‘വിജ്ഞാന കൈരളി’യുടെ ഡിസംബര്‍ ലക്കത്തില്‍ ‘മലയാളത്തിലേക്ക് വീണ്ടും ജ്ഞാനപീഠം എത്തുമ്പോള്‍’ എന്ന ലേഖനമുണ്ട്. മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കാന്‍ സഹായകമായത് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തോടുള്ള കൂറാണെന്ന് ലേഖകന്‍ (സി. അശോകന്) ആരോപിക്കുന്നു.
ആര്‍ക്കും ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാം. അഭിപ്രായം പറയാം. ആരോപണവും അഭിപ്രായവും വസ്തുതയായിക്കൊള്ളണമെന്നില്ല. വസ്തുതയുടെ പിന്‍ബലമില്ലാത്ത ആരോപണവും അഭിപ്രായവും അവഗണിക്കപ്പെടും.
അപഹാസ്യമായ രാഷ്ട്രീയ ഭാഷയും നിരീക്ഷണങ്ങളും ആശയാവര്‍ത്തനങ്ങളുമാണ് ലേഖനത്തിലുള്ളത്. ആദ്യ ഭാഗം തന്നെ, നല്ല മലയാളം വായിച്ചിട്ടുള്ളവരില്‍ ചിരിയുണര്‍ത്തും.
”അക്കിത്തത്തിനു ജ്ഞാനപീഠ പുരസ്കാരം ലഭിച്ചുവെന്നത് മലയാളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതി ഒരെഴുത്തുകാരനിലൂടെ ഭാഷയിലേക്കു വരുന്നത് ഭാഷാ സ്നേഹികളെയും സാഹിത്യാസ്വാദകരെയും സംബന്ധിച്ചിടത്തോളം ആഹ്ലാദകരമായ സംഗതി തന്നെയാണ്.”
ഒറ്റ വാക്യത്തിലൊതുക്കാവുന്ന കാര്യം രണ്ടു വാക്യങ്ങളിലായി പരത്തിയിരിക്കുന്നു. രണ്ടിലും ചില രാഷ്ട്രീയ പ്രസംഗകര്‍ ചെയ്യുന്നതുപോ
ലെ ‘സംബന്ധിച്ചിടത്തോളം’ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ വാക്യം വായിച്ചാല്‍ തോന്നും പരമോന്നത സാഹിത്യപുരസ്കാരം ഭാഷയിലേക്കു വരാറുള്ളത് എഴുത്തുകാരിലൂടെയല്ലെന്ന്! ‘ഒരെഴുത്തുകാരനിലൂടെ’ എന്നതിനുപകരം ‘അക്കിത്തത്തിലൂടെ’ എന്നോ ‘വീണ്ടും ഒരു കവിയിലൂടെ’ എന്നോ എഴുതേണ്ടതായിരുന്നു.
തുടര്‍ന്നുള്ള ചില വാക്യങ്ങള്‍:
”അക്കിത്തത്തിന്റെ കവിതകള്‍ അദ്ദേഹത്തിനു ലഭിച്ച ജ്ഞാനപീഠ പുരസ്കാരത്തിനു ന്യായീകരണവും ആകുന്നുണ്ട്. ഒരുപക്ഷേ, മലയാളത്തില്‍ ജ്ഞാനപീഠം അര്‍ഹിക്കുന്ന മറ്റെഴുത്തുകാര്‍ പലരും ഉണ്ടെങ്കിലും അക്കിത്തം അതിന് അര്‍ഹനല്ലെന്ന് ആരും പറയില്ല.”
ഇത്രയും എത്തുമ്പോഴേക്കും എത്ര ക്ഷമയുള്ള വായനക്കാരും ചോദിച്ചുപോകും ”ഹേ പിന്നെന്താണു കുഴപ്പം?” എന്ന്.
അതറിയണമെങ്കില്‍ കുറെ മുന്നോട്ടു പോകണം.
”സാംസ്കാരിക ദേശീയത എന്ന പേരില്‍ പഴയ പൗരോഹിത്യ സംസ്കാരത്തെ, അതായത് ബ്രാഹ്മണ്യത്തിന്റെ യാഗങ്ങളെയും യജ്ഞങ്ങളെയും മലയാളത്തിലേക്കു തിരികെക്കൊണ്ടുവരാന്‍ അദ്ദേഹം നേതൃത്വം കൊടുത്തത് നമുക്ക് അറിവുള്ളതാണ്. ഹിന്ദുത്വ ഫാഷിസത്തിന്റെ വിദ്വേഷാന്ധത ബാധിച്ച അഭിനവ ധൃതരാഷ്ട്രരായി മാറിയ അക്കിത്തത്തിന്റെ പ്രവര്‍ത്തനങ്ങളെക്കാള്‍ ഭേദം തമസ്സാണെന്ന് കവിത (ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം) പ്രഖ്യാപിക്കുന്നതായി നാം മനസ്സിലാക്കുന്നു.”
ഇതാണ് കുഴപ്പം. അക്കിത്തം ചെയ്യുന്ന ‘പാതകം’ എന്തെന്ന് വ്യക്തമായില്ലേ! താന്‍ മാത്രമല്ല, അക്കിത്തത്തിന്റെ കവിതയും അദ്ദേഹത്തിന്റെ ഈ നിലപാടുകള്‍ക്കെതിരാണെന്നു സമര്‍ത്ഥിക്കാന്‍ ലേഖകന്‍ ശ്രമിക്കുന്നു. സ്തുതിയിലൂടെ അക്കിത്തത്തെ നിന്ദിക്കലാണ് ലേഖകന്റെ ലക്ഷ്യമെന്നു വ്യക്തം.
ഇനി ലേഖനത്തിലെ ചില നിരീക്ഷണങ്ങള്‍ പരിശോധിക്കാം:
”അക്കിത്തം എന്ന മനുഷ്യനു സംഭവിച്ച രാഷ്ട്രീയ പരിണതികള്‍ മറികടന്ന് കവിത നമ്മുടെ ഭാവുകത്വ മണ്ഡലത്തിലും സാംസ്കാരിക മേഖലയിലും പ്രവര്‍ത്തിച്ചുവരുന്നത് ജനാധിപത്യപരമായാണ്.”
(എന്താണ് കവിതയുടെ ജനാധിപത്യപരമായ പ്രവര്‍ത്തനം? കവിതയെ പ്രവര്‍ത്തനത്തിനിറക്കുന്നവരോടു തന്നെ ചോദിക്കണം! കവിതയെ ‘ചെളിക്കുണ്ടിലിറക്കുന്നവരെ’ക്കുറിച്ച് പണ്ട് സഞ്ജയന് പാടിയിട്ടുണ്ട്.)
”അത് മറ്റു കവിതകളുമായി ചേര്‍ന്ന് ജനാധിപത്യ മൂല്യങ്ങളും അനുഭവങ്ങളും അനുഭൂതികളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രതിരോധത്തിന്റെ ഒരു വന്മതില് ഉയര്‍ത്തുന്നത്
നാം അറിയുന്നു.”
(കവിതകളുടെ ഐക്യമുന്നണിയാവാം വന്മതില് ഉയര്‍ത്തുന്നത്! നവോത്ഥാന വന്മതിലുമാകാം!)
”ഹിന്ദുത്വ ഫാഷിസത്തിന്റെ വക്താവും പ്രയോക്താവുമായി മാറിയ അക്കിത്തത്തിന് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ പോലൊരു കൃതി രചിക്കുക സാധ്യമല്ല.”
(അത് മറ്റേതോ പുരോഗമന കലാസാഹിത്യ കവി രചിച്ചതായിരിക്കണം!)
”നിരത്തില്‍ കാക്ക കൊത്തുന്നു
ചത്തപെണ്ണിന്റെ കണ്ണുകള്‍
മുലചപ്പി വലിക്കുന്നു
നരവര്ഗനവാതിഥി”
”ഹിന്ദുത്വ ഫാഷിസം നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും വര്‍ഗീയ കലാപങ്ങളുടെയും ഫലമായി അനാഥരായിത്തീരുന്ന നമ്മുടെ കാലത്തെ കുഞ്ഞുങ്ങളെ ചൂണ്ടിക്കൊണ്ടാണ് ഇപ്പോള്‍ ഈ കവിത നിലകൊള്ളുന്നത്.”
(മറ്റു കൊലപാതകങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും കൊണ്ട് അനാഥരായിത്തീരുന്ന കുഞ്ഞുങ്ങള്‍ക്ക് ഈ വരികള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ബാധകമല്ല!)
മേലുദ്ധരിച്ച വാക്യങ്ങളെല്ലാം ‘രാഷ്ട്രീയ വാചകമടി’ക്ക് മികച്ച ഉദാഹരണങ്ങളാണ്. ന്യായീകരണം, പക്ഷം, സാധൂകരണം, വലതുപക്ഷ രാഷ്ട്രീയ മൂല്യം, വക്താവ്, പ്രയോക്താവ്, പി
ളര്‍ത്തല്‍, പ്രതിരോധം, പ്രത്യയശാസ്ത്രം, പ്രതിബദ്ധത, ഹിന്ദുത്വം, ഫാഷിസം തുടങ്ങിയ പദങ്ങളുപയോഗിച്ചാണ് ‘അടി’ക്കു ശക്തി കൂട്ടാന്‍ ശ്രമിക്കുന്നത്. മറ്റു ചില പ്രയോഗങ്ങള്‍ നോക്കുക.
നമുക്ക് അറിവുള്ളതാണ്, നാം അറിയുന്നുണ്ട്, നാം മനസ്സിലാക്കുന്നു, നാം അറിയുന്നു, നാം ഓര്‍ക്കേണ്ടതാണ്, നാം എടുത്തു പറയേണ്ടതുണ്ട്.
‘ഞാന്‍’ എന്നു പ്രയോഗിക്കാനുള്ള ആത്മബലം ഇല്ലാത്തതുകൊണ്ടാവാം ലേഖകന്‍ സ്വന്തം അഭിപ്രായം ഞങ്ങളും നിങ്ങളുമെല്ലാം ഉള്‍പ്പെടുന്ന ‘നാമി’ന്റെയും ‘നമ്മളു’ടേയും തലയില്‍ വച്ചുകെട്ടുന്നത്.
‘സാഹിത്യം’ എന്ന ലേബലിനു താഴെ കൊടുത്തിരിക്കുന്ന ഈ ലേഖനത്തിലാകെ പരന്നിരിക്കുന്നത് ലേഖകന്റെ രാഷ്ട്രീയാന്ധതയാണ്. വായിച്ചു കഴിഞ്ഞപ്പോള്‍ അക്കിത്തത്തിന്റെ വരിക്ക് പ്രസക്തിയേറിയതായി തോന്നി. ”തമസ്സല്ലോ സുഖപ്രദം.”
പിന്കുറിപ്പ്:
”നടക്കുക എന്നത് സര്‍ഗാത്മകമായ ഒരു പ്രക്രിയ കൂടിയാണ്. നടത്തത്തിലാണ് പലതും മനസ്സിലേയ്ക്കു വീണു കിട്ടുന്നത്. നടത്തം ഇല്ലാതായതോടെ പലതും നഷ്ടപ്പെട്ടു”-എം. മുകുന്ദന് നടത്തത്തിന് നിരോധനമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: