‘അഞ്ചാം പാതിര’, അധികം ആഘോഷ ആരവങ്ങളില്ലാതെ തീയറ്റുകറുകളിലേക്കെത്തിയ ചിത്രം. പേര് സൂചിപ്പിക്കും പോലെ തന്നെ നിരവധി നിഗൂഢതകള്‍ ഒളിപ്പിച്ച സസ്പെന്‍സ് ത്രില്ലര്‍ മൂവിയാണ് അഞ്ചാം പാതിര. ആട് 2, ഓം ശാന്തി ഓശാന പോലുള്ള സിനിമകള്‍ മാത്രമല്ല ഇത്തരം സസ്പെന്‍സ് ത്രില്ലറുകളും തനിക്ക് വഴങ്ങുമെന്ന് മലയാളി പ്രേക്ഷകര്‍ക്ക് കാട്ടി തന്നിരിക്കുകയാണ് സിനിമയുടെ സംവിധായകനും തിരകഥാകൃത്തുമായ മിഥുന് മാനുവല്‍ തോമസ്.
രണ്ട് മണിക്കൂര്‍ 24 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള സിനിമയുടെ ആദ്യ ഭാഗങ്ങള്‍ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ പോന്നതാണ്. ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന റിപ്പര്‍ രവി എന്ന കഥാപാത്രത്തിന്റെ ആദ്യ ഡയലോഗുകള്‍ തന്നെ സിനിമയുടെ സസ്പെന്‍സിലേക്കും അതിന്റെ ആഴങ്ങളിലേക്കും പ്രേക്ഷകനെ എത്തിക്കുന്നു.
തന്റെ തനത് ശൈലിയില്‍ നിന്ന് വ്യത്യസ്തമായ ശൈലി സ്വീകരിക്കാന്‍ കുഞ്ചാക്കോബോബന് സിനിമയില്‍ സാധിച്ചിട്ടുണ്ട്. ക്രിമനല്‍ സൈക്കോളജിയില്‍ റിസര്‍ച്ച് ചെയ്യുന്ന സൈക്കോളജിസ്റ്റായ അന്‍വര്‍ ഹുസൈനെന്ന കഥാപാത്രത്തെ തന്മയത്തതോടെ അവതരിപ്പിക്കാന്‍ ചാക്കോച്ചന് സാധിച്ചിട്ടുണ്ട്. മലയാളത്തില്‍ അധികം കടന്നുവരാത്ത പാറ്റേണുകളാണ് സിനിമയില്‍ സ്വീകരിച്ചിരിക്കുന്നത്. മെമ്മറീസ് എന്ന സസ്പെന്‍സ് ത്രില്ലര്‍ മൂവിക്ക് ശേഷമുള്ള അതേ വിഭാഗത്തില്‍ വരുന്ന മികച്ച സിനിമയാണ് അഞ്ചാം പാതിര എന്ന് വിശേഷിപ്പിക്കാം. രാക്ഷസന് എന്ന തമിഴ് സിനിമ കണ്ടവര്‍ക്ക് അതിലെ ചില രംഗങ്ങളുമായി അഞ്ചാം പാതിരക്ക് സാമ്യം ഉണ്ടെന്ന് തോന്നാം. അതില്‍ ഒരു പാവയെ കഥാപാത്രമായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ അഞ്ചാം പാതിരയില്‍ കണ്ണ് മൂടാത്ത നീതി ദേവതയാണ് ഒരു പ്രധാന കഥാപാത്രം. മൃതദേഹങ്ങള്‍ക്കൊപ്പം കില്ലര്‍ ഉപേക്ഷിക്കുന്ന പ്രതിമയാണ് നീതിദേവത.
റിപ്പര്‍ രവിയെ കാണാന്‍ അന്‍വര്‍ ഹുസൈന് ജയിലില്‍ എത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ആളുകളെ കൊല്ലുമ്പോഴുണ്ടാകുന്ന ലഹരിയെ കുറിച്ച് തൂക്കുകയര്‍ കാത്ത് കഴിയുന്ന രവി അന്‍വര്‍ ഹുസൈനോട് പറയുന്നു. ‘ചുറ്റിക കൊണ്ട് തലക്കടിക്കുമ്പോള്‍ തലയോട്ടി പിള്ളരുന്ന ശബ്ദമുണ്ട്. അപ്പോഴുണ്ടാകുന്ന നിലവിളിയും ആളുകളുടെ ശബ്ദവുമെല്ലാം ലഹരി നല്‍കും. ആ ലഹരിക്ക് വേണ്ടിയാണ് വീണ്ടും കൊലപാതകങ്ങള്‍ നടത്തുന്നത്’. 14 കൊലപാതകങ്ങള്‍ ചെയ്ത രവി ഈ ഡയോലോഗ് പറഞ്ഞു നിര്‍ത്തുമ്പോള്‍ തന്നെ പ്രേക്ഷകര്‍ സിനിമയുടെ ആഴങ്ങളിലേക്ക് എത്തികഴിഞ്ഞിരിക്കും. ക്രിമിനല്‍ സൈക്കോളജിസ്റ്റെന്ന നിലക്ക് കൂടുതല്‍ റിസര്ച്ചുകള്ക്കുവേണ്ടിയാണ് അന്‍വര്‍ ഇടക്ക് ഇടക്ക് ജയില്‍ സന്ദര്‍ശനം നടത്തുന്നത്. ഇതിന് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കുന്നത് കൊച്ചി എ.സി.പി അനില്‍ മാധവനാണ് (ജിനു ജോസഫ്).
തുടര്‍ന്നുള്ള രംഗങ്ങളിലാണ് സിനിമയുടെ ഗതി മാറ്റുന്ന ഭീതിപ്പെടുത്ത കൊലപാതകങ്ങള്‍ സംവിധായകന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്. ഭയം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മലയാള സിനിമയുടെ ക്ലീഷെകളെ മാറ്റി മറിക്കുന്നതാണ്. ഡിവൈഎസ്പി എബ്രഹാം കോശിയാണ് ആദ്യം കൊല്ലപ്പെടുന്നത്. തുടര്‍ന്ന് മൃതദേഹം നിരീക്ഷിക്കാന്‍ അനുമതി ലഭിക്കുന്ന അന്‍വര്‍ ഹുസൈന്, ഇതിന് പിന്നില്‍ പോലീസുകാരെ ടാര്‍ഗറ്റ് ചെയ്യുന്ന സീരിയല്‍ കില്ലറുണ്ടെന്ന് മനസിലാക്കുന്നു. ഇത് തുറന്ന് പറഞ്ഞെങ്കിലും ആരു ചെവി കൊണ്ടില്ല. വീണ്ടും ഒരു പോലീസുകാരന് കൂടി മരിക്കുന്നതോടെ അന്‍വര്‍, കമ്മീഷണര്‍ കാതറിന്റെ (ഉണ്ണിമായ പ്രസാദ്) നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ഭാഗമാകുന്നു. തുടര്‍ന്നുണ്ടാകുന്ന അന്വേഷണത്തിലെ വഴിത്തിരിവുകളും കണ്ടെത്തലുകളുമാണ് ചിത്രത്തിന്റെ പ്രമേയം.
കേസന്വേഷണത്തിന്റെ ഓരോഘട്ടങ്ങളിലും അതിന്റെ ചുമതയുള്ള ആള് അനുഭവിക്കുന്ന മനസികാവസ്ഥയെല്ലാം വ്യക്തമായി ചിത്രത്തില്‍ കൊണ്ടുവരാന്‍ സംവിധായന് സാധിച്ചിട്ടുണ്ട്. സിനിമയിലെ ശ്രീനാഥ് ഭാസിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. തീയറ്ററുകളില്‍ ചിരി പടര്‍ത്താന്‍ ഭാസിയുടെ ചില ഡയലോഗുകള്‍ക്ക് സാധിക്കുന്നുണ്ട്.
ജാഫര്‍ ഇടുക്കി, രമ്യാ നമ്പീശന്, ഷറഫുദ്ദീന് മാത്യു തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്ന സിനിമ ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് നിര്‍മിച്ചിരിക്കുന്നത്. സെന്‍ട്രല്‍ പിക്ചേഴ്സ് ചിത്രം തീയേറ്ററിലെത്തിച്ചിരിക്കുന്നത്. ടെക്നിക്കല്‍ വശങ്ങളിലും മികവ് പുലര്‍ത്തുന്ന സിനിമക്ക് അഞ്ചില്‍ നാലര വരെ(4.5/5) റേറ്റിങ് നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: