മലപ്പുറം: പൗരത്വ നിയമത്തിനെതിരെ സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും തീവ്ര മുസ്ലിം സംഘടനകളും നടത്തുന്ന കള്ളപ്രചരണങ്ങള്‍ പൊതുജനമധ്യത്തില്‍ തുറന്നുകാട്ടാന്‍ ബിജെപി സംഘടിപ്പിക്കുന്ന ജനജാഗ്രതാ സമ്മേളനങ്ങള്‍ വിജയം കാണുന്നു. നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പൊതുസമ്മേളനങ്ങളിലും ഗൃഹസമ്പര്‍ക്കത്തിനും ഓരോ ദിവസവും ജനപിന്തുണയേറുകയാണ്. മുസ്ലിം മതവിശ്വാസികളടക്കം സത്യം മനസ്സിലാക്കി തുടങ്ങിയതോടെ എതിരാളികള്‍ പുതിയ തന്ത്രവുമായി രംഗത്തെത്തി. ജനജാഗ്രതാ സമ്മേളനം നടക്കുന്ന പ്രദേശത്ത് അപ്രതീക്ഷിത ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയാണ് ചിലര്‍. സമൂഹമാധ്യമങ്ങളിലൂടെ കടകളടച്ചിടാനും ബസ് സര്‍വീസടക്കം നിര്‍ത്തിവയ്ക്കാനുമാണ് ഇവര്‍ ആഹ്വാനം ചെയ്യുന്നത്. മലപ്പുറം ജില്ലയിലാണ് വ്യാപകമായി ഇത്തരം ‘നാഥനില്ലാ ഹര്‍ത്താല്‍’ അരങ്ങേറുന്നത്.
കഴിഞ്ഞ ദിവസം താനൂരിലും തിരൂരിലും ഇത്തരം ഹര്‍ത്താലുകള്‍ നടന്നെങ്കിലും ആയിരക്കണക്കിനു പേരാണ് ബിജെപിയുടെ പരിപാടിക്കെത്തിയത്. ഇന്നലെ വണ്ടൂരിലും സമാനരീതിയില്‍ ഹര്‍ത്താല്‍ നടന്നു. എന്നാല്‍, ഇത്തരമൊരു സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും ബസ് ഉടമകളും പറയുന്നു. ഭീഷണിക്ക് വഴങ്ങിയാണ് കച്ചവടക്കാരും ബസ് ജീവനക്കാരും ഇതില്‍ പങ്കെടുക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയ്ക്ക് പുറമെ ജനകീയ കൂട്ടായ്മയെന്ന വ്യാജേന ചിലര്‍ നോട്ടീസുകളും വിതരണം ചെയ്യുന്നു. അടിമുടി വര്‍ഗീയത നിറഞ്ഞതാണ് ഈ നോട്ടീസ്. പൗരത്വ നിയമത്തിന്റെ മറവില്‍ രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ സംയുക്തമായാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. ബിജെപി വിളിച്ചു പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ കേള്‍ക്കരുതെന്ന ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്ക്. എന്നാല്‍, ഹര്‍ത്താലിന്റെയും നിസഹകരണത്തിന്റെയും ഉത്തരവാദിത്വമേറ്റെടുക്കാന്‍ ആരും തയാറാകുന്നില്ലെന്നതാണ് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: