കൊച്ചി: ലൗ ജിഹാദ് സംബന്ധിച്ച് വിശദവിവരം നല്‍കാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കേരള പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ സിറോ മലബാര്‍ സഭ സിനഡ് പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ വിശദ വിവരം 21 ദിവസത്തിനുള്ളില്‍ നല്‍കാനാണ് നിര്‍ദേശം.
സംസ്ഥാനത്ത് ലവ് ജിഹാദ് ഉണ്ടെന്നും അത് ശക്തമാണെന്നും, ക്രിസ്തീയ വിഭാഗത്തില്‍ പെട്ട ഡസനിലേറെ പേര്‍ ഇങ്ങനെ നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യപ്പെട്ട് ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നെന്നും സിറോ മലബാര്‍ സഭാ സിനഡ് പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞിരുന്നു. ഇത് ഉദ്ധരിച്ചാണ് ന്യൂനപക്ഷ കമ്മീഷന്‍ കേരള പോലീസ്മേധാവിക്ക് കത്തയച്ചത്. ലൗ ജിഹാദ് നടപ്പാക്കുന്ന ഭീകര സംഘടനയ്‌ക്കെതിരേ കര്‍ശന നടപടിയെടുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന പ്രമേയത്തിലെ വിവരവും കത്തില്‍ ചേര്‍ത്തിട്ടുണ്ട്.
ഇരുപത്തിയൊന്ന് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എന്‍സിഎം ആക്ട് 1992 പ്രകാരം നടപടിയെടുക്കുമെന്നും കമ്മീഷന്‍ പോലീസ് മേധാവിയെ ഓര്‍മിപ്പിക്കുന്നു. ഈ നിയമ പ്രകാരം മറുപടി വൈകിയാല്‍, പോലീസ് മേധാവിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ കമ്മീഷന് അധികാരമുണ്ട്. കമ്മീഷനു വേണ്ടി അണ്ടര്‍ സെക്രട്ടറി എ. സെന്‍ ഗുപ്താണ് ജനുവരി 16ന് കത്തയച്ചത്.

















