിലെത്തി ആധിപത്യം സ്ഥാപിച്ചു. തീ തുപ്പുന്ന ഭീമന് പീരങ്കി റായ്ഗഡിനെ ലക്ഷ്യമാക്കി കൊന്താനയില് ഒരുങ്ങി. ഒരു തീക്കനല്‍ മതി ഇനി റായ്ഗഡിനെ നശിപ്പിക്കാന്‍. ഉദയബാന്‍ റാത്തോഡിന്റെ അമിത ആത്മവിശ്വാസം ദൂരെനിന്നുള്ള യുദ്ധത്തിന് അദ്ദേഹത്തെ അനുവദിച്ചില്ല. റായ്ഗഡിലെത്തിയ ശിവജിയുടെ തല തനിക്കുതന്നെ വെട്ടിയെടുക്കണമെന്ന ലക്ഷ്യത്തിലായിരുന്നു ഉദയബാന്‍.
തന്റെ കരുനീക്കങ്ങള്‍ പരാജയപ്പെട്ട താനാജി സൈന്യത്തെ പിരിച്ചുവിട്ട് ഒറ്റയ്ക്ക് യാത്ര തുടരുന്നു. ശത്രുവിന്റെ പാളയത്തില്‍ ഒറ്റയ്ക്കെത്തി ഒറ്റുകാരനെ വകവരുത്തുന്നു. പിടിക്കപ്പെടുന്ന താനാജി പിന്നീട് ഉദയബാന്റെ ക്രൂരതകള്‍ക്ക് ഇരയാകേണ്ടി വരുന്നുണ്ട്. എന്നാല്‍ മുഗള്‍ സൈന്യത്തിലെ രജപുത്ര സാന്നിധ്യം താനാജിയെ അവിടെനിന്നും രക്ഷപ്പെടുത്തുന്നു. സിനഗഡില്‍ തിരിച്ചെത്തുന്ന താനാജി തന്റെ നാട്ടിലെ മുഴുവന്‍ പുരുഷന്മാരെയും കൂട്ടി കൊന്താന ആക്രമിക്കാന്‍ പുറപ്പെടുന്നു.
അപഹരിച്ചെടുത്ത രാജകുമാരി തന്നെ വിവാഹം കഴിക്കാന്‍ സമ്മതിച്ചതിന്റെ സന്തോഷത്തിലാണ് ഉദയബാന്‍ സിങ് റാത്തോഡും സിംഹഗഡും. താനാജിയുടെ അപ്രതീക്ഷിതവും സാഹസികവുമായ ആക്രമണത്തിന് മുന്നില്‍ മുഗള്‍ സൈന്യത്തിന് അടിപതറുന്നു. പരാജയം മുന്നില്‍ക്കണ്ട ഉദയബാന്‍ റായ്ഗഡിനെ പീരങ്കിവച്ച് തകര്‍ക്കാന്‍ ഒരുങ്ങുന്നു. മുഗള്‍ സൈന്യത്തിന്റെ ആ നീക്കത്തെ തടഞ്ഞ് ഉദയബാന്‍ സിങ് റാത്തോഡിനെ വധിച്ച് കൊന്താന കോട്ടയില്‍ താനാജി ഭഗവ പതാക പാറിക്കുന്നു.
ഭാരത യോദ്ധാക്കളുടെ യുദ്ധവിജയങ്ങളില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്നതാണ് സിനഗഡ് യുദ്ധം. സംഭവത്തെ ആസ്പദമാക്കി വീരസവര്‍ക്കര്‍ രചിച്ച പുസ്തകം ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചതിലൂടെ സിനഗഡ് പോരാട്ടത്തിന്റെ പ്രാധാന്യം വ്യക്തം.
ത്രീഡി ഫോര്‍മാറ്റിലിറങ്ങിയ താനാജി മറ്റൊരു ദൃശ്യവിരുന്ന് തന്നെയാണ്. ക്രൂരനായ ഉദയബാന്‍ സിങ് റാത്തോഡായി സേഫ് അലിഖാന് എത്തുമ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്നു തന്നെ വിശേഷിപ്പിക്കാം. താനാജിയുടെ യുദ്ധവീര്യത്തിനൊപ്പമെത്താന്‍ അജയ് ദേവ്ഗണിനാകുന്നില്ലെങ്കിലും അഭിനയം വിരസമാക്കുന്നില്ല.
ചരിത്രത്തിന്റെ തുടര്‍ച്ച പറയാതെ പറയുന്നുണ്ട് താനാജി. ഭാരതത്തെ നേരിടാന്‍ ഭാരതീയനായ പോരാളിയെ മുന്നില്‍ നിര്‍ത്തിയ ഔറംഗസേബ് തന്ത്രം തുടരുന്നു. സമകാലീന ഭാരതത്തില്‍ ഔറംഗസേബുമാര്‍ ഉദയബാന്‍ സിങ് റാത്തോഡുമാരെ സൃഷ്ടിക്കുന്നു. ഇന്നത്തെ ഇന്ത്യന്‍ സിനിമാ ലോകം അതിന് ഉത്തമ ഉദാഹരണമാവുകയാണ്. ഔറംഗസേബുമാര്‍ക്കുമുന്നില്‍ ഈ ശിഖണ്ഡികള് തിരിച്ചറിയണം, താനാജി യുഗം അവസാനിച്ചില്ലെന്ന്. ഇത് ചിത്രം നിശ്ശബ്ദമായി പറഞ്ഞുവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: