”താമരത്തോണിയില്‍ താലോലമാടി
താനേ തുഴഞ്ഞുവരും പെണ്ണേ….” എന്ന ഗാനം ജനിക്കുന്നത് 1966ലാണ്. ശ്രീകുമാരന്‍ തമ്പിയെന്ന ചലച്ചിത്ര ഗാന രചയിതാവിന്റെ ജനനം കൂടിയായിരുന്നു അത്.
”…താരമ്പനനുരാഗത്തങ്കത്തില്‍ തീര്‍ത്തൊരു
താരുണ്യക്കുടമല്ലേ നീ….”
എന്റെ ആദ്യഗാനം മനോഹരമാക്കിയത് യേശുദാസ്. എം.എസ്.ബാബുരാജിന്റെ സംഗീത സംവിധാനത്തില്‍ യേശുദാസിന്റെ ലാവണ്യ ശബ്ദംകൂടി ഇഴ ചേര്‍ന്നപ്പോള്‍ ചലച്ചിത്രഗാനരംഗത്ത് എനിക്കും സ്ഥാനമുണ്ടെന്ന് ബോധ്യമായി. 54 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും എന്റെ യേശുവാണ് എന്റെ ജീവിതത്തിന്റെ പിന്നണിപ്പാട്ടുകാരന്‍. എന്റെ പാട്ടുകള്‍ പ്രശസ്തമാകാന്‍ അദ്ദേഹത്തിന്റെ ശബ്ദം കാരണമായി എന്നു പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.
1940 ജനുവരി 10നാണ് യേശുദാസ് ജനിക്കുന്നത്. 65 ദിവസം കഴിഞ്ഞപ്പോള്‍ ഞാനും ജനിച്ചു. 1940 മാര്‍ച്ച് 16ന്. അദ്ദേഹം ഭൂമിയിലേക്ക് വന്നുകഴിഞ്ഞ്, ഞാന്‍ വരാന്‍ കാരണം ഞങ്ങള്‍ക്കൊരുമിച്ച് ഇത്രയൊക്കെ ചെയ്യാനുണ്ട് എന്നതിനാലാണ്. അദ്ദേഹത്തിന് ആലപിക്കാനായി ഇത്രയധികം ഗാനങ്ങള്‍ എഴുതാനുള്ള പുണ്യം എനിക്കുണ്ടായി.
1966ല്‍ ‘കാട്ടുമല്ലിക’ എന്ന സിനിമയില്‍ ഞാന്‍ പാട്ടെഴുതുമ്പോഴും അത് യേശുദാസ് പാടുമ്പോഴും ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും 26 വയസ്സായിരുന്നു. എസ്.ജാനകിയുമൊത്താണ് അദ്ദേഹം ആ യുഗ്മഗാനം പാടിയത്. ഇപ്പോഴും എന്റെ ആദ്യഗാനം കേള്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരാഹ്ലാദം മനസ്സില്‍ നിറയും. യേശു അന്നേ പാട്ടുകാരനായി അറിയപ്പെട്ടിരുന്നു. ഇരുപത്തിയൊന്നാം വയസ്സിലാണ് അദ്ദേഹം
”ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും…” എന്ന ശ്രീനാരായണ ഗുരുദേവന്റെ വരികള്‍ പാടുന്നത്. 1961ല്‍ പുറത്തിറങ്ങിയ ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയ്‌ക്ക് വേണ്ടിയായിരുന്നു അത്. അന്ന് ഞാന്‍ തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുകയാണ്.
ഞാന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നു. വെളുത്ത മോറിസ് മൈനര്‍ കാറില്‍ യേശു വരും. വെളുത്ത പാന്റ്‌സും ഷര്‍ട്ടും വെളുത്ത ചെരുപ്പുമാണ് വേഷം. ഒരേ പ്രായവും ഒരേ അഭിരുചികളുമായിരുന്നതിനാല്‍ ആദ്യ കാഴ്ചയില്‍ തന്നെ ഞങ്ങള്‍ സുഹൃത്തുക്കളായി.
ഞങ്ങള്‍ക്കിരുവര്‍ക്കും 27 വയസ്സുള്ളപ്പോഴാണ് ടി.എസ്. മുത്തയ്യയുടെ സംവിധാനത്തില്‍ ‘ചിത്രമേള’ എന്ന സിനിമ ഉണ്ടാകുന്നത്. എന്റെ പാട്ടെഴുത്തു ജീവിതത്തിന്റെ ഭാവി നിര്‍ണ്ണയിച്ച ചിത്രമായിരുന്നു അത്. എട്ട് പാട്ടുകളുണ്ടായിരുന്നു. എട്ടില്‍ ഏഴും യേശുദാസിന്റെ ശബ്ദത്തില്‍. ഒന്നില്‍ മാത്രം എസ്. ജാനകി കൂടെ പാടി. എല്ലാ പാട്ടുകളും സൂപ്പര്‍ ഹിറ്റുകളായി. ”നീയെവിടെ നിന്‍ നിഴലെവിടെ…”, ”മദം പൊട്ടിച്ചിരിക്കുന്നു മാനം, മനം പൊട്ടിക്കരയുന്നു ഭൂമി…”, ”ആകാശദീപമേ ആര്‍ദ്ര നക്ഷത്രമേ…”, ”ചെല്ലച്ചെറുകിളിയേ എന്‍ ചിത്തിര പൈങ്കിളിയേ…” എന്നീ ഗാനങ്ങള്‍ മലയാളികള്‍ ഇന്നും മൂളി നടക്കുന്നു. ഗാനരചയിതാവ് എന്ന നിലയില്‍ മലയാള ചലച്ചിത്ര രംഗത്ത് ഞാന്‍ സ്ഥാനമുറപ്പിച്ചത് ദേവരാജന്റെ സംഗീതത്തില്‍ പിറവിയെടുത്ത ‘ചിത്രമേള’യിലെ പാട്ടുകളിലൂടെയാണ്.
1968ലാണ് എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘പാടുന്ന പുഴ’ എന്ന സിനിമ ഉണ്ടാകുന്നത്. ഞാനെഴുതിയ എട്ട് പാട്ടുകളുണ്ടായിരുന്നു അതിലും. എല്ലാം മലയാളികള്‍ ഏറ്റുവാണ്ടി. ”ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ…”, ”പാടുന്നു പുഴ പാടുന്നു, പാരാവാരം തേടുന്നു…” എന്നീ പാട്ടുകളാണ് യേശുദാസ് പാടിയത്. ദക്ഷിണാമൂര്‍ത്തി സ്വാമിയായിരുന്നു സംഗീത സംവിധാനം. ”ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍കഥ പറയൂ…” എന്ന ഗാനം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായി മാറി. ഇന്നും ഏറ്റവും നല്ല പ്രണയ ഗാനമായി വാഴ്‌ത്തപ്പെടുന്നത് ഇതാണ്. പുതിയൊരു കൂട്ടുകെട്ടുകൂടിയാണ് അതിലൂടെ ഉടലെടുത്തത്. ശ്രീകുമാരന്‍ തമ്പി, ദക്ഷിണാമൂര്‍ത്തി, യേശുദാസ് ടീം. ഞങ്ങളൊത്തു ചേര്‍ന്നപ്പോള്‍ പിന്നീട് നിരവധി നല്ല ഗാനങ്ങളുണ്ടായി. ”ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം…, പൊന്‍വെയില്‍ മണിക്കച്ച അഴിഞ്ഞുവീണു…., എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍…”.
എം.എസ്.ബാബുരാജ്, ജി.ദേവരാജന്‍, എം.കെ.അര്‍ജ്ജുനന്‍, രവീന്ദ്രന്‍, എം.എസ്.വിശ്വനാഥന്‍ തുടങ്ങിയവരെല്ലാം എന്റെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയപ്പോള്‍ ശബ്ദം നല്‍കിയത് യേശുദാസാണ്. യേശുവിന്റെ ശബ്ദത്തോടാണ് എന്റെ എഴുത്ത് കൂടുതല്‍ ഒട്ടിച്ചേര്‍ന്ന് നിന്നതെന്നു വേണം പറയാന്‍. ആയിരം അജന്താ ശില്‍പ്പങ്ങളില്‍….., ഇന്നുമെന്റെ കണ്ണുനീരില്‍…ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു ഇന്ദ്രിയങ്ങളില്‍…, മലയാളിപ്പെണ്ണേ നിന്റെ മനസ്സ്…, അകലെ അകലെ നീലാകാശം…, പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു…. എത്രയെത്ര ഗാനങ്ങള്‍ യേശുവിന്റെ ശബ്ദത്തിലൂടെ അനശ്വരമായി നിലനില്‍ക്കുന്നു.
1983ലാണ് യേശുദാസ് തന്റെ സംഗീത കമ്പനിയായ തരംഗിണിയുടെ ഓണക്കാസറ്റിനു വേണ്ടി പാട്ടുകളെഴുതാന്‍ എന്നെ സമീപിക്കുന്നത്. തരംഗിണിയില്‍ നിന്ന് ഏകദേശം 500ലധികം കാസറ്റുകള്‍ ഇതിനോടകം ഇറങ്ങിയിരുന്നെങ്കിലും ഒരു ഗാനം പോലും ഞാനെഴുതിയിരുന്നില്ല. എങ്കിലും സന്തോഷത്തോടെ ദൗത്യം ഏറ്റെടുത്തു. ഗാനരചന നിര്‍വ്വഹിക്കണം എന്ന് പറയുന്നതിനൊപ്പം സംവിധായകനേയും യേശുദാസ് നിര്‍ദ്ദേശിച്ചെങ്കിലും ഞാനാണ് രവീന്ദ്രന്റെ പേര് പറഞ്ഞത്. ”ഉത്രാടപ്പൂനിലാവേ വാ…, ”എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍…”, എന്‍ ഹൃദയപ്പൂത്താലം…, ഒരുനുള്ള് കാക്കപ്പൂ…” തുടങ്ങിയ ഗാനങ്ങള്‍ ജനിക്കുന്നത് അങ്ങനെയാണ്. ഇന്നും മലയാളികളുടെ ഉത്സവപ്പാട്ടുകളാണ് അവയെല്ലാം.
ഗായകനാകാന്‍ അവസരങ്ങള്‍ തേടി ചെന്നെയിലെത്തിയതായിരുന്നു കുളത്തൂപ്പഴ രവീന്ദ്രന്‍. സംഗീതത്തില്‍ നല്ല അറിവുണ്ടായിരുന്ന രവീന്ദ്രനോട് യേശുദാസാണ് സംഗീതസംവിധായകനാകാന്‍ പറയുന്നത്. അന്നത്തെ സൂപ്പര്‍ഹിറ്റ് സംവിധായകനായ ശശികുമാറിനോട് യേശുദാസ് രവീന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് ചൂള എന്ന ശശികുമാര്‍ ചിത്രത്തില്‍ രവീന്ദ്രന്‍ തുടക്കം കുറിച്ചത്.
മലയാളി നിത്യഹരിതമായി മനസ്സിലേറ്റി നടക്കുന്ന ഗാനമാണ് ”ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ…” എന്ന ഗാനം. 1978ല്‍ പുറത്തിറങ്ങിയ ‘കാത്തിരുന്ന നിമിഷം’ എന്ന ചിത്രത്തിലാണ് എന്റെ വരികള്‍ക്ക് അര്‍ജ്ജുനന്‍മാഷ് ഈണമിട്ട പാട്ട് യേശുദാസ് പാടിയത്. ആ ശബ്ദത്തില്‍ ആ പാട്ടു കേട്ടാല്‍ പ്രണയം തോന്നാത്ത മനസ്സുകളില്ല. ആ ഗാനം കാലമേറെ കഴിഞ്ഞിട്ടും സംഗീത പ്രേമികളുടെ ഹൃദയത്തില്‍ ഒളിമങ്ങാതെ നിറഞ്ഞുനില്‍ക്കുന്നു. അന്‍പതു വര്‍ഷങ്ങള്‍ക്കപ്പുറം എഴുതിയ എന്റെ നിരവധി ഗാനങ്ങള്‍ തലമുറകള്‍ക്കിപ്പുറവും ചെറിയ കുട്ടികളുടെ ചുണ്ടില്‍പ്പോലും നിറഞ്ഞുനില്‍ക്കുന്നത് യേശുദാസിന്റെ ശബ്ദത്തില്‍ അത് പാട്ടാസ്വാദകരുടെ ഹൃദയത്തിലേക്ക് എത്തിയതുകൊണ്ടാണ്.
ചില മനുഷ്യര്‍ അവരുടെ ജീവിതം കൊണ്ടാണ് ലോകത്ത് അടയാളപ്പെടുത്തുന്നത്. സഹസ്രാബ്ദങ്ങള്‍ ചേര്‍ന്നാണ് യുഗങ്ങള്‍ ഉണ്ടാകുന്നത്. യേശുദാസ് സംഗീത യുഗം സ്വന്തം ജീവിതം കൊണ്ട് സൃഷ്ടിക്കുകയാണ്. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജീവിക്കാനായതാണ് എന്നിലെ സംഗീതകാരന്റെ, കവിയുടെ ജീവിത വിജയം. 80 വയസ്സു പിന്നിട്ടിട്ടും അദ്ദേഹം നമുക്കിടയില്‍ സജീവ സാന്നിധ്യമാണ്. മൂകാംബിക ദേവിയുടെ അനുഗ്രഹം അതിനുണ്ടാകും. യേശുദാസ് എന്ന യുഗം ഈ ഭൂമിയില്‍ അവസാനിക്കുകയേ ഇല്ല. ~ഒരു പിറന്നാള്‍ കാലത്ത് യേശുദാസിനെക്കുറിച്ച് ഞാനെഴുതിയത്:-
”എന്നക്ഷരങ്ങള്‍ക്കു ചിറകുകള്‍ നല്‍കി നീ
എന്നാശയങ്ങളില്‍ സൗരഭം പൂശി നീ
എന്‍ സങ്കടങ്ങള്‍ തന്‍ പഞ്ചാഗ്നി മധ്യത്തില്‍
എന്നുമേ സാന്ത്വന തീര്‍ത്ഥമായ് പെയ്തു നീ
ഒട്ടു പിണങ്ങിയും ഒട്ടൊട്ടിണങ്ങിയും
ഒപ്പം നടന്നു നാം ഈ വഴിത്താരയില്‍
സപ്ത സ്വരങ്ങളും സര്‍വ്വരാഗങ്ങളും
നര്‍ത്തനമാടീ നിന്‍ മുന്നില്‍ സഖികളായ്…
നീ ജയിച്ചോ? ജയം നീയായി മാറിയോ?
വാണി നിന്നില്‍ ചേര്‍ന്നലിഞ്ഞുവോ പൂര്‍ണ്ണമായ്
നിന്‍ സ്വരം പുല്‍കുന്ന ഭാഷയോടൊപ്പമെന്‍
ഉള്ളവും ആകാശമായ് വളര്‍ന്നീലയോ..
ഒപ്പം നടന്നതെന്‍ ജന്മപുണ്യത്തിനാല്‍
തെറ്റുമെന്‍ ശ്രുതിയെ നീ വിസ്മരിച്ചീടുക…”
(തയ്യാറാക്കിയത്: ആര്‍. പ്രദീപ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: