കൊളംബോ: ഇസ്ലാമിക തീവ്രവാദം വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ മദ്രസകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ നിബന്ധനകള്‍ മുന്നോട്ടുവെച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍. രാജ്യത്തെ മദ്രസകള്‍ എല്ലാം രജിസ്റ്റര്‍ ചെയ്യാനും പാഠ്യ പദ്ധതികള്‍ പരിശോധിക്കാനും പ്രാധാനമന്ത്രി മഹീന്ദ രജപക്‌സെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസ്ലീം യുവാക്കളെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മദ്രസകള്‍ക്ക് കര്‍ശന നിയന്ത്രണവുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ മുസ്ലീം മതകാര്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മദ്രസകള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യാനും എല്ലാ മദ്രസകളുടെയും പാഠ്യപദ്ധതികള്‍ നിരീക്ഷിക്കാനുമാണ് പ്രധാനമായി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ കൊളംബോയില്‍ ചാവേര്‍ സ്ഫോടന പരമ്പര നടത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് 2018 ലും 2019ലും ശ്രീലങ്കയിലെ ബുദ്ധമത വിഭാഗക്കാര്‍ മുസ്ലീങ്ങള്‍ക്കെതിരായി പ്രക്ഷോഭം നടത്തിയിരുന്നു. പ്രക്ഷോഭം പലഘട്ടങ്ങളിലും പരിധി ലംഘിച്ച് കലാപമായി മാറുകയായിരുന്നു.
















