ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശനമടക്കം ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ ഏതൊക്കെയെന്ന് ക്രോഡീകരിക്കാനുള്ള ചുമതല മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിക്ക്. പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന അഭിഭാഷകരുടെ യോഗമാണ് ഗിരിയെ ചുമതലപ്പെടുത്തിയത്. പരിശോധിക്കേണ്ട വിഷയങ്ങളില്‍ കൃത്യത വരുത്താന്‍ തിങ്കളാഴ്ച ചേര്‍ന്ന ഒന്‍പതംഗ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
ഇരുഭാഗത്തിനും വാദിക്കാനായി പത്തു ദിവസം നല്‍കാനുള്ള പ്രാഥമിക ധാരണയാണ് യോഗത്തിലുണ്ടായത്. ഓരോ ദിവസം വീതം മറുപടിക്കായും ലഭിക്കും. ആകെ 23 ദിവസം നീണ്ടുനില്‍ക്കുന്ന വാദം കേള്‍ക്കലാകുമുണ്ടാവുക. എന്നാല്‍ തനിക്ക് മൂന്നാഴ്ചയെങ്കിലും വാദിക്കാനുണ്ടാവുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത യോഗത്തില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന് വേണ്ടിയാണ് തുഷാര്‍ മേത്ത ഹാജരാകുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന തുഷാര്‍ മേത്തയ്‌ക്ക് വാദത്തിന് സമയപരിധി ബാധകമല്ല. ഫാലി എസ്. നരിമാനും വാദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആര്‍ക്കു വേണ്ടിയാകുമെന്ന് ഇനിയും അറിഞ്ഞിട്ടില്ല. മകനും സുപ്രീംകോടതി ജഡ്ജിയുമായ റോഹിങ്ടണ്‍ നരിമാന്‍ പുരോഹിതന്‍ കൂടിയായ പാഴ്‌സി സമുദായത്തിന് വേണ്ടിയാകുമെന്ന് സൂചനകളുണ്ട്. മുന്‍ അറ്റോര്‍ണി ജനറല്‍ പരാശരന്റെ വാദത്തോടെയാകും ഒന്‍പതംഗ ബെഞ്ചിലെ വാദം ആരംഭിക്കാന്‍ സാധ്യത. എന്‍എസ്എസിന് വേണ്ടിയാണ് അദ്ദേഹം ഹാജരാകുന്നത്.
വിശാല ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങളില്‍ അടുത്ത ദിവസം മുതിര്‍ന്ന അഭിഭാഷകര്‍ വീണ്ടും യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും. ശബരിമലയിലെ യുവതീ പ്രവേശനം, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, പാഴ്‌സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം, ദാവൂദി ബോറ വിഭാഗങ്ങളിലെ ചേലാകര്‍മ്മം തുടങ്ങിയവയെല്ലാം വാദത്തിനിടയിലെ വിഷയങ്ങളായി ഉയരുമെന്നുറപ്പ്. എന്നാല്‍, ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും ലിംഗസമത്വവും തമ്മില്‍ ഭിന്നതയുണ്ടായാല്‍ സ്വീകരിക്കേണ്ട നിലപാടെന്താവണം തുടങ്ങി ഏഴോളം പ്രധാന ഘടകങ്ങളിന്മേലാണ് വാദം നടത്താന്‍ കോടതി നിശ്ചയിച്ചത്.
















