‘ആവാസ സ്ഥലം’ എന്ന ലളിതമായ അര്‍ത്ഥമുള്ള ‘ലേബെന്‍സ്രാം’ എന്ന ജര്‍മ്മന്‍ വാക്ക്, മുഖ്യമായും ഹിറ്റ്ലര്‍ കാരണം ആധുനിക ജിയോ-പൊളിറ്റിക്കല്‍ പദകോശത്തിലേക്ക് കയറിക്കൂടിയ ഒന്നാണ്. പാവപ്പെട്ട ഈ പദം പേറുന്ന അര്‍ത്ഥത്തെ യുദ്ധനീതിയിലെ ഒരു മുറയായി പോളണ്ടിലും മറ്റും പ്രയോഗിച്ച ഹിറ്റ്ലര്‍, അതിനെ പരുക്കന്മുനകളുള്ള ഒരു ആയുധമാക്കി എന്നെന്നേക്കുമായി പരിണമിപ്പിച്ചു. വിഭവസമ്പത്തുള്ള തങ്ങളുടെ കോളനികളെ ശാശ്വതമായി അടിമപ്പെടുത്തുവാന്‍ വേണ്ടി കണ്ടുപിടിക്കപ്പെട്ട ആ കൊളോണിയല്‍ മുറയെ ‘കുടിയേറ്റക്കാരാലുള്ള കോളനിവല്‍ക്കരണം’ അഥവാ Settlers Colonialism എന്ന വാക്കാല്‍ എളുപ്പത്തില്‍ മനസ്സിലാക്കാം.
തങ്ങളുടെ അധീനതയിലുള്ള രാഷ്ട്രങ്ങളിലേക്ക് നാസി സാമ്രാജ്യത്തിലെ ഭൂരിപക്ഷസമൂഹത്തെ കൂട്ടത്തോടെ എത്തിച്ച്, ലേബെന്‍സ്രാം എന്ന വാക്ക് കൃത്യമായി അര്‍ത്ഥമാക്കുന്ന തരത്തില്‍, വെറും ‘ജീവിക്കാനുള്ള ഇടം’ മാത്രം പതുക്കെപ്പതുക്കെ കൈക്കലാക്കലാണ് ആദ്യപടി. പിന്നീട് ചുറ്റുപാടും വിസ്തൃതമായി കയ്യേറി അതിലെ വിഭവങ്ങളും കൈക്കലാക്കി, പരിസരത്തെ ഭാഷയും സംസ്കാരവും മലീമസമാക്കി, ഏതുവിധേനയും(കൂട്ടക്കൊലയോ നാടുകടത്തലോ ഉള്‍പ്പടെ) തദ്ദേശീയരെ ജനസംഖ്യാക്കണക്കില്‍ മറികടന്ന്, അവിടെ സാമ്പത്തികവും രാഷ്ട്രീയവുമായ മേല്‍ക്കോയ്മ എന്നത്തേക്കുമായി ഉറപ്പിക്കുക എന്നതാണ് ആ ചതുരമുറ. ഒരുവേള സാമ്രാജ്യാധിപന്മാര് അവിടം ഉപേക്ഷിച്ചുപോയാലും ആ നാട് നിരന്തരമായി സ്വത്വപരമായ സംഘര്‍ഷങ്ങളിലും മറ്റും പെട്ടുഴറും. അങ്ങനെ മേല്‍ഗതിയില്ലാതെ പോകും.
ആ കുടില നീതിയെ പ്രചരിപ്പിച്ച ഹിറ്റ്ലര്‍ക്ക് മുന്‍പേ, അത് പരീക്ഷിച്ച ചില വിരുതരുണ്ട്; ബ്രിട്ടിഷുകാര്‍. ഇന്ത്യയായിരുന്നു അവരുടെ പരീക്ഷണ ഇടം. ഇന്ത്യയില്‍ നിഗൂഢമായി നടത്തിയ ആ പ്രയോഗത്തില്‍ അവര്‍ എത്ര വിജയിച്ചു എന്നത് നമുക്ക് മനസ്സിലാകണം എന്നുണ്ടെങ്കില്‍ ഇന്നത്തെ ആസാമിലേക്ക് നോക്കിയാല്‍ മതി. അതെ, ആസാം ബ്രിട്ടിഷുകാരാല്‍ സൃഷ്ടിക്കപ്പെട്ട ‘ലേബെന്‍സ്രാ’മുകളുടെ തടവറയിലാണിന്നും. പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടങ്ങിയ ആ അധിനിവേശപദ്ധതി നടത്താന്‍ അവര്‍ക്ക് യൂറോപ്പില്‍ നിന്ന് കെല്‍റ്റിക് സായ്വന്മാരെ ഒന്നും കൊണ്ടുവരേണ്ടി വന്നില്ല. തൊട്ടടുത്ത ബംഗാളില്‍ നിന്ന്, പ്രത്യേകിച്ച് കിഴക്കന്‍ ബംഗാളില്‍ നിന്ന് വേണ്ടുവോളം മുസ്ലിങ്ങളെ അവര്‍ ഘട്ടം ഘട്ടമായി അവിടേക്ക് കടത്തി. ബ്രഹ്മപുത്രാ തടത്തിലെ ചതുപ്പില്‍ അവര്‍ കൂട്ടം കൂട്ടമായി വന്നു വിരിവച്ചു, കുടിവച്ചു. പിന്നീട് രാജ് ഒത്താശയോടെ കൈക്കോട്ടുമായിറങ്ങി വന്‍കിട ജമീന്ദാരികളെ സഹായിച്ചു. പ്രാചീനരായ കച്ചാരികളുടെയും കുക്കികളുടെയും നാഗരുടെയും ഒക്കെ ഗോത്രാധിപത്യത്തിന് കീഴിലുള്ള തണുപ്പന്‍ മാമലകള്‍ മുഴുവന്‍ ധ്വരമാര് കണ്ണ് വച്ചിരുന്നു. അവ വെട്ടിവെളുപ്പിച്ചു തേയിലക്കൃഷിയിറക്കാനുള്ള പദ്ധതിയോട് അവിടത്തുകാര്‍ പരാങ്മുഖരായി നിന്നപ്പോള്‍ ആ തക്കംനോക്കിയാണ് അവര്‍ മുസ്ലിം ‘ലേബെന്‍സ്രാ’മുകള്‍ ഉണ്ടാക്കുന്നതിനായി ചിന്തിച്ചത്.
മതപരമായ വിടവുകളില്‍ ആപ്പുകള്‍ തിരുകി ഭിന്നിപ്പിച്ചു ഭരിക്കാനുള്ള അവരുടെ പരീക്ഷണങ്ങളില്‍ ആദ്യത്തേതായും അത് ചരിത്രത്തില്‍ മാറുകയായിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഏറ്റവും വിളവെടുക്കാന്‍ സാധ്യതയുള്ള ഭരണോപാധി ഇതാണെന്നവര് പഠിച്ചത് രണശൂരരായ അഹോമുകളുടെ ഈ ധര്‍മഭൂമിയില്‍ നിന്നായിരുന്നു. ബുദ്ധിപരമായ യുദ്ധതന്ത്രങ്ങളിലൂടെ ബ്രഹ്മപുത്രയുടെ കരയിലെ സരായിഘാട്ടില് ഔറംഗസേബിന്റെ മുകിലപ്പടയെ കൂട്ടക്കുരുതി നടത്തിയ ഹിന്ദു അഹോമുകള്‍, ഉത്തരപൂര്വദേശത്ത് ശരിയത്ത് ആധാരിത
പീഡക ഭരണകൂടങ്ങളുടെ പരമ്പരകള്‍ ഉണ്ടാകാതെ പട തീര്‍ത്തത് ഒന്നും രണ്ടും വര്‍ഷമല്ല, നീണ്ട അറുനൂറു വര്‍ഷമാണ്. (അഹോമുകള്‍ അധികാരത്തില്‍ വരുന്നതിനു മുമ്പേ തുര്‍ക്കികളുടെ ആക്രമണങ്ങള്‍ നടന്നിരുന്നു. ആസാമിലെ ആദ്യ മോസ്കും തുര്‍ക്കികള്‍ അന്നേ സ്ഥാപിച്ചിരുന്നു. അങ്ങനെ അവിടെ മുസ്ലിങ്ങള്‍ ഉണ്ടായിവന്നിരുന്നു. മുഗളരുടെ കൂട്ടക്കുരുതികളും, ക്ഷേത്രഭഞ്ജനങ്ങളും, കരംചാര്ത്തലുകളും ഒക്കെക്കാരണം ഇന്ത്യ മുഴുവന്‍ അക്കാലം ഹിന്ദുവിന്റെ മനസ്സില്‍ അവരോടും, അവര്‍ കാരണം ആ സമൂഹത്തോടും നിലനിന്നിരുന്ന ഒരു അകലം ഇവിടെയും ഉണ്ടായിരുന്നു. കൂടാതെ, അവരുടെ ഇടതടവില്ലാത്ത ആക്രമണവും. ആ ഉയര്‍ന്ന ദേശാഭിമാനബോധമാണ് നാടിന്റെ കോശങ്ങളില്‍ പ്രകടമായി നില്ക്കുന്ന സ്വത്വലക്ഷണവും.
ആ സ്വത്വവിശേഷം മനസ്സിലാക്കിത്തന്നെയാണ് ബ്രിട്ടീഷുകാര്‍ മുസ്ലിം ചീട്ടിറക്കിയത്. അവര്‍ ആളെത്തിരഞ്ഞ സ്ഥലത്ത് ദരിദ്രരായ ഹിന്ദുക്കള്‍ ഇല്ലാഞ്ഞിട്ടല്ല. അയല്പക്കമായ വംഗദേശവും കടന്നു മധ്യേന്ത്യയില്‍ നിന്നുവരെ പിന്നീട് മുസ്ലിങ്ങളെ തിരഞ്ഞു പിടിച്ചു കൊണ്ടുവന്നു. ബലം പ്രയോഗിച്ചു പിടിച്ചുകൊണ്ടു വരപ്പെട്ടു എന്നാണ് ചരിത്രം. അങ്ങനെ കൊണ്ടുവന്നവരില്‍ ധാരാളം പേര് യാത്രകളിലെ കഷ്ടപ്പാടില്‍ മരിച്ചു പോയിട്ടുണ്ടത്രേ. കൂടാതെ, ബംഗാളിന്റെ ഭാഗമായിരുന്ന മുസ്ലിം ഭൂരിപക്ഷ പ്രവിശ്യയായ സില്‍ഹെറ്റ് 1874-ല്‍ ആസാമിനോട് ചേര്‍ത്തുകൊണ്ട് ബ്രിട്ടന് അവരുടെ ഉദ്ദേശ്യം സ്പഷ്ടീകരിക്കയും ചെയ്തു.
പത്തൊമ്പതാം നൂറ്റാണ്ടവസാനിക്കുമ്പോഴേക്കും ബ്രിട്ടീഷുകാര്‍ എന്തുദ്ദേശിച്ചുവോ അത് നടപ്പിലായിത്തുടങ്ങി. ചുരുങ്ങിയ കാലം കൊണ്ടുള്ള കുടിയേറ്റ ‘ലേബെന്‍സ്രാ’മുകളുടെ പെരുപ്പവും അതിനനുസരിച്ചുള്ള അവരുടെ ജനസംഖ്യാവര്‍ധനവും ആരെയും അദ്ഭുതപ്പെടുത്തി. ദേശീയ, കൊളോണിയല്‍ ധാരകളിലെ ചരിത്രരചനാപദ്ധതിയെ എതിര്‍ക്കുന്ന ആസാമിലെ ഏറ്റവും പ്രശസ്തനായ ഇടതുചരിത്രകാരന്‍ അമലേന്ദു ഗുഹ പോലും, ‘1901 ആകുമ്പോഴേക്കും തദ്ദേശീയര്‍ അല്ലാത്തവര്‍ ജനസംഖ്യയുടെ നാലില്‍ ഒന്നെങ്കിലും ആയി മാറി’ എന്ന് തന്റെ Planter Raj to Swaraj: Freedom Struggle and Electoral Politics in Assam 1826-1947 എന്ന കൃതിയില്‍ പറഞ്ഞിട്ടുണ്ട്. പതുക്കെ അവര്‍ ഭൂമി ആഗ്രഹിച്ചു തുടങ്ങി. 1916 ഒക്കെ ആകുമ്പോഴേക്കും ബ്രിട്ടീഷുകാര്‍ ഇവര്‍ക്ക് കൊടുത്തിരുന്ന പിന്തുണ അവസാനിപ്പിച്ച്
പിന്‍വാങ്ങിയെങ്കിലും അപ്പോഴേക്കും നല്ല കരുത്താര്‍ജ്ജിച്ചിരുന്ന ഇവര്‍ കയ്യേറ്റ ശ്രമങ്ങള്‍ തുടങ്ങി. അത് സ്വാഭാവികമായും വലിയ സംഘര്‍ഷങ്ങളുണ്ടാക്കി. തദ്ദേശീയരുടെ പ്രതിഷേധങ്ങള്‍ പരിഗണിച്ച് അവരുടെ പൈതൃക ഗോത്രഭൂമികള്‍ ഒരു പ്രത്യേക നിയമ സംവിധാനം മൂലം ഇരുപതുകളില്‍ ബ്രിട്ടിഷുകാര്‍ സംരക്ഷിക്കാന്‍ ശ്രമിച്ചു. (അനധികൃത കുടിയേറ്റങ്ങള്‍ക്ക് അവര്‍ കൊടുത്തു വന്നിരുന്ന ഔദ്യോഗിക പിന്തുണയും ഇതിനിടയില്‍ നിശ്ശേഷം ഇല്ലാതെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.) അല്‍പ്പം കഴിഞ്ഞപ്പോള്‍ അതിനെതിരെ വലിയ മുന്നേറ്റങ്ങള്‍ മുസ്ലിംപക്ഷത്തു നിന്നും ഉണ്ടായി. അപ്പോഴേക്കും തൊഴില്‍പരമായി വക്കീലും, ഇരുപതുകളുടെ മദ്ധ്യദശകങ്ങള്‍ തൊട്ടേ ഗവര്‍ണറുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ ബ്രിട്ടിഷ് അധികാരികളാല്‍ നിര്‍ദ്ദേശിക്കപ്പെട്ട കൃഷി-വിദ്യാഭ്യാസ മന്ത്രി വരെയും ആയ സയ്യിദ് മുഹമ്മദ് സാദുള്ളയുടെ നേതൃത്വത്തില്‍ പ്രവിശ്യാ മുസ്ലിം ലീഗ് അവിടെ ശക്തരായി വരുന്നുണ്ടായിരുന്നു. അവര്‍ ആസാമികള്ക്കെതിരെ നയിച്ച സമരങ്ങളാണ് നിയമത്താല്‍ സംരക്ഷിക്കപ്പെട്ട ഗോത്രഭൂമികളില് അതിക്രമിച്ചു കയറാന്‍ അധിനിവേശകരെ പ്രേരിപ്പിച്ചത്.
ബ്രിട്ടിഷ് ഇന്ത്യയില്‍ മോണ്ടെഗു- ചെംസ്ഫോഡ് ഭരണപരിഷ്കാരങ്ങളും, പിന്നീട് സൈമണ്‍ കമ്മിഷനും ഒക്കെ കാരണമായി ഘട്ടംഘട്ടമായി പ്രാദേശിക ഭരണകൂടങ്ങള്‍ ഉണ്ടായി വരുന്ന കാലം കൂടിയായിരുന്നു അത്. അതിന്റെ ആദ്യ പാദങ്ങളില്‍ കൗണ്‍സിലില്‍ നീണ്ടകാലം മന്ത്രിയായിരുന്ന സാദുള്ള, പിന്നീടു 1937 മുതല്‍ 1946 വരെയുള്ള കാലയളവില്‍ ഏഴു വര്‍ഷത്തോളം തിരഞ്ഞെടുക്കപ്പെട്ട പ്രീമിയര്‍ ആയി ആസാം ഭരിച്ചു. ആ സംസ്ഥാനത്തെ ഒന്നാകെ പാക്കിസ്ഥാനോട് ചേര്‍ക്കാനുള്ള പദ്ധതിയുമായി മുസ്ലിം ലീഗ് ശരവേഗത്തില്‍ മുന്നേറി. അതിനുവേണ്ടി ചതിയിലൂടെ മുസ്ലിം ജനസംഖ്യ വര്‍ധിപ്പിക്കാനും പദ്ധതിയിട്ടിരുന്നു. അതിനവര്‍ എല്ലാ കുറുക്കുവഴികളും തേടുന്നുമുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധം ഉണ്ടാക്കിയ ക്ഷാമത്തിന്റെയും മറ്റും മറവില്‍ Grow more Food എന്ന പേരില്‍ ഒരു ‘ഹരിതവിപ്ലവ’ പദ്ധതിയുണ്ടാക്കി, അതിന്റെ മറവില്‍ ലക്ഷക്കണക്കിന് മുസ്ലിങ്ങളെ ബംഗാളില്‍ നിന്നും വീണ്ടും വീണ്ടും പ്രീമിയര്‍ സാദുള്ള ഇറക്കുമതി ചെയ്തു. അന്നത്തെ വൈസ്റോയിയായിരുന്ന വേവല്‍ പ്രഭു, ‘സാദുള്ളയുടെ താല്പര്യം, കൂടുതല്‍ ധാന്യങ്ങള്‍ ഉത്പാദിപ്പിക്കല്‍’ അല്ല, ‘മുസ്ലിങ്ങളെ വളര്‍ത്തല്‍’ (grow more Muslims) ആണെന്ന് തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പറഞ്ഞത് ഇതിനു തെളിവാണ് (കടപ്പാട്: അമലേന്ദു ഗുഹ) അന്നത്തെ ലീഗ് നേതാവായ ലിയാഖത്ത് അലിഖാന് എഴുതിയ ഒരു കത്തില്‍ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ കൊണ്ടു കുടിയേറ്റ മുസ്ലിങ്ങളുടെ ജനസംഖ്യ നാലു മടങ്ങ് വര്‍ധിച്ചതായി അദ്ദേഹം വീമ്പു പറച്ചില് നടത്തുന്നതായി Strangers of the Mist… എന്ന ഈ വിഷയത്തിലെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥത്തില്‍ സന്ജോയ് ഹസാരിക എടുത്തു പറയുന്നുണ്ട്. അല്‍പ്പകാലം ഭരിച്ചുവെങ്കിലും, ആദ്യഘട്ടങ്ങളില്‍ ഇതിനൊന്നും കാര്യമായി തടയിടാന്‍ ഗോപിനാഥ് ബോര്‍ദോലോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിനു കഴിയാതെ പോയത് അത്തരം പ്രക്രിയകള്‍ക്ക് ആക്കം കൂട്ടി. രൂക്ഷമായ ഈ കടന്നുകയറ്റപ്രശ്നം പണ്ഡിറ്റ് നെഹ്റുവിന് മനസ്സിലാക്കിക്കൊടുക്കാന്‍ 1937-ല്‍ തന്നെ പ്രാദേശിക കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. പക്ഷേ അദ്ദേഹം അത് കേള്‍ക്കാനോ പരിഗണിക്കാനോ തയ്യാറായില്ല എന്നത് ആഴമുള്ള ഒരു മുറിവായി അവിടുത്തെ നേതൃത്വത്തിന്റെ
മനസ്സില്‍ കിടന്നിരുന്നു താനും. ദേശീയ നേതൃത്വത്തിലെ അത്തരം നായകരുടെയും പ്രദേശ് കോണ്‍ഗ്രസിന്റെയും ഇടയ്ക്കുള്ള ഈ വിടവ് മനസ്സിലാക്കിയിരുന്ന സാദുള്ള താമസിയാതെ തന്നെ കുടിയേറ്റക്കാര്‍ക്ക് ഭൂമിയുടെ മേല്‍ അവകാശം നല്കുന്ന നിയമവും ഉണ്ടാക്കി. സ്വാഭാവികമായും ഭീതിദമായ പ്രാദേശിക സംഘര്‍ഷങ്ങള്‍ക്ക് അതുകാരണമായി. കൂട്ടക്കൊലകളുടെ ഉന്മാദപരമ്പരകള് ആ നാടിനെയാകെ ഗ്രസിച്ചു. ബ്രഹ്മപുത്രയും സുര്മയും ബരാക്കും ഒക്കെ കടുംചോരനിറം പൂണ്ടൊഴുകി, പ്രളയമായി.
(തുടരും)
നാളെ: ശഠനോട് ശാഠ്യം എന്ന് ഗാന്ധിജി, നീരസത്തോടെ നെഹ്റു
പ്രതികരിക്കാൻ ഇവിടെ എഴുതുക: