അങ്ങനെ നിയമ പോരാട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ആ അധ്യായം അവസാനിച്ചു. കേരളം ഏറെ ചര്‍ച്ച ചെയ്ത കൊച്ചി മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിലംപതിച്ചു. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കിടയില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ളാറ്റുകള്‍ തകര്‍ത്ത് തരിപ്പണമാക്കിയതോടെ സുപ്രീംകോടതി വിധി നടപ്പാക്കിയ ചാരിതാര്‍ഥ്യത്തില്‍ സര്‍ക്കാരിനും ആശ്വാസത്തോടെ നെടുവീര്‍പ്പിടാം. മരടിലെ കായലോരം കയ്യേറി തീരദേശനിയമം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മിച്ചതാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്. ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന ഉത്തമബോധ്യമുണ്ടായിരുന്നിട്ടുപോലും ഈ കയ്യേറ്റത്തിന് ഇവിടത്തെ അധികാരി വര്‍ഗവും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമെല്ലാം ഒത്താശ നല്‍കുകയായിരുന്നുവെന്ന കയ്ക്കുന്ന സത്യം ഇപ്പോഴും ബാക്കി.
മരടിലെ ഫ്ളാറ്റ് പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി ഉത്തരവ് വന്നപ്പോള്‍ തന്നെ ഫ്ളാറ്റ് നടത്തിപ്പുകാരെയും ഒഴിയേണ്ടി വരുന്ന കുടുംബങ്ങളെയും ആശ്വസിപ്പിക്കാന്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയനേതാക്കളൊക്കെയും പാഞ്ഞെത്തിയ കാഴ്ച നമുക്ക് മറക്കാനാവില്ല. ഫ്ളാറ്റ് പൊളിക്കാതിരിക്കാനുള്ള സകല രാഷ്ട്രീയ അടവുകളും അവര്‍ പയറ്റിയെങ്കിലും കോടതി തുടര്‍ന്നും ശക്തമായി ഇടപെട്ടുകൊണ്ടിരുന്നതോടെ കോടതി വിധി നടപ്പാക്കുക എന്നതിനപ്പുറം തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്ന തിരിച്ചറിവില്‍ ഭരണകൂടം എത്തിപ്പെടുകയായിരുന്നു.
മരട് ഫ്ളാറ്റ് നാമാവശേഷമാക്കിയതോടെ കേരളത്തിലെ കയ്യേറ്റ മാഫിയ്ക്ക് കനത്ത തിരിച്ചടി ലഭിച്ചുവെന്ന തരത്തിലുള്ള വാഴ്ത്തുപാട്ടുകള്‍ എങ്ങും മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. മാഫിയകള്‍ക്ക് ഇതൊരു പാഠമാണെന്ന വിധത്തിലുള്ള വാര്‍ത്താധിഷ്ഠിത വിശകലനങ്ങള്‍ക്കും കുറവൊന്നുമില്ല. പക്ഷേ അപ്പോഴും നടുക്കുന്ന ആ യാഥാര്‍ഥ്യം പരിസ്ഥിതി സംരക്ഷണം ആഗ്രഹിക്കുന്നവരുടെ മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ മരടിലെ കയ്യേറ്റ മാഫിയകളെക്കാള്‍ ഭരണത്തിലും രാഷ്ട്രീയത്തിലും സ്വാധീനമുള്ള വമ്പന്‍ മാഫിയ സംഘങ്ങള്‍ നിയമത്തിന്റെ യാതൊരുതരത്തിലുമുള്ള അലട്ടലുമില്ലാതെ ഇന്നും സസുഖം വാഴുകയാണ്. ഇവര്‍ പോറലൊന്നുമേല്ക്കാതെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ചിറകുകള്‍ക്കടിയില്‍ സുരക്ഷിതത്വത്തിന്റെ ചൂട് അനുഭവിച്ച് മുന്നോട്ടുപോകുന്നു. നിയമസംവിധാനങ്ങളെ വരുതിയിലാക്കിയും കോടതികളെ തെറ്റിദ്ധരിപ്പിച്ചും, കോടതികളെ ഭീഷണിപ്പെടുത്തിയുമെല്ലാം ഈ മാഫിയകള്‍ തങ്ങളുടെ തേര്‍വാഴ്ചകള്‍ അഭംഗുരം തുടരുന്നു. കാലങ്ങളായി കേരളത്തിലെ തീരദേശങ്ങളിലെയും മറ്റും സര്‍ക്കാര്‍ ഭൂമി ഭരണത്തിലെ പിടിപാടുപയോഗിച്ച് വ്യാപകമായി കയ്യേറി റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തുകയും അതുവഴി കോടികള്‍ സമ്പാദിക്കുകയും ചെയ്യുന്ന പ്രമാണിമാര്‍ സംസ്ഥാനത്തെ ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികളെയൊക്കെയും വിലയ്ക്കെടുത്തു കഴിഞ്ഞു.
തീരദേശ പരിപാലന നിയമം ലംഘിച്ചുകൊണ്ട് സംസ്ഥാനത്ത് ഇരുപതിനായിരത്തിലേറെ അനധികൃത കെട്ടിടങ്ങളുണ്ടെന്നാണ് കണക്ക്. പ്രമുഖ വ്യവസായികളായ രവി പിള്ളയുടെയും യൂസഫലിയുടെയും പഞ്ചനക്ഷത്ര രമ്യഹര്‍മ്യങ്ങള്‍ വരെ തീരദേശ നിയമ ലംഘനം നടത്തിയുള്ള നിര്‍മാണങ്ങളില്‍ ഉള്‍പ്പെടുമെന്നാണറിയുന്നത്. രവി പിള്ളയും യൂസഫലിയും കേരളം ഭരിക്കുന്നവര്‍ക്ക് വേണ്ടപ്പെട്ടവരാണ്. മാറി മാറിവരുന്ന സംസ്ഥാന ഭരണകൂടങ്ങള്‍ എങ്ങനെ ഭരണം മുന്നോട്ടുകൊണ്ടുപോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും രവി പിള്ളയും യൂസഫലിയും അടക്കമുള്ള കേരളത്തിലെ കോര്‍പ്പറേറ്റ് ശക്തികള്‍ നേടിയെടുത്തിട്ടുണ്ട്. കോടികള്‍ വാരിയെറിഞ്ഞ് ഇത്തരക്കാര്ഫ്ളാറ്റുകളും റിസോര്‍ട്ടുകളും ഹോട്ടലുകളും നിയമവിരുദ്ധമായി നിര്‍മിക്കുമ്പോള്‍ കോഴകള്‍ വാങ്ങി ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ യാതൊരു എതിര്‍പ്പുമില്ലാതെ അനുമതി നല്കുന്നു. സാമ്പത്തികനേട്ടമുള്ളതിനാല് ഭരിക്കുന്നവര്‍ക്കും ഇതിലൊന്നും പരാതിയില്ല. എന്നാല്‍ സ്വാധീനമില്ലാത്തവരുടെ ചെറുകിട കയ്യേറ്റങ്ങള്‍ വന്‍ യുദ്ധസന്നാഹങ്ങളോടെ ഒഴിപ്പിക്കുകയും ചെയ്യും.
വന്‍കിട ഫ്ളാറ്റ് നിര്‍മാതാക്കളായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഫ്ളാറ്റുകള്‍ കയ്യേറ്റഭൂമിയിലാണെന്ന വിവരവും ഇതിനിടെയില്‍ പുറത്തുവന്നിരിക്കുകയാണ്. ഈയിടെ അന്തരിച്ച ഒരു മുന്മന്ത്രിക്കെതിരെ കായല്‍ കയ്യേറ്റം സംബന്ധിച്ച് ഉയര്‍ന്ന അന്വേഷണങ്ങളെക്കുറിച്ചും മന്ത്രിയെ സംരക്ഷിക്കാന്‍ ഭരണം നയിക്കുന്നവര്‍ നടത്തിയ പെടാപ്പാടുകളെക്കുറിച്ചും ഒടുവില്‍ ഗത്യന്തരമില്ലാതെ ആരോപണവിധേയന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നതിനെക്കുറിച്ചും ആരും മറന്നുകാണാനിടയില്ല. ആലപ്പുഴ ജില്ലയിലെ മാര്‍ത്താണ്ഡം കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മിച്ച ആ മന്ത്രി ഭരിക്കുന്നവര്‍ക്ക് വേണ്ടപ്പെട്ട ആളായിരുന്നു. ഭരണം നടത്തുന്ന മുന്നണിയിലെ ചെറുകക്ഷിയുടെ നേതാവായിരുന്നുവെങ്കിലും അളവറ്റ ധനത്തിന് ഉടമയായതിനാല്‍ അധികാരിവര്‍ഗത്തിന് വലിയവനും പ്രിയപ്പെട്ടവനുമായിരുന്നു.
അതുകൊണ്ട് ഇദ്ദേഹം നടത്തിയ നിയമലംഘനങ്ങളോട് കണ്ണടയ്ക്കുന്ന സമീപനമായിരുന്നു ഭരണകര്‍ത്താക്കള്‍ക്ക്. മാത്രമല്ല നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തി മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും ഈ മന്ത്രിക്കെതിരെ അന്വേഷണം നടന്നു. പ്രതിപക്ഷം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധമുയര്‍ത്തിയപ്പോള്‍ നടപടിയെടുക്കുന്നതിന് പകരം അതൊക്കെ രാഷ്ട്രീയപ്രേരിത ആരോപണമെന്നുപറഞ്ഞ് ഭരണപക്ഷം പുച്ഛിച്ചുതള്ളി. മന്ത്രി കയ്യേറ്റം നടത്തിയതിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജില്ലാ കളക്ടറെ ക്രൂശിക്കാനും സ്ഥലംമാറ്റാനുമാണ് അധികാരികള്‍ തയ്യാറായത്. കായലുകളും പുഴകളും വയലുകളും അടക്കമുള്ള പ്രകൃതി സമ്പത്തുകള്‍ തീരപരിപാലന നിയമപ്രകാരം സംരക്ഷിക്കാനും നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കാനും ബാധ്യതപ്പെട്ടവര്‍ തന്നെ ഇത്തരം കൊള്ളകള്‍ക്ക് കൂട്ടുനില്‍ക്കുന്ന ദുരന്തത്തിന് കേരളീയര്‍ മൂകസാക്ഷികളായി. അവസാനം കോടതിയുടെ ഇടപെടല്‍ ഉണ്ടായതോടെയാണ് മന്ത്രിക്ക് സ്ഥാനം ഒഴിയേണ്ടിവന്നത്.
നിലവില്‍ ഭരണപക്ഷത്തെ മറ്റൊരു ജനപ്രതിനിധി റവന്യൂ ഭൂമി കയ്യേറിയതുസംബന്ധിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറി വാട്ടര്‍തീം പാര്‍ക്കും ചെക്ക് ഡാമും നിര്‍മ്മിച്ചുവെന്നാണ് മലപ്പുറത്തെ എംഎല്‍എ പി.വി. അന്‍വറിനെക്കുറിച്ചുള്ള ആരോപണം. ഇവിടെ മാറിമാറിവരുന്ന കളക്ടര്‍മാര്‍ എംഎല് എയുടെ അനധികൃത നിര്‍മിതികള്‍ക്കെതിരെ റിപ്പോര്‍ട്ടു നല്കുമ്പോഴും ഭരണസ്വാധീനം ഉപയോഗിച്ച് ആ റിപ്പോര്‍ട്ടുകളെല്ലാം മുക്കാന്‍ ഭരണസിരാകേന്ദ്രങ്ങളില്‍ ആളുകളുണ്ട്. കഴിഞ്ഞ ഭരണകാലത്ത് പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയുമായി അന്ന് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന് ബന്ധമുണ്ടെന്ന് ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിജിലന്‍സ് സംഘമാണ് കണ്ടെത്തിയത്. എന്നാല്‍ ഈ അഴിമതിക്കേസിലും ഉദ്യോഗസ്ഥരെ മാത്രം പ്രതികളാക്കി ആരോപണവിധേയനായ മുന്മന്ത്രിയെ രക്ഷിക്കാന്‍ ഈ ഭരണത്തിലും ശ്രമം നടക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അഴിമതിയുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്ന ചില ഒത്തുകളികളുടെ ഭാഗം തന്നെയാണ് പാലാരിവട്ടം അഴിമതിയിലും അരങ്ങേറുന്നതെന്നാണ് നഷ്പക്ഷമതികളുടെ വിലയിരുത്തല്‍. ഏതുഭരണം വന്നാലും മാഫിയകള്‍ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് നിയമലംഘനങ്ങള്‍ നിര്
ബാധം തുടരുമ്പോള്‍ അധികാരവും നിയമവും നോക്കുകുത്തികളായി മാറുകയാണ് ചെയ്യാറുള്ളത്. മരടിലെ ഫ്ളാറ്റ് മാഫിയകള്‍ അവരുടെ സമയദോഷം കൊണ്ട് വെട്ടിലായെന്നുമാത്രം. എന്നാല്‍ ഫ്ളാറ്റ് നിര്‍മിച്ചവരെ മാത്രം ഉത്തരവാദികളാക്കി ഈ കേസ് അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്. ഇതിന് അനുമതി നല്കിയ മരട് നഗരസഭാധികൃതര്‍ക്കും കൂട്ടുനിന്ന രാഷ്ട്രീയ നേതാക്കള്‍ക്കും എല്ലാമറിഞ്ഞിട്ടും മൗനം പാലിച്ച കേരളസര്‍ക്കാരിനും ഈ അവിഹിത കച്ചവടത്തില്‍ തുല്യപങ്കാളിത്തമുണ്ട്. കായലിനെ വെട്ടിമുറിച്ച് നടത്തിയ നഗ്നമായ നിയമലംഘനത്തിന് കുടപിടിച്ച സര്‍ക്കാര്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞതോടെ നിഷ്കളങ്കത അഭിനയിച്ച് നിയമം നടപ്പാക്കിയ നല്ലപിള്ളമാരായി അഭിനയിക്കുകയാണ്. സുപ്രീംകോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ മരടിലെ കായല്‍ കയ്യേറ്റത്തിനുള്ള ഒത്താശ സര്‍ക്കാര്‍ തുടര്ന്നുപോകുമായിരുന്നുവെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. കൊച്ചിയിലെ തന്നെ ചിലവന്നൂര്‍ കായലോരത്തും വ്യാപകമായ കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ട്. ഇവിടെ നടക്കുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായിട്ടില്ല. ചിലവന്നൂര്‍ കായലിന്റെ വലിയൊരു ഭാഗം മണ്ണിട്ട് നികത്തിയതാണ് കഴിഞ്ഞ കാലവര്‍ഷത്തില്‍ കൊച്ചിനഗരത്തില്‍ വെള്ളപ്പൊക്കത്തിന് കാരണമായത്. അഞ്ഞൂറ് മീറ്ററോളം ഉണ്ടായിരുന്ന ഈ കായലിന്റെ വീതി ഇപ്പോള്‍ 150 മീറ്റര്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. വെള്ളപ്പൊക്കം കാരണം നഗരത്തിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന വിവരം അറിഞ്ഞതോടെ കൊച്ചി കോര്പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. മൂന്നാറിലും സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ കയ്യേറിയാണ് റിസോര്‍ട്ടുകളും മറ്റ് കെട്ടിടങ്ങളും പണിതത്. വി.എസ് സര്‍ക്കാരിന്റെ കാലത്ത് ചില അനധികൃത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കിയെങ്കിലും രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് പൊടുന്നനെ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ ഭാഗങ്ങളിലും കായലുകളും പുഴകളും മറ്റ് ജലാശയങ്ങളും നികത്തിയുള്ള അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. വയലുകളും തണ്ണീര്‍ തടങ്ങളും കുന്നുകളും കയ്യേറിയുള്ള നിയമലംഘനങ്ങള്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശയോടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ അധികാരം ഉപയോഗിച്ച് ഗ്രാമങ്ങളിലും നഗരങ്ങളിലും അനധികൃത കെട്ടിടസമുച്ചയങ്ങള്‍ക്ക് അനുമതി നല്കുന്നു.
പ്രാദേശിക ഭരണകൂടങ്ങളെ നയിക്കുന്നവര്‍ക്ക് കോഴ നല്‍കിയാണ് ഭൂമിയെയും പരിസ്ഥിതിയെയും ധ്വംസനം ചെയ്യുന്ന കയ്യേറ്റങ്ങള്‍ നടമാടുന്നത്. ഇതിന്റെയൊക്കെ കണക്കെടുപ്പ് നടത്തിയാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാകും പുറത്തുവരിക. പ്രളയത്തിനും ഭൂകമ്പത്തിനും വരള്‍ച്ചക്കും ഒക്കെ കാരണമാകുകയും പ്രകൃതിയുടെ ആവാസവ്യവസ്ഥയെ ഹനിക്കുകയും ചെയ്യുന്ന അനീതികള്‍ കേവലം താത്ക്കാലികമായ സാമ്പത്തിക-ഭൗതികസൗകര്യങ്ങള് വര്‍ധിപ്പിക്കാന്‍ വേണ്ടി ഇനിയും കണ്ടില്ലെന്ന് നടിച്ചാല്‍ മനുഷ്യര്‍ അടക്കമുള്ള ജീവികള്‍ക്ക് നിലനില്ക്കാന് ഈ കേരളം തന്നെ ബാക്കിയുണ്ടാകണമെന്നില്ല. കഴിഞ്ഞ വര്‍ഷവും അതിന് മുമ്പത്തെ വര്‍ഷവും ഒട്ടേറെ മനുഷ്യര്‍ക്ക് ജീവന് നഷ്ടപ്പെടുകയും വന്‍കെടുതികള്‍ വരുത്തിവെക്കുകയും ചെയ്ത പ്രളയങ്ങള്‍ നല്കിയ പാഠങ്ങള്‍ നാം കാണാതെ പോകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: