തിരുവനന്തപുരം: ഐഎഎസ് നേടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തില്‍ തലശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിനെതിരെ കേസെടുത്തത് അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാരിന് വിജിലന്‍സ് ശുപാര്‍ശ നല്‍കും. ആസിഫ് ഹാജരാക്കിയ രേഖ തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
ആസിഫ് നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിന് പരാതി ലഭിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംവരണ ആനുകൂല്യം വഴി ഐഎഎസ് ലഭിക്കാന്‍ ആസിഫ് വരുമാനം കുറച്ചു കാണിച്ചുള്ള സര്‍ട്ടിഫിക്കറ്റ് യുപിഎസിക്ക് നല്‍കിയെന്നാണ് പരാതി. ക്രീമിലെയര്‍ ഇതര വിഭാഗത്തിന്റെ ആനുകൂല്യം ലഭിക്കാനാണ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ കണ്ടെത്തിയിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് വിജിലന്‍സിന്റെ ഇപ്പോഴത്തെ റിപ്പോര്‍ട്ട്.
2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ. യൂസഫ്. നോണ്‍ ക്രീമിലയര്‍ ഉദ്യോഗാര്‍ഥിയെന്ന നിലയിലാണ് ആസിഫിന് കേരള കേഡറില്‍ തന്നെ ഐഎഎസ് ലഭിച്ചത്. ഉദ്യോഗാര്‍ഥിയുടെ കുടുബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തിന് താഴെ വന്നാല്‍ മാത്രമാണ് ക്രീമിലിയര്‍ ഇതരവിഭാഗത്തിന്റെ ആനുകൂല്യം യുപിഎസ്സി നല്‍കുക. 2015 ല്‍ പരീക്ഷയെഴുതുമ്പോള്‍ കുടുംബത്തിന്റെ വരുമാനം ആറു ലക്ഷത്തിന് താഴെയെന്നായിരുന്നു ആസിഫ് യുപിഎസ്സിക്ക് നല്കിയ ക്രീമിലിയര്‍ സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിരുന്നത്. കുടുംബത്തിന് വരുമാനം 1.8 ലക്ഷമാണെന്ന കണയന്നൂര്‍ തഹസില്‍ദാറിന്റെ സര്‍ട്ടിഫിക്കറ്റും ആസിഫ് ഹാജരാക്കിയിരുന്നു.
എന്നാല്‍, ആസിഫിന്റെ കുടുംബം ആദായ നികുതിയടക്കുന്നവരാണെന്നും പരീക്ഷയെഴുതുമ്പോള്‍ കുടുംബത്തിന്റെ വരുമാനം 28 ലക്ഷമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കണയന്നൂര്‍ തഹസില്‍ദാര്‍ നല്‍കിയിട്ടുള്ള രേഖകള്‍ വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴത്തെ തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ടും ആദായനികുതി രേഖകളും ഉള്‍പ്പെടുത്തിയാണ് കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: